പത്തനംതിട്ടയിൽ സ്വകാര്യ ഫാമിലെ മാലിന്യ ടാങ്കിൽ വീണ കാട്ടുപോത്തിനെ രക്ഷപ്പെടുത്തി

മാലിന്യക്കുഴി തകർത്ത് കാട്ടുപോത്തിനെ പുറത്ത് എത്തിച്ചപ്പോൾ (ഇടത്) കുഴിയിൽ വീണ കാട്ടുപോത്ത് (വലത്)| Photo: Screengrab
പത്തനംതിട്ട : മണിയാർ ചിറ്റാർ ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡിൽ ജനവാസമേഖലയിലെ മാലിന്യക്കുഴിയിൽ വീണ കാട്ടുപോത്തിനെ രക്ഷപ്പെടുത്തി കാട്ടിലേക്ക് തുറന്നുവിട്ടു. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതും അഞ്ച് വർഷം മുൻപ് പ്രവർത്തനം നിലച്ചതുമായ പന്നിഫാമിനോട് ചേർന്നുള്ള മാലിന്യക്കുഴിയിലാണ് ഇന്നലെ രാത്രി കാട്ടുപോത്ത് വീണത്.
കുഴിയുടെ മൂടി തകർത്താണ് കാട്ടുപോത്ത് ഉള്ളിലേക്ക് വീണത്. വടശ്ശേരിക്കര റേഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥരും ഫയർഫോഴ്സും പൊലീസും ചേർന്ന് മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം നടത്തി. ജെസിബി ഉപയോഗിച്ച് കുഴിയിലേക്ക് മണ്ണിട്ട് പാതയൊരുക്കിയ ശേഷമാണ് കാട്ടുപോത്തിനെ സുരക്ഷിതമായി പുറത്തെത്തിച്ചത്.
പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് കാട്ടുപോത്തിനെ തുറന്നുവിട്ടത്. രക്ഷാപ്രവർത്തനത്തിന് പിന്നാലെ അപകടസാധ്യത ഒഴിവാക്കാൻ മാലിന്യക്കുഴി പൂർണമായും മണ്ണിട്ട് മൂടി. പ്രദേശത്ത് വന്യജീവി ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.








0 comments