യുഎസ്-ഇറാൻ സംഘർഷം: സൈനികർ കൊല്ലപ്പെട്ടു; മിഡിൽ ഈസ്റ്റിൽ കടുത്ത ആശങ്ക

തെഹ്റാൻ : മിഡിൽ ഈസ്റ്റിൽ യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം യുദ്ധത്തിലേക്ക് വഴിമാറുന്നു. ജോർദാനിലെ യുഎസ് സൈനിക ക്യാമ്പിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിന് പിന്നാലെ വടക്കൻ ഇറാഖിൽ തകർന്നുവീണ ഇറാന്റെ ഡ്രോൺ നിർവീര്യമാക്കുന്നതിനിടെ മറ്റൊരു യുഎസ് സൈനികൻ കൂടി കൊല്ലപ്പെട്ടതായി യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. ജോർദാനിലെ ആക്രമണത്തിന് ശേഷം കാണാതായ സൈനികന്റേതെന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തതായും ഇത് പരിശോധിച്ചു വരികയാണെന്നും അധികൃതർ വ്യക്തമാക്കി.
ജോർദാനിലെ സൈനികരുടെ മരണത്തിന് പ്രതികാരമായി ഞായറാഴ്ച രാത്രിയും ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് താവളങ്ങൾക്ക് നേരെ യുഎസ് ശക്തമായ വ്യോമാക്രമണം നടത്തി. തുടർച്ചയായ എട്ടാം രാത്രിയാണ് യുഎസ് ഇറാനിൽ ബോംബ വർഷം നടത്തുന്നത്. എന്നാൽ യുഎസ് ആക്രമണത്തിന് മണിക്കൂറുകൾക്കകം ഇറാൻ ശക്തമായ തിരിച്ചടി നൽകി. കുവൈറ്റിലെ രണ്ട് യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തി. കാമ്പ് ഉദൈരിയിലെ യുദ്ധോപകരണ ഡിപ്പോയും, അലി അൽ സലേം എയർ ബേസിലെ പേട്രിയറ്റ് റഡാർ സംവിധാനങ്ങളുമാണ് ഇറാൻ ലക്ഷ്യമിട്ടത്.
മേഖലയിലെ മറ്റ് രാജ്യങ്ങളിലേക്ക് പടരുന്ന യുദ്ധഭീതിഇറാൻ തൊടുത്തുവിട്ട മിസൈലുകളും ഡ്രോണുകളും തങ്ങൾ വിജയകരമായി പ്രതിരോധിച്ചതായി ബഹ്‌റൈൻ മിലിട്ടറി അറിയിച്ചു. ജനവാസ മേഖലകളെ ലക്ഷ്യമിട്ടാണ് ഇറാൻ ആക്രമണം നടത്തിയതെന്നും ബഹ്‌റൈൻ ആരോപിച്ചു. ജോർദാനിലെ തുറമുഖ നഗരമായ അഖബ ലക്ഷ്യമാക്കി വന്ന ഇറാനിയൻ മിസൈൽ ഇസ്രയേൽ-ജോർദാൻ സംയുക്ത സേന തകർത്തു.
കുവൈറ്റിലെ ജലശുദ്ധീകരണ-വൈദ്യുത നിലയത്തിന് നേരെ തുടർച്ചയായ രണ്ടാം ദിവസവും ആക്രമണമുണ്ടായതിനെ തുടർന്ന് വൻ തീപിടുത്തമുണ്ടായി. ഇറാനെതിരെയുള്ള സൈനിക നീക്കം വിപുലീകരിക്കുന്നതിന്റെ ഭാഗമായി കൂടുതൽ യുഎസ് റീഫ്യൂവലിങ് വിമാനങ്ങൾ (ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങൾ) സ്വീകരിക്കാൻ ഇസ്രയേൽ സജ്ജമാകുന്നതായി സൈനിക വക്താക്കൾ സൂചന നൽകി. നിലവിൽ ഇസ്രായേൽ നേരിട്ട് ആക്രമണങ്ങളിൽ പങ്കെടുക്കുന്നില്ലെങ്കിലും യുഎസ് വിമാനങ്ങൾക്ക് താവളമൊരുക്കുന്നുണ്ട്. യുഎസ് കരാർ ലംഘിച്ചതിനാൽ ഇറാനും തങ്ങളുടെ ഭാഗത്തുനിന്നുള്ള പ്രതിജ്ഞാബദ്ധതകളിൽ നിന്ന് പിന്മാറുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.









0 comments