കോൺഗ്രസിനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് പത്മജ

തിരുവനന്തപുരം: കോൺഗ്രസിനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് പത്മജ വേണുഗോപാൽ. അന്ന് ഞാൻ എടുത്ത തീരുമാനം കെ. കരുണാകരൻ എന്ന വ്യക്തിയെയും എന്നെയും സ്നേഹിച്ച നിരവധി കോൺഗ്രസ് പ്രവർത്തകർക്ക് ആഴത്തിൽ മുറിവേൽപ്പിച്ചു എന്ന തിരിച്ചറിവിലാണ് ഒരു മടങ്ങി വരവിന് ഞാൻ തയ്യാറെടുത്തത്. ഓരോ കോൺഗ്രസ് പ്രവർത്തകനും പ്രസ്ഥാനത്തിനും ഏറ്റ മുറിവിന് ഹൃദയത്തിന്റെ ഭാഷയിൽ എല്ലാവരോടും ക്ഷമ ചോദിക്കുന്നുവെന്ന് പത്മജ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
വികാരപരമായ ഒരു നിമിഷത്തിൽ ഞാൻ എടുത്ത തെറ്റായ തീരുമാനമായിരുന്നു ബിജെപി പ്രവേശനം എന്ന് രാജിവെച്ച വേളയിൽ ഞാൻ പറഞ്ഞത് ഹൃദയത്തിന്റെ ഭാഷയിലാണ്. അന്ന് ഞാൻ എടുത്ത തീരുമാനം കെ. കരുണാകരൻ എന്ന വ്യക്തിയെയും എന്നെയും സ്നേഹിച്ച നിരവധി കോൺഗ്രസ് പ്രവർത്തകർക്ക് ആഴത്തിൽ മുറിവേൽപ്പിച്ചു എന്ന തിരിച്ചറിവിലാണ് ഒരു മടങ്ങി വരവിന് ഞാൻ തയ്യാറെടുത്തത്. ഏതെങ്കിലും ഒരു പദവി മോഹിച്ചല്ല മറിച്ച് ഒരു കോൺഗ്രസ്സുകാരിയായി മാറണം എന്നത് മാത്രമാണ് എന്റെ മനസ്സിലുള്ളത്. പല ഭാഗങ്ങളിൽ നിന്നും ഉള്ള കോൺഗ്രസ് പ്രവർത്തകരുടെ വിമർശനങ്ങൾ പൂർണ്ണമായും ഉൾക്കൊള്ളുകയും ഓരോ കോൺഗ്രസ് പ്രവർത്തകനും പ്രസ്ഥാനത്തിനും ഏറ്റ മുറിവിന് ഹൃദയത്തിന്റെ ഭാഷയിൽ എല്ലാവരോടും ക്ഷമാപണം നടത്തുവാനും ഈ അവസരം ഞാൻ വിനിയോഗിക്കുകയാണ്. അടുത്ത മാസം അച്ഛന്റെ ചരമ വാർഷിക വേളയിൽ എന്റെ പ്രിയപ്പെട്ട കോൺഗ്രസ് പ്രവർത്തകർക്കൊപ്പം അച്ഛന്റെ സ്മൃതി കുടീരത്തിൽ ആദരവ് അർപ്പിക്കുക മാത്രമാണ് എന്റെ മുന്നിലുള്ള ലക്ഷ്യം.








0 comments