നമുക്കും വേണം ഓരോ ഗ്രാമങ്ങളിലും സൂംബ മൈതാനങ്ങൾ; ഏകാംഗ ലോക സൈക്കിൾ സഞ്ചാരി അരുൺ പറയുന്നു
സൂംബ നൃത്തം വിദ്യാർത്ഥികൾക്ക് മാത്രമല്ല ഓരോ നാട്ടിലെയും മുതിർന്നവർക്ക് കൂടി ശാരീരികവും മാനസികവുമായ ഉല്ലാസത്തിനും ഉണർവിനുമുള്ള അവസരമാവണമെന്ന് പറയുകയാണ് ഒറ്റയാൾ സൈക്കിൾ യാത്രികനായ അരുൺ തഥാഗത്. തന്റെ ലോക യാത്രകൾക്കിടെ മാലിമുതൽ തായ്‌ലാന്‍ഡ് വരെ ഗ്രാമങ്ങളിൽ എല്ലാം മനുഷ്യർ ഒത്തു കൂടി നൃത്തം ചെയ്യുന്നത് കണ്ട അനുഭവം അരുൺ പങ്കുവെക്കുന്നു.
ഓരോ ഗ്രാമങ്ങളിലും അവിടത്തെ മനുഷ്യർക്ക് ഒത്തു കൂടാനുള്ള പൊതു ഇടങ്ങളുണ്ട്. വൈകുന്നേരങ്ങളിൽ അവിടെ ഇത്തരം വ്യായാമവും നൃത്തവും ചേർന്ന സംഗീത വേദി ഒരുക്കുന്നു. ഒരു ട്രെയിനറും പശ്ചാത്തലത്തിൽ സംഗീതവും എന്നതാണ് രീതി. സൌത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളിൽ എല്ലാം ഇത് കാണാൻ കഴിഞ്ഞു.
ആർക്കും പങ്കെടുക്കാം. ഉല്ലാസത്തിൽ ഭാഗമായി മാറാം. ഇത് വ്യക്തികളെ സംഘർഷങ്ങളിൽ നിന്നും ആരോഗ്യ പ്രശ്നങ്ങളുടെ കെണിയിൽ നിന്നും ഉല്ലാസത്തിന്റെ പുതിയ തുറസിലേക്ക് മനസിനെ തുറന്ന് വിടാൻ സഹായിക്കുന്നു.
പതിനൊന്ന് മാസമായി തുടരുന്ന യാത്രയുടെ ഘട്ടത്തിലാണ് അരുൺ. ഇപ്പോൾ കൊസോവയിലാണ്. സൈക്കിളിൽ ഒരു ടെന്റും അത്യാവശ്യ വസ്ത്രങ്ങളും മാത്രമായാണ് യാത്ര. മനുഷ്യരെ ജീവിതത്തെ നേരിട്ട് അറിയുകയാണ്. അവരുടെ കൂടെ ജീവിച്ച് അറിഞ്ഞ് യാത്ര ചെയ്യുന്ന മാതൃകയാണ്.
നാൽപ്പതോളം രാജ്യങ്ങളിലൂടെ രണ്ടുവർഷം നീളുന്ന സൈക്കിൾയാത്ര നടത്താനുള്ള ദൗത്യവുമായാണ് അമ്പലമേട് സ്വദേശി അരുൺ തഥാഗത് ഒളിമ്പിക്‌സ് വേദിയായ പാരിസിൽ നിന്നും സൈക്കിൾ ചവിട്ടി പുറപ്പെട്ടത്.
എറണാകുളം കലക്ടറേറ്റിൽ സീനിയർ ക്ലർക്ക് ജോലിയിൽനിന്ന് അവധിയെടുത്താണ് അരുൺ സൈക്കിൾ പര്യടനത്തിന് ഇറങ്ങിയിട്ടുള്ളത്. ഓരോ മൂന്നുമാസവും ഇടവേളയെടുക്കണമെന്ന വ്യവസ്ഥയിൽ രണ്ടുവർഷത്തെ വിസയാണ് യൂറോപ്യൻ യൂണിയൻ നൽകിയത്. യൂറോപ്യൻ രാജ്യങ്ങൾക്കൊപ്പം ഗൾഫ്, വടക്കൻ ആഫ്രിക്കൻ രാജ്യങ്ങളും രണ്ടുവർഷത്തെ പര്യടനത്തിൽ ലക്ഷ്യമാക്കി.
ഓരോ യാത്രയിലും പല സംസ്കൃതികൾ പിന്നിടുമ്പോൾ നമ്മൾ ഇനിയും വിവാദത്തിലും സംവാദത്തിലും തുടരുന്ന കാര്യങ്ങൾ പലതും യാത്രയിൽ കടന്നു പോകുന്ന കൊച്ചു രാജ്യങ്ങൾ പോലും എന്നേ ജീവിതത്തിന്റെ ഭാഗമാക്കി കഴിഞ്ഞവയാണെന്ന് അരുൺ പറയുന്നു.
ജൂലൈ 26ന് ഒളിമ്പിക്സ് വേദിയിൽ നിന്ന് സെക്കിളിൽ യാത്ര തുടങ്ങി രണ്ട് വർഷത്തിന് ശേഷം 2026 ജൂലൈയിൽ കേരളത്തിൽ തിരിച്ചെത്തുകയാണ് അരുണിന്റെ ലക്ഷ്യം. ഓരോ ദിവസവും 50 കിലോ മീറ്റർ എങ്കിലും സൈക്കിളിൽ സഞ്ചരിക്കുന്നു.
0 comments