മാര്‍ച്ചിലേക്ക് കൂടുതൽ വിദ്യാര്‍ഥികൾ എത്തുന്നു; പാര്‍ലമെന്റിന്റെ ഗേറ്റുകൾ അടച്ചു, നേരിടാൻ സായുധ പൊലീസ്
ന്യൂഡൽഹി: അഴിമതിയും ആസൂത്രണങ്ങളിലെ പിഴവും ആവര്‍ത്തിച്ച് വിദ്യാഭ്യാസ രംഗം കുത്തഴിഞ്ഞതോടെ അനിശ്ചിതത്വത്തിലായ വിദ്യാര്‍ഥികളുടെ അമര്‍ഷം ഡൽഹിയെ പിടിച്ചുകുലുക്കുന്നു. ആയിരക്കണക്കിന് പ്രക്ഷോഭകർ സമരസ്ഥലത്ത് ഒത്തുകൂടിയിരിക്കുന്നു. ഡൽഹി പൊലീസ് പാർലമെന്റിലേക്കുള്ള റോഡുകളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു, സമരസ്ഥലത്തേക്കും പുറത്തേക്കുമുള്ള പ്രവേശനം തടയാൻ ജന്തർമന്ദർ എല്ലാ വശങ്ങളിൽ നിന്നും സീൽ ചെയ്തു. ഇവയെല്ലാം മറിടകന്ന് വിദ്യാര്‍ഥികൾ പ്രതിഷേധം തുടര്‍ന്നു. പാര്‍ലമെന്റിന്റെ പ്രധാന ഗേറ്റുകൾ ബന്ധിച്ചിരിക്കയാണ്.
പാർലമെന്റ്, റെയിൽ ഭവൻ, ഇന്ത്യ ഗേറ്റ്, മറ്റ് വിഐപി മേഖലകൾ എന്നിവിടങ്ങളിൽ കനത്ത പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ബിഎൻഎസ്എസ് സെക്ഷൻ 163 പ്രകാരം ഏർപ്പെടുത്തിയ നിരോധനാജ്ഞ പ്രകാരം പാർലമെന്റിലേക്ക് യാതൊരു മാർച്ചും അനുവദിക്കില്ലെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുമ്പോഴും പ്രതിഷേധകര്‍ എത്തുന്നു.
അടുത്തുള്ള സംസ്ഥാനങ്ങളിൽ നിന്നും വരുന്നവരെ മുന്നിൽ കണ്ട് ജംഗ്ഷനുകളിലും ഡൽഹി അതിർത്തികളിലും സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. നിരോധനാജ്ഞ ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി വിദ്യാര്‍ഥികളെ പിന്തിരിപ്പിക്കാനുള്ള ശ്രമമാണ്. എന്നാൽ വിദ്യാര്‍ഥി രോഷം ഇതിനെയെല്ലാം മറികടന്ന് മുന്നേറുന്നു. എസ് എഫ് ഐ ഉൾപ്പെടെ വിദ്യാര്‍ഥി സംഘടനകൾ പ്രതിഷേധത്തിൽ അണി ചേര്‍ന്നു. നേതാക്കൾ നിരാഹാര സമരം കൂടി തുടങ്ങിയതോടെ കൂടുതൽ വിദ്യാര്‍ഥികൾ അവരുടെ നിസഹായതയും അതിലെ രോഷവുമായി രംഗത്ത് എത്തുന്നു.
ഡൽഹി പൊലീസിലെയും സിഎപിഎഫ് അർദ്ധസൈനിക വിഭാഗത്തിലെയും 5,000-ത്തിലധികം ജവാന്മാരെയും 25-ഓളം ബറ്റാലിയനുകളെയും മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. ന്യൂഡൽഹി ജില്ലയെ 15 സുരക്ഷാ സെക്ടറുകളായി തിരിച്ച് മുതിർന്ന ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് വിദ്യാര്‍ഥകളെ നേരിടാൻ ശ്രമിക്കുന്നത്.
വിലക്കുകൾ മറികടന്ന്
പ്രതിഷേധകര്‍ മുന്നോട്ട്
എല്ലാ റോഡുകളും വിദ്യാര്‍ഥികൾ കയ്യടക്കിയിരിക്കുന്നു. റെയ്സിന റോഡ് വഴി പ്രസ്ക്ലബ് പരിസരം വരെ പ്രതിഷേധകര്‍ പാര്‍ലമെന്റിന് അടുത്തെത്തി. സമീപകാലത്ത് ആദ്യമായാണ് പാർലമെന്റിന് ഇത്രയും അടുത്തേക്ക് പ്രതിഷേധം എത്തുന്നത്. റെയിൽ ഭവന്റെ സമീപത്തുകൂടി പാർലമെന്റിലേക്ക് കടക്കാൻ വിദ്യാര്‍ഥികൾ ഒരുങ്ങി. തുടർന്ന് രാജേന്ദ്രപ്രസാദ് മാർഗിൽ ഉണ്ടായിരുന്ന ബാരിക്കേഡ് മറികടന്ന് നീങ്ങി. പ്രദേശത്ത് ശക്തമായ പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നെങ്കിലും പ്രതിഷേധക്കാര്‍ക്ക് നേരെ ബല പ്രയോഗം തുടങ്ങിയത് സാഹചര്യം വഷളാക്കി.
വിദ്യാര്‍ഥികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ നേര്‍ക്കുനേര്‍ വന്നതോടെ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ റെയിൽവേ സംരക്ഷണ സേനയും ഡൽഹി പോലീസും ലാത്തിവീശി. ഇതിനിടെ നിരവധി തവണ കണ്ണീര്‍ വാതക ഷെല്ലുകൾ പൊട്ടിച്ചു. കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്, റെയിൽ ഭവൻ, ശാസ്ത്രി ഭവൻ,ജൻപഥ്, കൊണാട്ട് പ്ലേസ്, റിസർവ് ബാങ്ക് പരിസരം എന്നിവിടങ്ങളിലെല്ലാം പ്രതിഷേധകര്‍ സംഘടിച്ചിട്ടുണ്ട്. ഇതിനിടെ സമരത്തിലെ ഐക്യരൂപ്യവും ആശയവിനിമയും തര്‍ക്കാൻ ഇന്റര്‍ നെറ്റ് വര്‍ക്ക് ദുര്‍ബലമാക്കി.
ശാസ്ത്രി ഭവൻ, റെയിൽ ഭവൻ, കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് എന്നിവിടങ്ങളിൽ വൻ തോതിൽ വിദ്യാര്‍ഥികൾ എത്തി ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ചതോടെ പൊലീസ് ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടത്തി. ഏറ്റുമുട്ടലിൽ നിരവധി പ്രതിഷേധക്കാർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. കൊണാട്ട് പ്ലേസിന്റെ ഔട്ടർ സർക്കിളിൽ ബസുകളും മറ്റ് വാഹനങ്ങളും തടഞ്ഞതോടെ ഗതാഗതം പൂർണ്ണമായി നിലച്ചു. സുരക്ഷ മുൻനിർത്തി സമീപത്തെ പ്രധാന മെട്രോ സ്റ്റേഷനുകളുടെ ഗേറ്റുകൾ താൽക്കാലികമായി അടക്കേണ്ടി വന്നു.
Related News
കോക്രോച്ച് ജനതാ പാർട്ടി തുടങ്ങിവെച്ച സമരം 23-ാം ദിവസത്തിലേക്ക് കടന്നിരിക്കയാണ്. സോനം വാങ്ചുക്കിനെ ഇരുപത് ദിവസം നീണ്ട നിരാഹാരത്തിനൊടുവിൽ പൊലീസ് തന്ത്രപൂര്‍വം കസ്റ്റഡിയിലെത്ത് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ഒപ്പം നിരാഹാരം പ്രഖ്യാപിച്ചിരുന്ന വിദ്യാര്‍ഥികൾ സഹന സമരം തുടരുകയാണ്. ഇതിനിടെ സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയും നിരാഹാരം തുടങ്ങി. പാര്‍ലമെന്റിന്റെ മൺസൂൺ സമ്മേളനം തുടങ്ങുന്ന ദിവസം തന്നെയാണ് വിദ്യാര്‍ഥികൾ മാാര്‍ച്ചിനായി തെരഞ്ഞെടുത്തത്. ലോക്സഭയിലും രാജ്യസഭയിലും വിഷയം ഉയര്‍ന്നതോടെ ഉച്ചവരെ നടപടി ക്രമങ്ങൾ നിര്‍ത്തിവെച്ച് പിരിയേണ്ടി വന്നു.
വിദ്യാര്‍ഥികളുടെ ആവശ്യങ്ങൾ അവഗണിച്ചു
ചര്‍ച്ചകളിലൂടെ അനുനയിപ്പിക്കാൻ ശ്രമം
കേന്ദ്ര ഗവൺമെന്റ് മുൻകൈയെടുത്ത് സമരക്കാരുമായി ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇന്ന് കേന്ദ്രമന്ത്രി ജെപി നദ്ദയുമായി സിജെപി പ്രതിനിധികൾ കൂടിക്കാഴ്ച നടത്തുമെന്ന് പാർട്ടി നേതൃത്വം സ്ഥിരീകരിച്ചു. അതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ധർമ്മേന്ദ്ര പ്രധാനുമായി കൂടിക്കാഴ്ച നടത്തി. പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ തയ്യാറായതായി സിജെപി നേതൃത്വംകാശപ്പെട്ടെങ്കിലും, ഇതുവരെ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല.
സർക്കാരിന്റെ ഭാഗത്തുനിന്നും അനുകൂലമായ നിലപാടുണ്ടാകുമെന്ന പ്രതീക്ഷയിൽ അഭിജീത് ദീപ്കെ നിരാഹാരം അവസാനിപ്പിച്ച് ചര്‍ച്ചകൾക്ക് നേതൃത്വം നൽകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിൽ പിന്നോട്ടില്ലെന്നാണ് സിജെപി പ്രഖ്യാപിച്ചിട്ടുള്ളത്.
ഇതിനിടെ സമര നേതാവ് അഭിജിത് ദീപ്കെയെ പൊലീസ് തടങ്കലിൽ വെച്ചിരിക്കയാണെന്ന ആരോപണവും പുറത്തു വന്നു.











0 comments