ഇടമലക്കുടി പഞ്ചായത്ത് അടച്ചുപൂട്ടിയത് ആദിവാസി സമൂഹത്തോട് യുഡിഎഫ് പുലർത്തുന്ന അവഗണനയുടെ നേർചിത്രം: പിണറായി

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ ഗ്രാമപഞ്ചായത്തായ ഇടമലക്കുടി ഗ്രാമ പഞ്ചായത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അടച്ചുപൂട്ടേണ്ടിവന്ന സാഹചര്യം അങ്ങേയറ്റം ഗൗരവകരമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ആദിവാസി സമൂഹത്തോടും അധികാര വികേന്ദ്രീകരണ പ്രക്രിയയോടും യുഡിഎഫ് സർക്കാർ പുലർത്തുന്ന കടുത്ത അവഗണനയുടെയും നിസ്സംഗതയുടെയും നേർചിത്രമാണ് ഇടമലക്കുടിയിൽ നിന്നും പുറത്തുവരുന്നത്.
കഴിഞ്ഞ ആറുമാസമായി പഞ്ചായത്തിലെ ജീവനക്കാർക്ക് ശമ്പളവും ജനപ്രതിനിധികൾക്ക് ഓണറേറിയവും മുടങ്ങിയിരിക്കുകയാണ്. അടിസ്ഥാന സൗകര്യ വികസനവും ക്ഷേമപ്രവർത്തനങ്ങളും പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലുമാണ്. തനത് വരുമാനമാർഗങ്ങളൊന്നുമില്ലാത്ത ഇടമലക്കുടി പഞ്ചായത്ത് പൂർണ്ണമായും സർക്കാർ ഗ്രാന്റുകളെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. 26 ആദിവാസി ഉന്നതികൾ ഉൾപ്പെടുന്ന പഞ്ചായത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ടുപോകാൻ പ്രതിവർഷം 1.22 കോടി രൂപയെങ്കിലും ആവശ്യമാണെന്നിരിക്കെ, ജനറൽ പർപ്പസ് ഫണ്ട് തന്നെ 87,700 രൂപയാക്കി വെട്ടിക്കുറച്ച നിലയിലാണ്. പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ ചേർത്തുപിടിക്കേണ്ട സർക്കാർ തന്നെ അവരെ കൈവിടുന്ന സമീപനമാണ് സ്വീകരിക്കുന്നത്.
പ്രത്യേക ഗ്രാന്റ് അനുവദിക്കണമെന്നും ജനറൽ പർപ്പസ് ഫണ്ട് പുനഃസ്ഥാപിക്കണമെന്നുമുള്ള പഞ്ചായത്തിന്റെ ആവശ്യങ്ങളോട് മുഖംതിരിച്ചു നിൽക്കുന്ന തദ്ദേശസ്വയംഭരണ വകുപ്പിന്റെ നിലപാട് ഗോത്രവർഗ ജനതയോടുള്ള വെല്ലുവിളിയാണ്. വിഷയത്തിലിടപെടാൻ തയ്യാറാകാത്ത മുഖ്യമന്ത്രിയുടെ നടപടിയും നീതീകരിക്കാനാവാത്തതാണ്. ഇടമലക്കുടി പഞ്ചായത്തിന് ആവശ്യമായ ഫണ്ട് ഉടൻ അനുവദിക്കാനും ജീവനക്കാരുടെ ശമ്പളവും ജനപ്രതിനിധികളുടെ ഓണറേറിയവും കുടിശ്ശികയടക്കം വിതരണം ചെയ്യാനും പഞ്ചായത്ത് ഓഫീസിന്റെ പ്രവർത്തനം പുനഃസ്ഥാപിക്കാനും സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.








0 comments