നൂറുകണക്കിന് പേർക്ക് ഉപജീവനം ഇല്ലാതായി
പേര് നഗര ശുചീകരണം, ഡൽഹിയിൽ തെരുവ് കച്ചവടക്കാരെ കൂട്ടത്തോടെ ഒഴിപ്പിക്കുന്നു
ന്യൂഡൽഹി: തെരുവ് കച്ചവടക്കാർക്കെതിരായ ഡൽഹി സർക്കാരിന്റെ കൂട്ട ഒഴിപ്പിക്കൽ നടപടിയിൽ വൻ പ്രതിഷേധം. വർഷങ്ങളായി തെരുവിൽ കച്ചവടം നടത്തി ഉപജീവനം കഴിക്കുന്ന നൂറുകണക്കിന് മനുഷ്യരുടെ നിത്യവരുമാനം മുടക്കിയാണ് ബി ജെ പി സർക്കാർ നീക്കം.
ഡൽഹി മുനിസിപ്പൽ കോർപ്പറേഷനും (എംസിഡി) ന്യൂഡൽഹി മുനിസിപ്പൽ കൗൺസിലും (എൻഡിഎംസി) സംയുക്തമായാണ് ഒഴിപ്പിക്കലും കട തകർക്കലും തുടങ്ങി വെച്ചിട്ടുള്ളത്. തിരിച്ചറിയലിനായി നൽകുന്ന വെൻഡിങ് സർട്ടിഫിക്കറ്റ് കൈവശം ഉള്ളവരെ പോലും ഓടിക്കുന്ന സാഹചര്യമാണെന്ന് കച്ചവടക്കാർ പറഞ്ഞു.
മെയ് ഒന്നിന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത 20 ദിവസത്തെ തീവ്ര ശുചീകരണ കാമ്പയിൻ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ ആദ്യം ലക്ഷ്യമാക്കിയത് തെരുവ് കച്ചവടക്കാരെയാണ്. ഉദ്യോഗസ്ഥ സംഘങ്ങൾ എത്തി രാത്രിയും പകലുമില്ലാതെ ചെറുകടകളും ഷെഡുകളും തകർത്തു.

ടൗൺ വെൻഡിംഗ് കമ്മിറ്റികൾ രൂപീകരിക്കുക, വെൻഡിംഗ് സോണുകൾ സ്ഥാപിക്കുക, നിയമാനുസൃതമായ രേഖകൾ ഉള്ളവർക്ക് സംരക്ഷണം നൽകുക എന്നിങ്ങനെ വർഷങ്ങളായി കച്ചവടക്കാർ ഉന്നയിക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടിട്ടില്ലെന്ന് നാഷണൽ അസോസിയേഷൻ ഓഫ് സ്ട്രീറ്റ് വെണ്ടേഴ്‌സ് ഓഫ് ഇന്ത്യ (NASVI) വ്യക്തമാക്കുന്നു.
നിലവിൽ സർക്കാർ സർവ്വെ എന്ന പേരിൽ ആരംഭിച്ചിരിക്കുന്ന കണക്കെടുപ്പ് തിരിച്ചറിയാൻ വേണ്ടിയല്ല ഒഴിപ്പിക്കലിന് വേണ്ടിയാണെന്നാണ് അനുഭവമെന്ന് കച്ചവടക്കാർ പറയുന്നു. ശനിയാഴ്ച വൈകുന്നേരം സരോജിനി നഗർ മാർക്കറ്റിൽ എൻഡിഎംസി നടത്തിയ പൊളിച്ചുമാറ്റൽ നടപടിക്ക് ശേഷമാണ് പ്രതികരണം.
പുറത്താക്കപ്പെട്ട തെരുവ് കച്ചവടക്കാരുടെ സർവേ നടത്തുമെന്നാണ് ഇപ്പോൾ എം സി ഡി അറിയിച്ചിരിക്കുന്നത്. എന്നാൽ സർവേയ്ക്ക് ഒരു ആഴ്ച മുമ്പ് കച്ചവടക്കാരെ നീക്കം ചെയ്യും. പിന്നെ ആരെ എവിടെ വെച്ചാണ് സർവേ നടത്തുക എന്നാണ് ഒഴിപ്പിക്കപ്പെട്ടവർ ചോദിക്കുന്നത്. 2014 ലെ തെരുവ് കച്ചവടക്കാരുടെ (ഉപജീവന സംരക്ഷണവും തെരുവ് കച്ചവട നിയന്ത്രണവും) നിയമവുമായും 2019 ലെ ഡൽഹി തെരുവ് കച്ചവട പദ്ധതിയുമായും രണ്ടും രണ്ടുവഴിക്കാണ്. ഇതിന്റെയെല്ലാം പഴി കച്ചവടക്കാരുടെ തലയിലിടുകയാണ്.

സർവേയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിന് സ്വതന്ത്ര ഓഡിറ്റ് സംവിധാനം വേണമെന്നും വെണ്ടർമാർക്ക് ബാർകോഡ് ചെയ്ത രസീതുകൾ നൽകണമെന്നും ദില്ലി പ്രദേശ് രെഹടി പഠരി ഖോംച ഹാക്കേസ് യൂണിയൻ (CITU) ആവശ്യപ്പെട്ടു. ഇന്ത്യൻ ഹോക്കേഴ്‌സ് അലയൻസ് (ഐഎച്ച്എ), ടൗൺ വെൻഡിംഗ് കമ്മിറ്റികൾ (ടിവിസി), മാർക്കറ്റ് അസോസിയേഷനുകൾ, വെണ്ടർ യൂണിയനുകൾ എന്നിവയുടെ പ്രതിനിധികൾ തങ്ങളുടെ അനുഭവങ്ങൾ മാധ്യമങ്ങൾക്ക് മുൻപാകെ പങ്കുവെച്ചു.
ഈ ആഴ്ചത്തെ നടപടിയിൽ ഏകദേശം 500 പേരെ എങ്കിലും ഉപജീവനമില്ലാത്തവരാക്കി. അർദ്ധരാത്രി കഴിഞ്ഞും പൊളിക്കൽ തുടർന്നുവെന്നും കച്ചവടക്കാർ പറയുന്നു. എഎപി സർക്കാരിന്റെ കാലത്ത് തന്നെ തുടങ്ങി വെച്ച നടപടിയാണ്. എന്നാൽ പ്രതിഷേധത്തെ തുടർന്ന് നിർത്തി വെച്ചിരുന്നു. ഇവർക്ക് അംഗീകൃത കേന്ദ്രങ്ങൾ വീതിച്ച് നൽകാമെന്ന് വാഗ്ദാനവും നൽകി. എന്നാൽ എല്ലാം കാറ്റിൽ പറത്തി ഇപ്പോൾ ബുൾഡോസറുകൾ ഉപയോഗിച്ചാണ് നടപടി.











0 comments