വലിയചുടുകാട്ടിൽ കനലായി കേരളത്തിന്റെ മായാത്ത സമരവീര്യം
സമര പോരാട്ടങ്ങളുടെ കനലുറങ്ങാത്ത പുന്നപ്രയിലെ വലിയചുടുകാട്ടിൽ വി എസ് എന്ന കേരളത്തിന്റെ ഇഷ്ടനായകന് നിത്യനിദ്ര. കർക്കിടക മഴയിലും വിലാപയാത്ര കടന്നു വന്ന വഴികളെല്ലാം അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ മനുഷ്യരാൽ നിറഞ്ഞ് കവിഞ്ഞു. “ഞങ്ങടെ നെഞ്ചിലെ റോസാപ്പൂവേ..” എന്ന് ഒരേ മനസും ഒരേ മുദ്രാവാക്യവുമായി ആശ്ചര്യം പോലെ ജനസാഗരം നിറഞ്ഞു കവിഞ്ഞു.
കേരളം കണ്ട ഏറ്റവും വലിയ വിലാപയാത്രയിൽ ഓരോ നിരത്തും കവലകളും വിപ്ലവനായകന്റെ വീറ് ഏറ്റുവാങ്ങിയ ജനങ്ങളാൽ നിബിഡമായി. അത്രയും ഇഷ്ടത്തോടെ മഴയും നേരവും കണക്കാക്കാതെ എത്തിയവർ അതിശയം പോലെ അച്ചടക്കത്തോടെ വി എസ് എന്ന ഇഷ്ടത്തിന് ആദരാഞ്ജലികൾ നേർന്നു.
തലമുറകൾ നെഞ്ചേറ്റിയ അവകാശപ്പോരാട്ടങ്ങളുടെ പ്രസ്ഥാനം ഓരോ മനുഷ്യരിലും എത്ര ആഴത്തിൽ പതിഞ്ഞിരിക്കുന്നു എന്ന് പാതയോരങ്ങൾ സാക്ഷ്യപ്പെടുത്തി. വലിയ ചുടുകാട്ടിൽ പുന്നപ്ര രക്തസാക്ഷി മണ്ഡപത്തിന് സമീപം ചിതയെരിഞ്ഞ് തുടങ്ങുമ്പോൾ ചൂഷിതരുടെയും പീഡിതരുടെയും സമര കേരള ചരിത്രം ആദരപൂർവ്വം വി എസ് എന്ന സ്മരണയെ തലമുറകൾക്ക് കൈമാറി. ഇല്ലായില്ല മരിക്കുന്നില്ല... എന്ന പ്രതിജ്ഞയായി ഓരോരുത്തരും ആ വിപ്ലവ വീര്യം ഏറ്റുവാങ്ങി.
രാത്രി ഒൻപത് മണികഴിഞ്ഞിട്ടും വലിയചുടുകാട്ടിലെ കനൽകത്തുന്ന മണ്ഡപത്തിലേക്ക് ജന പ്രവാഹം തുടരുകയായിരുന്നു. ജനസാഗരം മുറിച്ചുകടന്ന് 29 മണിക്കൂർ നീണ്ട വിലാപയാത്ര വിവിധയിടങ്ങളിൽ ഒരുക്കിയ പെതുദർശന വേദികളും പിന്നിട്ടാണ് അണിമുറിയാതെ അന്ത്യസംസ്കാര സ്ഥലത്ത് എത്തിച്ചേർന്നത്.
അവിടെ, ചൂഷിത വ്യവസ്ഥയിലെ അധികാരത്തിന്റെ ബയണറ്റുകൾ കുത്തിക്കീറിയ പാദങ്ങളിൽ പൂർണ്ണ ബഹുമതിയോടെ സംസ്ഥാനം ഗാർഡ് ഓഫ് ഓണർ നൽകി. ഓർമ്മകൾ കത്തിനിൽക്കെ ഓരോരുത്തരായി പൂക്കൾ അർപ്പിച്ച് പിൻവാങ്ങി. പിന്നാലെ ചിതയിൽ അഗ്നി പകർന്നു.
പുറത്ത് മഴ പെയ്ത് തകർക്കുകയായിരുന്നു. പിരിഞ്ഞു പോകാതെ ജനം ഇഷ്ട നേതാവിന്റെ പോരാട്ടവീര്യം ഹൃദയങ്ങളിൽ ഏറ്റുവാങ്ങി. മുദ്രാവാക്യങ്ങൾ മുഴക്കി ആദരപൂർവ്വം തുടർന്നു.











0 comments