കൊടുങ്ങല്ലൂരിൽ വീടിന് തീപിടിച്ചു; വീട്ടുപകരണങ്ങൾ കത്തിനശിച്ചു

തീപിടിത്തത്തിൽ വീടിന്റെ ഉൾഭാഗം കത്തി നശിച്ച നിലയിൽ|Photo: Screengrab
തൃശ്ശൂർ : കൊടുങ്ങല്ലൂർ നാരായണമംഗലത്ത് വീടിന് തീപിടിച്ച് വീട്ടുപകരണങ്ങളും ഇലക്ട്രിക്കൽ ഉപകരണങ്ങളും കത്തിനശിച്ചു. കൊല്ലമ്പറമ്പിൽ സജീവന്റെ വീട്ടിലാണ് പുലർച്ചെ തീപിടിത്തമുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല.
മുറിയിൽനിന്ന് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ കുട്ടികളുമായി ഉടൻ പുറത്തേക്ക് ഇറങ്ങി. തുടർന്ന് അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീയണച്ചതിനാൽ തീ വീടിന്റെ കൂടുതൽ ഭാഗങ്ങളിലേക്ക് പടരുന്നത് തടയാനായി.
തീപിടിത്തത്തിൽ മുറിയിലുണ്ടായിരുന്ന സെറ്റി, ടിവി, ഫാൻ എന്നിവയും മറ്റ് വീട്ടുപകരണങ്ങളും പൂർണമായും കത്തിനശിച്ചു. വീടിന്റെ ഒരു ഭാഗത്തിനും കേടുപാടുകൾ സംഭവിച്ചു.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്സ്, കെഎസ്ഇബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തിന്റെ കൃത്യമായ കാരണം സംബന്ധിച്ച് വിശദമായ പരിശോധന തുടരുകയാണ്.








0 comments