Deshabhimani

കഥ

അനുകമ്പയുള്ള ഒരു പോലീസുകാരന്റെ രഹസ്യം

പടം
avatar
അന്‍സിഫ് അബു

Published on Nov 21, 2026, 01:01 PM | 10 min read

​ഞങ്ങളുടെ ചെറുപട്ടണത്തില്‍ മാതളനാരകം പൂവിട്ട് തുടങ്ങിയ ദിവസങ്ങളിലൊന്നിലായിരുന്നു വീട്ടിലേക്കുള്ള ഇത്തവണത്തെ അയാളുടെ വരവ്; കൃത്യമായി പറഞ്ഞാല്‍ അമ്മച്ചി മരിച്ച് മൂന്ന് ദിവസം കഴിഞ്ഞ്. അമ്മച്ചിയുടെ മരണത്തോടെ ദൈര്‍ഘ്യമേറിക്കൊണ്ടിരുന്ന പകലുകളുടെ വിരസതയെ മറികടക്കാന്‍ ഞാന്‍ വീണ്ടും മദാം ബോവറി വായിച്ചുകൊണ്ടിരിക്കുകയായിരുന്നു അപ്പോള്‍. ഇതിനോടകം പലകുറി ഞങ്ങളുടെ വീട്ടില്‍ വന്നിട്ടുണ്ടെങ്കിലും എന്നത്തെയും പോലെ കോളിങ് ബെല്ലടിക്കാന്‍ മടിച്ച് പുറത്തുതന്നെ നില്‍ക്കുകയായിരുന്നു എന്നെ കാണുന്നതുവരെ അയാള്‍.

​

പീറ്ററിനെ കാണാതായ വിവരം അറിയിക്കാന്‍ അമ്മച്ചിയുടെ കൂടെ പട്ടണത്തിലെ ഒരേയൊരു പോലീസ് സ്റ്റേഷനിലേക്ക് കയറിച്ചെന്ന ആ ദിവസമാണ് ഞാന്‍ അയാളെ ആദ്യം കാണുന്നത്. അതിനു മുമ്പ്‌ രണ്ട് തവണ അവിടെ പോകുമ്പോഴും എന്നോടൊപ്പം പീറ്റര്‍ ഉണ്ടായിരുന്നതുകൊണ്ടാവാം, നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു ചരിത്രസ്‌മാരകം പോലെ തോന്നിച്ച ആ പോലീസ് സ്റ്റേഷനിലേക്ക് അമ്മച്ചിക്കൊപ്പം കയറിച്ചെല്ലുമ്പോള്‍ ജീവിതത്തില്‍ അന്നോളം അറിഞ്ഞിട്ടില്ലാത്ത ഒരുതരം അപരിചിതത്വം എനിക്കനുഭവപ്പെടുന്നുണ്ടായിരുന്നു. അയാളുടെ സ്‌നേഹനിര്‍ഭരമായ പെരുമാറ്റംകൊണ്ടാണ് ഒരു പരിധിവരെയെങ്കിലും ആ അപരിചിതത്വത്തെ മറികടക്കാന്‍ എനിക്ക് സാധിച്ചത്. പോലീസ് സ്റ്റേഷനില്‍ വരുന്ന മനുഷ്യരുടെ അടിസ്ഥാനവിവരങ്ങളും അവരുടെ പരാതികളും എഴുതിയെടുക്കലായിരുന്നു അയാളുടെ ജോലി. വിരസമായ ആ ജോലി ഒരു സാഹിത്യകാരന്റെ കൗതുകത്തോടെയാണ് അയാള്‍ ചെയ്യുന്നത് എന്നെനിക്ക് തോന്നി. ഔദ്യോഗിക രേഖകള്‍ക്ക് ആവശ്യമില്ലാത്ത വിവരങ്ങള്‍ മനുഷ്യര്‍ പങ്കുവയ്‌ക്കുമ്പോള്‍ അയാളത് ചുവന്ന പുറംചട്ടയുള്ള മറ്റൊരു പുസ്‌തകത്തില്‍ എഴുതിവയ്‌ക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. അതിനിടയില്‍ മറ്റൊരു പോലീസുകാരന്‍ ഞങ്ങളെ അകത്തേക്ക് വിളിപ്പിക്കുകയും പീറ്ററിന്റെ ഔദ്യോഗികജീവിതത്തെ സംബന്ധിക്കുന്ന രണ്ടു മൂന്ന് ചോദ്യങ്ങള്‍ എന്നോടും അമ്മച്ചിയോടും ചോദിക്കുകയും ചെയ്‌തു.

​

​ിത്രീകരണം:  സുനിൽ അശോകപുരം ചിത്രീകരണം: സുനിൽ അശോകപുരം

​ ചോ 1: എവിടെയാണ് പീറ്ററിന്റെ കമ്പനി?

ചോ 2: പീറ്റര്‍ സ്വന്തം വണ്ടിയിലാണോ ബസ്സിലാണോ കമ്പനിയിലേക്ക് പോകാറുണ്ടായിരുന്നത്?

ചോ 3: കാണാതാവുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ കമ്പനിയില്‍ അസ്വാഭാവികമായ എന്തെങ്കിലും സംഭവിച്ചിരുന്നതായി പീറ്റര്‍ പറഞ്ഞിരുന്നോ?

​ലളിതമെന്ന് തോന്നുമെങ്കിലും ആ പോലീസുകാരന്‍ ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നും എന്റെ പക്കല്‍ ഉത്തരമുണ്ടായിരുന്നില്ല എന്നതാണ് സത്യം. പരിചയപ്പെട്ട് അധികം കഴിയുന്നതിനുമുമ്പു തന്നെ ഒരുമിച്ചു ജീവിക്കാന്‍ തീരുമാനമെടുത്ത രണ്ടുപേരായിരുന്നു ഞാനും പീറ്ററും. എങ്കിലും അത് പൊടുന്നനെയുള്ള തീരുമാനമായിരുന്നില്ല. പതിറ്റാണ്ടുകള്‍ക്കു മുമ്പേ പ്രണയത്തിലായ രണ്ടു മനുഷ്യരെപ്പോലെയാണ് ഞങ്ങള്‍ പെരുമാറിയിരുന്നത്. ഞങ്ങളിലാരിലാണ് ഒരുമിച്ചുള്ള ജീവിതത്തിന്റെ ആനന്ദത്തെക്കുറിച്ചുള്ള ആലോചനകള്‍ ആദ്യം ഉടലെടുത്തതെന്ന് ഇപ്പോഴും എനിക്കറിയില്ല. എങ്കിലും പീറ്ററാണ് അതിന്റെ സാധ്യതകളെപ്പറ്റി ആദ്യമായി സംസാരിച്ചത്. ഞാനാവട്ടെ, വ്യവസ്ഥകളില്‍ കുരുങ്ങി ജീവിക്കുന്ന മനുഷ്യര്‍ ഉള്ളില്‍ പേറുന്ന നരകങ്ങളെ പ്രതിയുള്ള പേടിയില്‍ പീറ്ററിന്റെ ആ ആഗ്രഹം ആദ്യം നിഷേധിക്കുകയാണുണ്ടായത്. അതിനിടയിലെപ്പോഴോ ഒരു ദിവസം ഞാന്‍ പീറ്ററിനോട് ചോദിച്ചു:

​

‘ഒരുമിച്ച് ജീവിക്കാന്‍ സ്‌നേഹം മാത്രം മതിയോ?'

‘മതി. പരസ്‌പരമുള്ള സ്‌നേഹവും ലോകത്തോടുള്ള സ്‌നേഹവും,' പീറ്റര്‍ ചിരിച്ചു.

​

പീറ്ററിനോടൊപ്പം ജീവിക്കാം എന്ന തീരുമാനമെടുക്കാനുള്ള എന്റെ ഒരേയൊരു ധൈര്യം അവന്റെ ആ മറുപടിയായിരുന്നുവെന്ന് ഇപ്പോഴോര്‍ക്കുമ്പോള്‍ തോന്നുന്നു.

ഞങ്ങള്‍ സ്‌നേഹിക്കുകയായിരുന്നോ ജീവിക്കുകയായിരുന്നോ എന്ന കാര്യം ഇപ്പോഴും എനിക്ക് അവ്യക്തമാണ്. എങ്കിലും ഞങ്ങള്‍ ലോകത്തെ അഗാധമായി സ്‌നേഹിക്കാന്‍ ശ്രമിച്ചു, വീട്ടില്‍ മാതളനാരകം നട്ടുപിടിപ്പിച്ചു, വ്യത്യസ്‌ത രുചികളില്‍ കാപ്പിയുണ്ടാക്കാന്‍ പരിശീലിച്ചു, പിറക്കാത്ത മക്കള്‍ക്ക് കത്തുകളെഴുതി... അതിനപ്പുറം ഔദ്യോഗികജീവചരിത്രം പങ്കുവയ്‌ക്കുന്നതില്‍ ഞങ്ങള്‍ ഒട്ടും ആനന്ദം അനുഭവിച്ചില്ല. അതുകൊണ്ടുതന്നെ പീറ്ററിന്റെ ഔദ്യോഗികജീവിതത്തെ സംബന്ധിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ കഴിയാത്തതില്‍ എനിക്ക് ഒട്ടും കുറ്റബോധം തോന്നിയില്ല. എനിക്ക് അതേക്കുറിച്ച് അറിയാവുന്ന രണ്ടുമൂന്നു കാര്യങ്ങള്‍ ഞാന്‍ ആ പോലീസുകാരനോട് പങ്കുവയ്‌ക്കുകയും ചെയ്‌തു.

1. നിറയെ ആമ്പല്‍പ്പാടങ്ങളുള്ള ഒരു നഗരത്തിലാണ് കാണാതാവുന്ന കാലത്ത് പീറ്റര്‍ ജോലി ചെയ്‌തിരുന്നത്

​

2. ഒരുപാട് പൈനാപ്പിള്‍ തോട്ടങ്ങള്‍ സ്വന്തമായുള്ള ഒരാളായിരുന്നു പീറ്ററിന്റെ മുതലാളി. ദീര്‍ഘദൂരയാത്രകള്‍ കഴിഞ്ഞ് മടങ്ങിവരുമ്പോഴൊക്കെ അയാള്‍ തൊഴിലാളികള്‍ക്കായി സമ്മാനങ്ങള്‍ കരുതാറുണ്ടായിരുന്നെങ്കിലും പീറ്റര്‍ അത് ഒരിക്കല്‍പോലും വാങ്ങിയിരുന്നില്ല.

3 കമ്പനിയില്‍ വലിയൊരു പണിമുടക്ക് നടന്ന കാലത്ത് ഒരു പോലീസുകാരന്‍ പീറ്ററിന്റെ കാലിലുണ്ടാക്കിയ മുറിവിന്റെ വേദന വര്‍ഷങ്ങള്‍ക്കിപ്പുറവും അവനെ അസ്വസ്ഥനാക്കിയിരുന്നു.

​

പീറ്ററിന്റെ ഔദ്യോഗിക ജീവചരിത്രം സൂക്ഷ്മമായി രേഖപ്പെടുത്താനുള്ള ശ്രമത്തിനിടയില്‍ ഞാന്‍ പറഞ്ഞ വിവരങ്ങളൊന്നും ആ പോലീസുകാരനില്‍ കൗതുകം ജനിപ്പിച്ചതായി തോന്നിയില്ല. പിന്നീടുള്ള ചോദ്യങ്ങള്‍ മുഴുവന്‍ അമ്മച്ചിയോടായിരുന്നു. എന്നാല്‍ പോലീസുകാരുടെ പുസ്‌തകങ്ങളില്‍ രേഖപ്പെടുത്താന്‍ പാകത്തിനുള്ള വിവരങ്ങളല്ല, ആര്‍ക്കും വിലപ്പെട്ടതായി തോന്നാനിടയില്ലാത്ത ചില ഓര്‍മകളാണ് അമ്മച്ചി പങ്കുവച്ചത്. ഞങ്ങളുടെ നഗരത്തിലെ മറ്റു കുട്ടികളെപ്പോലെ ചെറുപ്പത്തില്‍ മധുരപലഹാരങ്ങള്‍ കഴിക്കാന്‍ അവന്‍ ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ലെന്ന കാര്യം അമ്മച്ചി ആ പോലീസുകാരനോട് പറഞ്ഞു. മഴ പെയ്യുമ്പോള്‍ വീടിന്റെ ഇറമ്പില്‍നിന്ന് ഒഴുകുന്ന വെള്ളത്തില്‍ മണ്‍പാത്രങ്ങള്‍ കഴുകിയെടുക്കുന്ന അവന്റെ വിചിത്രമായ ശീലത്തെക്കുറിച്ചും, വസ്‌ത്രങ്ങളില്‍ തുന്നിച്ചേര്‍ത്ത ബട്ടണുകള്‍ വിരലുകള്‍ കൊണ്ട് പതുക്കെ തിരിച്ചു കളിക്കുന്ന അവന്റെ ഏകാന്ത നിമിഷങ്ങളെക്കുറിച്ചും അമ്മച്ചി ഓര്‍ത്തെടുത്തു. ആ പോലീസുകാരനാവട്ടെ പിന്നീട് ഞങ്ങളോട് കൂടുതലായൊന്നും ചോദിച്ചില്ല.

​

ആ പോലീസുകാരന്റെ മുറിയില്‍ നിന്നും പുറത്തേക്കിറങ്ങുമ്പോള്‍, മറ്റു ചിലരുടെ പരാതികളില്‍നിന്ന് അടര്‍ന്നുവീണ, ഔദ്യോഗികമായി രേഖപ്പെടുത്തേണ്ടതില്ലാത്ത വിവരങ്ങള്‍ ചുവന്ന പുറംചട്ടയുള്ള പുസ്‌തകത്തിലേക്ക് എഴുതിയെടുക്കുന്ന അയാളെ ഞാന്‍ ഒരിക്കല്‍ കൂടി ശ്രദ്ധിച്ചു. പിറ്റേന്ന് തൊട്ട്, സത്യസന്ധയായ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ കൃത്യതയോടെ എല്ലാ ദിവസവും അമ്മച്ചിയെയും കൂട്ടി ആ പോലീസ് സ്റ്റേഷനിലേക്ക് പോകുന്നത് ഞാന്‍ പതിവാക്കി. അപ്പോഴൊക്കെ, മറ്റൊന്നിനുമല്ലെങ്കിലും, അയാളെ മാത്രം ശ്രദ്ധിക്കുക എന്നൊരു കൗതുകം എന്നില്‍ പതുക്കെ ജനിച്ചു തുടങ്ങിയിരുന്നു. പീറ്റര്‍ അവിടുത്തെ പോലീസുകാരെ സംബന്ധിച്ച് ഒരു കഥ മാത്രമായി മാറാന്‍ തുടങ്ങിയ കാര്യം വൈകാതെ ഞാന്‍ ശ്രദ്ധിച്ചു. പിന്നീടുള്ള ദിവസങ്ങളില്‍ പീറ്ററിനെ കണ്ടെത്താനല്ല, ഞങ്ങളുടെ നഗരത്തില്‍ പീറ്റര്‍ എന്നൊരാള്‍ ജീവിച്ചിരുന്നിട്ടേയില്ലെന്നും പീറ്റര്‍ ഞങ്ങളുടെ ഒരു ഭാവന മാത്രമാണെന്നും തെളിയിക്കാനായിരുന്നു ആ പോലീസുകാരുടെ ശ്രമമെന്ന് എനിക്ക് തോന്നി. അതില്‍പ്പിന്നെ അമ്മച്ചിക്കെന്ന പോലെ എനിക്കും ആ പോലീസ് സ്റ്റേഷനിലേക്ക് പോകാന്‍ മടിയായി. ഒരുദിവസം ഞാന്‍ അമ്മച്ചിയോട് ചോദിച്ചു:

​

‘നമ്മള്‍ എല്ലാ ദിവസും വലതുവശത്തേക്ക് തിരിഞ്ഞാണ് ആ പോലീസ് സ്റ്റേഷനിലേക്ക് പോകാറുള്ളത്, ഇന്ന് നമുക്ക് ഇടത്തേക്ക് തിരിഞ്ഞു നടന്ന് നോക്കിയാലോ?'

​

അങ്ങനെ അന്നത്തെ ദിവസം പോലീസ് സ്റ്റേഷനിലേക്ക് പോകുന്നതിന് പകരം ഞങ്ങള്‍ കടല്‍ത്തീരത്തേക്ക് പോയി. വെറുതെ കടലിലേക്ക് നോക്കി ഇരിക്കുന്നതിനിടയില്‍ ഞാന്‍ അമ്മച്ചിയോട് ചോദിച്ചു: ‘അമ്മച്ചിക്കെന്തു തോന്നുന്നു, പീറ്റര്‍ എവിടേക്കാവും പോയിട്ടുണ്ടാവുക?' ആ ചോദ്യം ചോദിക്കുമ്പോള്‍ അമ്മച്ചിയുടെ പക്കല്‍ അതിന് എന്തെങ്കിലും ഉത്തരമുണ്ടാവുമോ എന്ന കാര്യം ഞാന്‍ ആലോചിച്ചതേയില്ല; അഥവാ അങ്ങനെയൊന്നുണ്ടെങ്കില്‍ തന്നെ അമ്മച്ചിയുടെ ആ ഉത്തരത്തില്‍ ഞാന്‍ സംതൃപ്തയാവുമോ എന്ന കാര്യവും. ഞങ്ങള്‍ രണ്ടു നഗരങ്ങളില്‍ വളര്‍ന്ന, രണ്ടുതരം കലാപങ്ങള്‍ക്ക് സാക്ഷിയായ, വീടുകളെക്കുറിച്ചും

സ്‌നേഹത്തെക്കുറിച്ചും രണ്ടുതരം സങ്കൽപ്പങ്ങളുണ്ടായിരുന്ന, രണ്ട് വ്യത്യസ്‌തരായ സ്‌ത്രീകളായിരുന്നു. എങ്കിലും കടലിലേക്ക് തന്നെ കണ്ണുനട്ട് അമ്മച്ചി പതുക്കെ പറഞ്ഞു: ‘അവന്‍ എന്നെങ്കിലുമൊരിക്കല്‍ വീടുപേക്ഷിച്ച് പോകുമെന്ന് അവന്റെ കുഞ്ഞുനാള്‍ തൊട്ടേ ഞാന്‍ ഉറപ്പിച്ചിരുന്നു.'

​ ചിത്രീകരണം:  സുനിൽ അശോകപുരം ചിത്രീകരണം: സുനിൽ അശോകപുരം

അതിനുശേഷം ഞങ്ങള്‍ ആ പോലീസ് സ്റ്റേഷനിലേക്ക് പോകാതെയായി. പിന്നെയും മൂന്നോ നാലോ ദിവസങ്ങള്‍ കഴിഞ്ഞാണ് അയാള്‍ ആദ്യമായി ഞങ്ങളുടെ വീട്ടിലേക്ക് വരുന്നത്. അമ്മച്ചിക്കായി കുറച്ച് ഓറഞ്ചുകള്‍ അയാള്‍ കൈയില്‍ കരുതിയിരുന്നു. അമ്മച്ചിക്ക് ഓറഞ്ചുകളോടുള്ള പ്രിയം അയാള്‍ എങ്ങനെയാവും മനസ്സിലാക്കിയിട്ടുണ്ടാവുക? മനുഷ്യരുടെ ഉള്ളിലെ സൂക്ഷ്മമായ ഇഷ്ടങ്ങളെ തൊട്ടറിയാന്‍ ദീര്‍ഘകാലത്തെ സഹവാസം തന്നെ വേണമെന്നില്ലായിരിക്കാം. ചിലപ്പോള്‍, ആയുസ്സ് മുഴുവന്‍ കൂടെ ജീവിച്ചു തീര്‍ത്താലും ചില മനുഷ്യരുടെ ആഗ്രഹങ്ങള്‍ നമുക്ക് മുന്നില്‍ എന്നും അജ്ഞാതമായിത്തന്നെ തുടരുകയും ചെയ്യാം. നീണ്ട വര്‍ഷങ്ങള്‍ ആ വീട്ടില്‍ ജീവിച്ചിട്ടും അമ്മച്ചിക്ക്‌ ഓറഞ്ചിനോടുള്ള ഇഷ്ടം മനസ്സിലാക്കാന്‍ കഴിയാത്തതില്‍ എനിക്ക് നിരാശ തോന്നി.

​

പോലീസുകാരുടെ ഭാഷയായിരുന്നില്ല അയാള്‍ക്ക്. ആര്‍ദ്രമായ ഒരു കഥയിലെ നായകകഥാപാത്രത്തെ അനുസ്‌മരിപ്പിക്കും വിധമായിരുന്നു

അയാളുടെ സംസാരം. അയാള്‍ ചോദ്യങ്ങള്‍ ചോദിക്കുകയോ ഉത്തരങ്ങള്‍ക്കായി കാത്തുനില്‍ക്കുകയോ ഉണ്ടായില്ല. ഞങ്ങളുടെ വീട്ടിലേക്ക് വന്നതിന് നിയതമായ

ഒരു കാരണവും അയാള്‍ പറഞ്ഞില്ല. എങ്കിലും ആദ്യമായി അയാളെ പോലീസ് സ്‌റ്റേഷനില്‍ വച്ച് കണ്ടപ്പോള്‍ എന്റെ കണ്ണിലുടക്കിയ ആ ചുവന്ന പുസ്‌തകം അയാളുടെ പോക്കറ്റിലിരിക്കുന്നത് ഞാന്‍ ഇത്തവണയും ശ്രദ്ധിച്ചു. പീറ്ററിന്റെ വീട്ടിലെ ഗ്രന്ഥശേഖരത്തിലുണ്ടായിരുന്ന ഒരു വിദേശനോവലില്‍, ദിനംപ്രതി കാണുന്ന അപരിചിതരായ മനുഷ്യരുടെ സുഖവിവരങ്ങള്‍ തിരക്കുന്നതില്‍ കൗതുകം കണ്ടെത്തുന്ന ഒരു വയസ്സനുണ്ടായിരുന്നു-. ആ വയസ്സന്റെ കൗതുകത്തെ ഓര്‍മിപ്പിച്ചു അയാളുടെ വരവ്.

​

അന്നു വന്നുപോയ ശേഷം പിന്നെ രണ്ടോ മൂന്നോ ആഴ്‌ചകള്‍ കഴിഞ്ഞാണ് അയാള്‍ വീണ്ടും വരുന്നത്. അമ്മച്ചി അന്നേരം പകലുറക്കത്തിലായിരുന്നു.

അമ്മച്ചി ഉറങ്ങിക്കിടക്കുന്നത് അൽപ്പനേരം നോക്കിനിന്ന ശേഷം അയാള്‍ പുറത്തേക്കിറങ്ങി. ആവര്‍ത്തനവിരസമായ ജീവിതത്തിന്റെ രേഖകള്‍ അയാളുടെ കൈകളില്‍ പതിഞ്ഞുകിടക്കുന്നത് ചായ കൊടുക്കുമ്പോള്‍ ഞാന്‍ ശ്രദ്ധിച്ചു. പോകാന്‍ നേരം പുറംചട്ടയില്‍ അറിയപ്പെടാത്ത ആനന്ദങ്ങള്‍ എന്നെഴുതിയിരുന്ന ഒരു ചെറിയ പുസ്‌തകം അയാള്‍ എനിക്ക് നേരെ നീട്ടി.

​

‘പോലീസ് സ്റ്റേഷനില്‍ വരുന്ന മനുഷ്യര്‍ പങ്കുവയ്‌ക്കുന്ന, മറ്റാര്‍ക്കും വേണ്ടാത്ത ചില വിവരങ്ങള്‍, ഞാന്‍ എഴുതിവയ്‌ക്കാറുണ്ട്. അതില്‍നിന്നും

അവരുടെ സന്തോഷങ്ങള്‍ മാത്രം കണ്ടെത്തി സമാഹരിച്ച പുസ്‌തകമാണിത്. എപ്പോഴെങ്കിലും ഇത് പ്രസിദ്ധീകരിക്കണമെന്നുണ്ട്.' അതു പറയുമ്പോഴും അയാളുടെ പോക്കറ്റിലിരിക്കുന്ന ആ ചുവന്ന പുസ്‌തകം ഞാന്‍ ശ്രദ്ധിച്ചു.

​

‘അമ്മച്ചി ഉണരുമ്പോള്‍ നിങ്ങളിത് വായിച്ചുകൊടുക്കണം.' എന്റെ കൈയ്യിലിരുന്ന അറിയപ്പെടാത്ത ആനന്ദങ്ങള്‍ എന്ന പുസ്‌തകത്തിലേക്ക് വിരല്‍ചൂണ്ടിക്കൊണ്ട് അയാള്‍ പറഞ്ഞു. അമ്മച്ചിക്ക് ഓറഞ്ചുകള്‍ ഇഷ്ടമാണ് എന്നതുപോലെ, അമ്മച്ചിക്ക് വായിക്കാനറിയില്ലെന്ന കാര്യവും അയാള്‍ അറിഞ്ഞതോര്‍ത്തപ്പോള്‍ എനിക്ക് അത്ഭുതമെന്ന പോലെ ആഹ്ലാദവും തോന്നി.

​

‘പോലീസ് സ്റ്റേഷനില്‍ വരുന്ന മനുഷ്യര്‍ക്ക് സന്തോഷങ്ങള്‍ ഉണ്ടാകുമോ?' അയാളുടെ പുസ്‌തകം മറിച്ചുനോക്കുന്നതിനിടയില്‍ ഞാന്‍ ചോദിച്ചു.

​

അയാള്‍ ചിരിച്ചു: ‘പരാതികളും സങ്കടങ്ങളുമുള്ള മനുഷ്യര്‍ക്ക് സന്തോഷങ്ങള്‍ ഉണ്ടാവില്ല എന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്?'

​

അയാളുടെ ആ ചോദ്യം ശരിയായിരുന്നുവെന്ന് പുസ്‌തകത്തിന്റെ ആദ്യത്തെ അധ്യായം അമ്മച്ചിക്ക് വായിച്ചുകൊടുക്കുമ്പോള്‍ തന്നെ എനിക്ക് തോന്നി. വിലപിടിപ്പുള്ളതെല്ലാം മോഷ്ടിക്കപ്പെട്ടതിനെക്കുറിച്ച് പരാതി പറയാന്‍ പോലീസ് സ്റ്റേഷനില്‍ വന്ന ഒരു മധ്യവയസ്‌കനെക്കുറിച്ചായിരുന്നു ആ അധ്യായം. പരാതി എഴുതിയെടുക്കുന്നതിനിടയില്‍ അയാള്‍ ആ മധ്യവയസ്‌കനോട് ചോദിക്കുന്നു: ‘ഇത്രയൊക്കെ നഷ്ടപ്പെട്ടിട്ടും ഇപ്പോഴും നിങ്ങളുടെ മുഖത്ത് ഒരു ചെറിയ സന്തോഷം ബാക്കിയാവുന്നുണ്ടല്ലോ?'

​

അപ്പോള്‍ ആ മധ്യവയസ്‌കന്‍ പറഞ്ഞു: ‘വര്‍ഷങ്ങളായി അടഞ്ഞുകിടന്ന എന്റെ വീടിന്റെ അലമാര ഇന്നലെ തുറക്കപ്പെട്ടു. അതിനുള്ളില്‍ പൊടുന്നനെ ഒരു ദിവസം കാണാതായ എന്റെ അമ്മയുടെ ഒരു കോട്ടണ്‍ സാരിയുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ആ സാരിയുടെ മണം അനുഭവിച്ചപ്പോള്‍, അമ്മയെ കാണാനില്ലെന്ന കാര്യംപോലും മറന്ന്, അമ്മ തൊട്ടപ്പുറത്തെ മുറിയിലെവിടെയോ ഉണ്ടെന്ന ഓര്‍മയില്‍ ഞാന്‍ അഗാധമായി ആഹ്ലാദിച്ചു. ആ ആഹ്ലാദമാണ് ഇപ്പോഴും എന്നില്‍ ബാക്കിയാവുന്നത്.'

​

അതുവായിച്ച ഉടനെ അമ്മച്ചി പീറ്ററിന്റെ മുറിയിലേക്ക് പോയി; പിന്നാലെ ഞാനും. പീറ്റര്‍ വലിയ കുട്ടിയായശേഷം ഞാന്‍ ഒരിക്കല്‍പ്പോലും ഈ മുറിയിലേക്ക് കയറിയിട്ടേയില്ലെന്ന് അമ്മച്ചി എന്നോട് പറഞ്ഞു. അമ്മച്ചി പറഞ്ഞ വലിയ കുട്ടി എന്ന വാക്കില്‍ ഞാന്‍ കുറേ നേരം ഉടക്കിനിന്നു. അധികം താമസിയാതെ തന്നെ അമ്മച്ചിക്ക് അയാളുടെ പുസ്‌തകത്തിലെ അടുത്ത അധ്യായം ഞാന്‍ വായിച്ചുകൊടുത്തു. ദുരൂഹസാഹചര്യത്തില്‍ ഭര്‍ത്താവ് മരണപ്പെട്ട ഒരു സ്‌ത്രീയെക്കുറിച്ചായിരുന്നു അത്. പോലീസ് സ്റ്റേഷനിലെ ചോദ്യം ചെയ്യലുകള്‍ക്കിടയില്‍ അയാള്‍ അവരോട് ചോദിക്കുന്നു: ‘ഭര്‍ത്താവിന്റെ വേര്‍പാടില്‍, മറ്റുള്ളവര്‍ക്കുള്ളതുപോലെ, അഗാധമായ വിഷാദം നിങ്ങള്‍ക്കുള്ളതായി തോന്നുന്നില്ലല്ലോ?' അപ്പോള്‍ ആ സ്‌ത്രീ പറഞ്ഞു: ‘അവസാനകാലത്ത് അദ്ദേഹത്തിന് മറവിരോഗമുണ്ടായിരുന്നു. ക്രമേണ ജീവിതത്തിന്റെ എല്ലാ ആനന്ദങ്ങളും സങ്കടങ്ങളും അദ്ദേഹം മറന്നുപോയി. ഒരു ദിവസം, പതിറ്റാണ്ടുകള്‍ക്ക് മുമ്പ്‌ ഞങ്ങള്‍ ആദ്യമായി കണ്ടുമുട്ടിയ പഴയ കഫേയിലേക്ക് ഞാന്‍ അദ്ദേഹത്തെയും കൂട്ടിക്കൊണ്ടുപോയി. അവിടെവച്ച് ഞങ്ങള്‍ ആദ്യമായി ഒരുമിച്ച് കുടിച്ച പാനീയം ഞാന്‍ അദ്ദേഹത്തിന് നല്‍കി. അതുവരെ അപരിചിതനെപ്പോലെ എന്നെ നോക്കിക്കൊണ്ടിരുന്ന, ഓര്‍മകളെല്ലാം മാഞ്ഞുപോയ, അദ്ദേഹത്തിന്റെ കണ്ണുകള്‍ പെട്ടെന്ന് നിറഞ്ഞുതുളുമ്പി. ആ ഒരു നിമിഷത്തില്‍ പൊയ്‌പ്പോയ ഞങ്ങളുടെ ജീവിതം മുഴുവന്‍ തിരികെ വന്നതുപോലെ എനിക്ക് തോന്നി. അത്രയും വലിയൊരു സന്തോഷം ശേഷിക്കുമ്പോള്‍ ഞാന്‍ ഇനി എന്തിനാണ് സങ്കടപ്പെടുന്നത്?'

​ ചിത്രീകരണം:  സുനിൽ അശോകപുരം ചിത്രീകരണം: സുനിൽ അശോകപുരം

‘മറവിയുടെ മുറിവുകളുണക്കാന്‍ ഓര്‍മകള്‍ക്ക് കഴിയുന്നതുപോലെ ഓര്‍മകളുടെ മുറിവുണക്കാന്‍ മറവിക്കാവുമോ?' രണ്ടാമത്തെ അധ്യായം വായിച്ചു കേള്‍പ്പിച്ചപ്പോള്‍ അമ്മച്ചി ചോദിച്ചു. പീറ്ററിന്റെ ഓര്‍മകളേല്‍പ്പിച്ചുകൊണ്ടിരുന്ന മുറിവിനെക്കുറിച്ചാണ് അമ്മച്ചി ചോദിച്ചതെന്ന് എനിക്ക് വ്യക്തമായിരുന്നു. എങ്കിലും അമ്മച്ചിയുടെ ആ ചോദ്യത്തിന് ഉത്തരം പറയാന്‍ എനിക്കായില്ല. ഞാന്‍ ഇതുവരെ വായിച്ചിട്ടുള്ള ഒരു പുസ്‌തകത്തിലും ആ ചോദ്യത്തിന്റെ ഉത്തരമുണ്ടായിരുന്നില്ല എന്നതാണ് സത്യം. ഒരുപക്ഷേ അയാളുടെ പക്കല്‍ അതിനൊരു ഉത്തരമുണ്ടായേക്കുമെന്ന് ഞാന്‍ വെറുതെ സമാധാനിച്ചു.

​

കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം അയാള്‍ ഒരിക്കല്‍ കൂടി വീട്ടിലേക്ക് വന്നു. എന്നോട് കാര്യമായി ഒന്നും സംസാരിക്കാതെ നേരെ അമ്മച്ചിയുടെ മുറിയിലേക്കാണ് അന്ന് അയാള്‍ പോയത്. കുറേയേറെ നേരം അമ്മച്ചിയോട് മിണ്ടിയും പറഞ്ഞും പരമാവധി സമയം അവിടെത്തന്നെ ഇരിക്കാനാണ് അന്ന് അയാള്‍ ശ്രമിച്ചത്. പോകാനിറങ്ങുമ്പോള്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. അപകടകരമായ ജീവിതസന്ദര്‍ഭങ്ങളില്‍ നിന്നിറങ്ങി ഓടുന്ന മനുഷ്യരെ പോലെ വളരെ വേഗത്തിലാണ് അയാള്‍ അമ്മച്ചിയുടെ മുറിയില്‍ നിന്നിറങ്ങി പുറത്തേക്ക് വന്നത്. അയാള്‍ പൊയ്‌ക്കഴിഞ്ഞ് അമ്മച്ചിയുടെ മുറിയിലേക്ക് ചെല്ലുമ്പോള്‍ അമ്മച്ചിയുടെ കണ്ണുകളും നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു.

​

‘കുഞ്ഞുനാളിലെപ്പോഴോ കാണാതായ അയാളുടെ മൂത്ത സഹോദരിയെക്കുറിച്ചാണ് അയാള്‍ സംസാരിച്ചുകൊണ്ടിരുന്നത്.' ഞാനെന്തെങ്കിലും ചോദിക്കുന്നതിനു മുമ്പു തന്നെ അമ്മച്ചി പറഞ്ഞു.

​

‘പീറ്ററിനെക്കുറിച്ച് അയാളെന്തെങ്കിലും പറഞ്ഞോ?' എനിക്കതറിയാന്‍ കൗതുകമായി.

​

ഇല്ല എന്ന ഒറ്റവാക്കില്‍ അമ്മച്ചി ആ ചോദ്യത്തിനുള്ള ഉത്തരത്തെ ഒതുക്കി.

​

പിന്നീട് കുറേനേരത്തേക്ക് അമ്മച്ചി എന്നോട് കാര്യമായി ഒന്നും സംസാരിച്ചില്ല. അസാധാരണമായ സങ്കടങ്ങളുടെ ഭാരം താങ്ങാനാവാതെ വരുമ്പോള്‍ മനുഷ്യര്‍

അനുഭവിക്കുന്ന മരവിപ്പ് ആ മുറിയിലാകെ പടരുന്നതായി എനിക്ക് തോന്നി.

​

‘പ്രിയപ്പെട്ട മനുഷ്യരെ കാണാതാവുന്നതാണ് അവര്‍ മരിച്ചുപോകുന്നതിനേക്കാള്‍ സങ്കടകരം. കാത്തിരിപ്പിന്റെ വേദനയ്‌ക്കാണ് ഭൂമിയില്‍ ഏറ്റവും കനം. അതേക്കുറിച്ചാണ് അയാള്‍ ഇന്നലെ എന്നോട് സംസാരിച്ചത്. ഞാനും അത് ശരിവച്ചു.' പിറ്റേന്ന് തീന്‍മേശയിലിരിക്കുമ്പോള്‍ അമ്മച്ചി എന്നോട് പറഞ്ഞു. പിന്നീട് കുറേക്കാലത്തേക്ക് അയാള്‍ വീട്ടിലേക്ക് വന്നില്ല. ദീര്‍ഘദൂരം യാത്ര ചെയ്‌ത്‌ അയാള്‍ ഞങ്ങളുടെ വീട്ടിലേക്ക് വന്നുകൊണ്ടിരുന്നതിന്റെ കാരണം അതിനിടയിലും ഞാന്‍ ആലോചിക്കാറുണ്ടായിരുന്നു. അമ്മച്ചിയെ കാണാന്‍ വേണ്ടി മാത്രമായിരിക്കാം അയാള്‍ വരുന്നതെന്ന് ഞാന്‍ അനുമാനിക്കുകയും ചെയ്‌തിരുന്നു; പീറ്ററിനെ കാണാതായ അന്നുമുതല്‍ അമ്മച്ചി അതിജീവിക്കാന്‍ ശ്രമിക്കുന്ന വേദനയെ ഒരു മകന്റെ പരിലാളനകളിലൂടെ പരാജയപ്പെടുത്താനാവും അയാള്‍ പരിശ്രമിക്കുന്നതെന്നും.

​

ആ അനുമാനത്തെ അസാധുവാക്കിക്കൊണ്ടായിരുന്നു ഇത്തവണത്തെ അയാളുടെ വരവ്. അമ്മച്ചിയുടെ മരണവാര്‍ത്ത അറിഞ്ഞിട്ടാണ് വരുന്നതെന്ന കാര്യം സംസാരിച്ചു തുടങ്ങിയപ്പോഴേ അയാളെന്നോട് പറഞ്ഞു. എങ്കിലും ഞങ്ങളുടെ നഗരത്തിലെ മരണവീടുകളില്‍ പതിവായി കണ്ടുവരാറുള്ള ഔദ്യോഗികവും ആവര്‍ത്തനവിരസവുമായ ദുഃഖാചരണങ്ങളൊന്നും അയാളുടെ പെരുമാറ്റത്തില്‍നിന്നും ഉണ്ടായില്ല. സാധാരണ ചെയ്യാറുള്ളതുപോലെ, എന്നെ കാണുമ്പോള്‍ ചിരിക്കാനും, ‘ചായയെടുക്കുമ്പോള്‍ മധുരമിടണ്ട' എന്ന് എന്നെ ഓര്‍മിപ്പിക്കാനും മറന്നു അയാള്‍. പതിവിനു വിപരീതമായി മുകളിലത്തെ നിലയിലുള്ള പീറ്ററിന്റെ മുറിയിലേക്കാണ് അയാള്‍ ഇത്തവണ പോയത്. കൂടുതല്‍ സമയവും പോലീസ് സ്റ്റേഷനില്‍ ജീവിക്കേണ്ടി വരുന്ന ഒരാളെന്ന നിലയില്‍ പീറ്ററിന്റെ മുറിയിലെത്തിയപ്പോള്‍ അയാള്‍ക്ക് അസാധാരണമായ ഒരു അപരിചിതത്വം തോന്നിയിട്ടുണ്ടാവാം എന്ന് ഞാന്‍ അനുമാനിച്ചു. എങ്കിലും പീറ്ററിന്റെ പുസ്‌തകശേഖരത്തില്‍ നിന്നും കീറിയ പുറംചട്ടയുള്ള ‘പാവങ്ങള്‍' കണ്ടുകിട്ടുന്നതുവരെ അയാള്‍ ആ മുറിയില്‍ തന്നെ തുടര്‍ന്നു. ആ പുസ്‌തകത്തിന്റെ ആദ്യ പേജില്‍ പീറ്റര്‍ ഇങ്ങനെ കുറിച്ചുവെച്ചിരുന്നു: ‘പോലീസുകാരോട് സാഹോദര്യം കാണിക്കാന്‍ ശ്രമിക്കരുത്. പോലീസും അനുകമ്പയും വിപരീതദിശകളില്‍ സഞ്ചരിക്കുന്ന വാക്കുകളാണ്!' അത് വായിച്ചുകൊണ്ടിരിക്കുമ്പോഴാണ് അയാളെ തിരക്കി ഞാന്‍ മുകളിലേക്ക് കയറിച്ചെന്നത്.

​

‘ഞാന്‍ പോലീസ് പണി ഉപേക്ഷിച്ചു. നാട്ടിലേക്ക് മടങ്ങുകയാണ്... നിങ്ങളോട് യാത്ര പറയാനാണ് ഞാന്‍ വന്നത്.' കണ്ടപാടെ അയാളെന്നോട് പറഞ്ഞു.

അതിനു മറുപടിയായി ഞാനൊന്ന് ചിരിക്കുക മാത്രം ചെയ്‌തു. എന്തുകൊണ്ടാണ് പെട്ടെന്നൊരു ദിവസം അങ്ങനെയൊരു കഠിനമായ

തീരുമാനമെടുത്തതെന്ന് അയാളോട് ചോദിക്കണമെന്ന് ഞാന്‍ ഓര്‍ത്തു. അപ്പോഴാണ് മുമ്പൊക്കെ വീട്ടിലേക്ക് വരുമ്പോള്‍ അയാളുടെ ഷര്‍ട്ടിന്റെ പോക്കറ്റിനെയും കവിഞ്ഞു നിന്നിരുന്ന ആ ചുവന്ന പുസ്‌തകം ഇത്തവണ അവിടെയില്ലെന്ന കാര്യം ഞാന്‍ ശ്രദ്ധിക്കുന്നത്. ഔദ്യോഗികരേഖകള്‍ക്ക് അപ്രിയമായ വിവരങ്ങളാണല്ലോ അയാള്‍ അതില്‍ എഴുതിവച്ചിരുന്നത്.- അതിലാണ് യഥാര്‍ഥ സത്യങ്ങളുണ്ടാവുക. അതുകൊണ്ടുതന്നെ എന്നെങ്കിലുമൊരിക്കല്‍ ആ പുസ്‌തകം അപ്രത്യക്ഷമാവുമെന്ന തോന്നല്‍ മുമ്പു തന്നെ എനിക്കുണ്ടായിരുന്നു. ആ തോന്നല്‍ ശരിയായിത്തീര്‍ന്നല്ലോ എന്നാലോചിച്ചപ്പോള്‍ എനിക്ക് കരച്ചില്‍ വന്നു. പോലീസ് പണി

ഉപേക്ഷിച്ചു പോകുന്നതെന്തുകൊണ്ടെന്ന് പിന്നീട് ഞാന്‍ അയാളോട് ചോദിച്ചില്ല.

​

‘റെയില്‍വേ സ്റ്റേഷനിലേക്ക് ഞാനും വരട്ടെ,' താഴേക്ക് ഏണിപ്പടികളിറങ്ങുമ്പോള്‍ ഞാന്‍ അയാളോട് ചോദിച്ചു.

​

എന്റെയാ ആഗ്രഹത്തെ അയാള്‍ നിരുത്സാഹപ്പെടുത്തുമെന്നാണ് ഞാന്‍ കരുതിയതെങ്കിലും അതുണ്ടായില്ല.

​

‘അഗാധമായ സ്‌നേഹത്തിന്റെ ആനന്ദങ്ങളുപേക്ഷിച്ചു പുറപ്പെട്ടു പോകാന്‍ മനുഷ്യരെ പ്രേരിപ്പിക്കുന്നത് എന്തായിരിക്കും?' റെയില്‍വേ സ്റ്റേഷനില്‍ വച്ച് ഞാനയാളോട് ചോദിച്ചു.

​

​ ചിത്രീകരണം:  സുനിൽ അശോകപുരം ചിത്രീകരണം: സുനിൽ അശോകപുരം

അതിന് ഉത്തരമായി അയാള്‍ എന്തൊക്കെയോ പറയാന്‍ ശ്രമിച്ചെങ്കിലും പെട്ടെന്ന് തന്നെ നിശ്ശബ്ദനായി. ഞാനാവട്ടെ മറ്റൊന്നിലും ശ്രദ്ധിക്കാതെ റെയില്‍വേ സ്റ്റേഷനിലൂടെ നടക്കുന്ന മനുഷ്യരുടെ കാലുകള്‍ നിരീക്ഷിച്ച് ചില അനുമാനങ്ങളുണ്ടാക്കിക്കൊണ്ടിരിക്കുകയായിരുന്നു: വേഗത്തില്‍ നടക്കുന്നവര്‍ വീടുകളിലേക്ക് നടക്കുന്നവരും വളരെ പതുക്കെ നടക്കുന്നവര്‍ വീടുപേക്ഷിച്ചു പോകുന്നവരുമായിരിക്കാം എന്ന എന്റെ അനുമാനം അയാള്‍ ശരിവച്ചു.

​

പൊടുന്നനെ എന്തോ ഓര്‍ത്തിട്ടെന്നപോലെ അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ഞാന്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍, പ്ലാറ്റ്‌ഫോമിലെ ബഹളങ്ങള്‍ക്കിടയിലും വിറയ്‌ക്കുന്ന ശബ്ദത്തോടെ അയാള്‍ പറഞ്ഞു: ‘പീറ്റര്‍ ഇനി മടങ്ങിവരുമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കരുത്...' അത്രയും പറഞ്ഞപ്പോഴേക്കും അയാളുടെ കണ്ണുകളില്‍ നിന്നും കണ്ണീര്‍ വാര്‍ന്നൊഴുകാന്‍ തുടങ്ങി. അതെങ്ങനെ അത്ര ഉറപ്പിച്ചു പറയാന്‍ കഴിയുന്നു എന്ന സംശയത്തോടെയും ഭയത്തോടെയും ഞാന്‍ അയാളെ നോക്കി. അപ്പോള്‍ നിറഞ്ഞ കണ്ണുകളോടെ അയാള്‍ വളരെ പതുക്കെ പറഞ്ഞു:

​

‘ദുഃഖകരമായ സത്യങ്ങള്‍ കണ്ടെത്തുന്നതിനേക്കാള്‍ കഠിനമാണ് അവയും ചുമന്ന് ദീര്‍ഘകാലം ജീവിക്കേണ്ടി വരുന്നത്... എന്നാല്‍ അതിലും പ്രയാസകരം അത് മറ്റൊരു മനുഷ്യനോട് തുറന്നു പറയേണ്ടി വരുന്നതാണ്... സത്യത്തിന്റെ ആ ഭാരവും പേറി നിങ്ങളുടെ വീട്ടിലേക്ക് കടന്നുവന്ന ഒരാളാണ് ഞാന്‍. അതുകൊണ്ട് എന്നെ വിശ്വസിക്കാം, പീറ്റര്‍ ഇനി ഒരിക്കലും മടങ്ങിവരില്ല. പീറ്റര്‍ മാത്രമല്ല, ഞങ്ങളുടെ പോലീസ് സ്റ്റേഷനില്‍നിന്ന് കാണാതായ ഒരാളും ഇനി മടങ്ങിവരുമെന്ന് ഞാന്‍ കരുതുന്നില്ല...'

​

വര്‍ഷങ്ങളായി ആ പോലീസ് സ്റ്റേഷനില്‍ അയാള്‍ അനുഭവിച്ച ഏകാന്തതയുടെയും ഭയത്തിന്റെയും ഗന്ധം അവിടെയാകെ പടരുന്നതായി എനിക്ക് തോന്നി.

അപ്പോഴേക്കും അയാള്‍ക്ക് പോകാനുള്ള ട്രെയിന്‍ പ്ലാറ്റ്‌ഫോമിലെത്തിയിരുന്നു. അയാളുടെ വിഷാദത്തിന്റെ ഭാരവും വഹിച്ചുകൊണ്ട് ആ ട്രെയിന്‍ അകന്നകന്നു പോകുന്നത് നോക്കി നിന്നപ്പോള്‍ ഞാന്‍ ഇങ്ങനെ ഓര്‍ത്തു: മറ്റുള്ളവരുടെ അറിയപ്പെടാത്ത ആനന്ദങ്ങള്‍ എഴുതി സൂക്ഷിച്ച ആ പുസ്‌തകം എന്നെ ഏല്‍പ്പിച്ചിട്ടാണ് അയാള്‍ മടങ്ങിപ്പോകുന്നത്. ഞാന്‍ സന്ദേഹിയായി. മറ്റുള്ളവരുടെ അറിയപ്പെടാത്ത ആനന്ദങ്ങള്‍ പറയാനാണോ അതോ ആരും അറിയാത്ത സ്വന്തം വിഷാദം പങ്കുവയ്‌ക്കാനാണോ അയാള്‍ എന്നെ തേടി വന്നത്.

​ ചിത്രീകരണം:  സുനിൽ അശോകപുരം ചിത്രീകരണം: സുനിൽ അശോകപുരം

വീട്ടില്‍ തിരിച്ചെത്തിയ ശേഷം, പുറംചട്ട കീറിയ പീറ്ററിന്റെ ‘പാവങ്ങള്‍' ഒരിക്കല്‍ക്കൂടി കൈയിലെടുത്ത് ആദ്യ പേജില്‍ അവനെഴുതിയ വരികളിലേക്ക് ഞാന്‍ കുറെയേറെ നേരം നോക്കി നിന്നു: ‘പോലീസുകാരോട് സാഹോദര്യം കാണിക്കാന്‍ ശ്രമിക്കരുത്. പോലീസും അനുകമ്പയും വിപരീതദിശകളില്‍ സഞ്ചരിക്കുന്ന വാക്കുകളാണ്!' അതു വായിച്ചുകഴിഞ്ഞശേഷം ഞാന്‍ അയാളുടെ അറിയപ്പെടാത്ത ആനന്ദങ്ങള്‍ ഒരിക്കല്‍ക്കൂടി മറിച്ചുനോക്കി. അതിലെ അടുത്ത അധ്യായം അമ്മച്ചിയെക്കുറിച്ചായിരുന്നു. പീറ്ററിന്റെ തിരോധാനത്തെക്കുറിച്ച് പരാതി പറയാന്‍ സ്റ്റേഷനിലെത്തിയ ആദ്യദിവസം അമ്മച്ചി ആ പോലീസ് സ്റ്റേഷന്റെ മുറ്റത്തുകണ്ട ഒരു ചെടിയ്‌ക്ക്‌ വെള്ളമൊഴിക്കുന്നത് അയാള്‍ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നു. അതേക്കുറിച്ച് വിവരിച്ച ശേഷം അയാള്‍ ഇങ്ങനെ എഴുതി: ‘അതീവദുഃഖകരമായ യാഥാര്‍ഥ്യങ്ങള്‍ക്കു നടുവില്‍ നില്‍ക്കുമ്പോഴും മനുഷ്യര്‍ ചിലപ്പോള്‍ അവരുടെ ചെറിയ ആനന്ദങ്ങളില്‍ മുഴുകാന്‍ ശ്രമിക്കും.'

​

കൂടുതലൊന്നും ആലോചിക്കാതെ ഞാന്‍ പീറ്ററിന്റെ മുറിവിട്ട് പുറത്തേക്കിറങ്ങി. ഞങ്ങളുടെ മുറ്റത്തെ മാതളനാരകം പൂത്തുതുടങ്ങിയിരുന്നു. പീറ്ററുണ്ടായിരുന്ന കാലത്ത് ചെയ്യാറുള്ളതുപോലെ ഞാന്‍ ആ മാതളനാരകത്തിന് വെള്ളമൊഴിക്കാന്‍ തുടങ്ങി. പീറ്ററിന്റെ തിരോധാനം ഒരു ദുഃഖകരമായ യാഥാര്‍ഥ്യമായി മുന്നിലുണ്ടായിരിക്കുമ്പോഴും അനുകമ്പയുടെ ആനന്ദത്താല്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home