നിരോധനമല്ല, നിയന്ത്രണം മതി; ബൈക്ക് ടാക്സികൾക്കെതിരായ കർണാടകയുടെ അപ്പീൽ തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: ബൈക്ക് ടാക്സികൾക്കെതിരായ കർണാടക സർക്കാരിന്റെ അപ്പീൽ സുപ്രീം കോടതി തള്ളി. ബൈക്ക് ടാക്സികളെ പൊതുഗതാഗതമായി അനുവദിച്ച കർണാടക ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീലാണ് സുപ്രീം കോടതി തള്ളിയത്. ഇതോടെ സംസ്ഥാനത്ത് ഇരുചക്രവാഹന ടാക്സി സേവനങ്ങൾ നടത്തുന്നതിനുള്ള തടസ്സങ്ങൾ നീങ്ങി. സമ്പൂർണ നിരോധനത്തേക്കാൾ നല്ലത് കൃത്യമായ നിയന്ത്രണങ്ങളാണ് എന്ന് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഓട്ടോറിക്ഷകളെയും ക്യാബുകളെയും അപേക്ഷിച്ച് യാത്രാനിരക്കിൽ വലിയ വ്യത്യാസമുള്ളതിനാൽ തന്റെ ഓഫീസിലെ ജീവനക്കാർ പോലും യാത്രയ്ക്കായി ബൈക്ക് ടാക്സികളെയാണ് ആശ്രയിക്കുന്നതെന്ന് ജഡ്ജി പറഞ്ഞു. ജിപിഎസ് സൗകര്യമുള്ള ബൈക്ക് ടാക്സികൾ സ്ത്രീകൾക്ക് കൂടുതൽ സുരക്ഷിതമാണെന്നും രാജ്യത്തെ 25 സംസ്ഥാനങ്ങളിൽ നിലവിൽ ഇരുചക്രവാഹന ടാക്സികൾ പ്രവർത്തിക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
മോട്ടോർ സൈക്കിളുകളുടെ സുരക്ഷാ മാനദണ്ഡങ്ങൾ കുറവാണെന്നും അപകടമരണ നിരക്ക് കൂടുതലായതിനാൽ അവ പൊതുഗതാഗതത്തിന് അനുയോജ്യമല്ലെന്നുമായിരുന്നു കർണാടക സർക്കാരിന്റെ നിലപാട്. ഇരുചക്രവാഹനങ്ങൾ ടാക്സിയായി ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണം പൊതുതാൽപ്പര്യം മുൻനിർത്തിയുള്ളതാണെന്ന് സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ സഞ്ചിത് ഗാർഗ വാദിച്ചു.
മോട്ടോർ സൈക്കിളുകളുടെ വാണിജ്യ ഉപയോഗം പൂർണമായി നിരോധിച്ചിട്ടില്ലെന്നും യാത്രക്കാരെ കൊണ്ടുപോകുന്നതിന് മാത്രമാണ് നിയന്ത്രണമുള്ളതെന്നും സർക്കാർ വ്യക്തമാക്കി. ബൈക്ക് ടാക്സികൾക്കായി സർക്കാർ നയം രൂപീകരിക്കുന്നത് വരെ അവയുടെ പ്രവർത്തനം നിർത്തിവെക്കാൻ കഴിഞ്ഞ വർഷം ഏപ്രിലിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു.
എന്നാൽ 2026 ജനുവരിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് റദ്ദാക്കി. 1988ലെ മോട്ടോർ വാഹന നിയമപ്രകാരം മോട്ടോർ സൈക്കിളുകൾ 'ട്രാൻസ്‌പോർട്ട് വെഹിക്കിൾ' വിഭാഗത്തിൽ വരുമെന്നും ടാക്സി പെർമിറ്റിനുള്ള അപേക്ഷകൾ അനുഭാവപൂർവ്വം പരിഗണിക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചിരുന്നു. ഹൈക്കോടതി വിധി, പെർമിറ്റ് നൽകുന്നതിനുള്ള സർക്കാരിന്റെ വിവേചനാധികാരം ഇല്ലാതാക്കുന്നുവെന്നും മോട്ടോർ വാഹന നിയമത്തിലെ നിർവചനങ്ങൾ തെറ്റായി വ്യാഖ്യാനിച്ചുവെന്നും ആരോപിച്ചാണ് കർണാടക സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.








0 comments