ad
Deshabhimani

മനുഷ്യരെ തിന്നുന്ന പർവതം: ഈ പട്ടണത്തിൽ നിന്ന്‌ നിങ്ങൾക്ക് നിയമപരമായി ഡൈനാമൈറ്റ് വാങ്ങാം

mine in potosi

photo credit: X

വെബ് ഡെസ്ക്

Published on Mar 06, 2025, 05:39 PM | 2 min read

ബൊളീവിയയിലെ ആൾട്ടിപ്ലാനോ പീഠഭൂമിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു ചെറിയ പട്ടണം. അതിന്റെ പ്രത്യേകതയറിയുമോ? നിയമപരമായി ഡൈനാമൈറ്റ് വാങ്ങാൻ കഴിയുന്ന ഭൂമിയിലെ ഒരേയൊരു സ്ഥലമാണിത്. സ്ഫോടകവസ്തുക്കളുടെ കേന്ദ്രമെന്ന നിലയിലാണ്‌ ഈ പട്ടണം അറിയപ്പെടുന്നത്‌.


യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ പൊട്ടോസിയാണ്‌ ഖ്യാതികളുടെ ഈ നഗരം. ബൊളീവിയൻ ആൾട്ടിപ്ലാനോയുടെ തെക്കേ അറ്റത്താണ് പൊട്ടോസി സ്ഥിതി ചെയ്യുന്നത്. നൂറുകണക്കിന് വർഷങ്ങൾ പഴക്കമുള്ള വലിയ ഖനന ശേഖരമാണ്‌ ഇവിടെയുള്ളത്. തകർത്ത പാറകൾ, പുരാതന റെയിൽ‌വേ ലൈനുകളിലൂടെ പാറകളെ വണ്ടികളിലാക്കി മുകളിലേക്കും താഴേക്കും വലിച്ചുകൊണ്ട് പോകുന്ന തൊഴിലാളികൾ. പൊട്ടോസിയിൽ ദിവസം മുഴുവൻ കാണാൻ കഴിയുന്ന കാഴ്‌ചയിതാണ്‌.


ഖനികളുടെ ശ്മശാനം കൂടിയായി മാറിയ ഈ ഭൂ പ്രദേശം ഇന്ന് സാഹസിക വിനോദസഞ്ചാരികളുടെയും പ്രിയപ്പെട്ട ലക്ഷ്യമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇവിടെ സഞ്ചാരികൾ എത്തുന്നു.

potosiphoto credit: X പൊട്ടോസി


"ഖനിത്തൊഴിലാളികൾക്ക് ഏറ്റവും അത്യാവശ്യമായത് ഡൈനാമൈറ്റ് ആണ്, ഒരു ഡൈനാമെറ്റ്‌ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയില്ലെങ്കിൽ അത് അപകടകരമാണ്." പൊട്ടോസി ഖനി ടൂർ ഗൈഡായ ജോണി കോണ്ടോറിയുടെ വാക്കുകളാണിത്‌.


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നഗരങ്ങളിലൊന്നായ പൊട്ടോസി സമുദ്രനിരപ്പിൽ നിന്ന് 4,000 മീറ്ററിലധികം (13,000 അടി) ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. അവിടുത്തെ ഖനനത്തിന്റെ ഭൂരിഭാഗവും സമീപത്തുള്ള "സെറോ റിക്കോ" (ഇംഗ്ലീഷിൽ "റിച്ച് മൗണ്ടൻ") യിലാണ് നടക്കുന്നത്.

പേര്‌ പോലെത്തന്നെ നഗരത്തിന് നൽകിയ വലിയ സമ്പത്ത് കൊണ്ടാണ് റിച്ച് മൗണ്ടൻ എന്ന്‌ അറിയപ്പെടുന്നത്‌. എന്നാൽ ഇന്ന്, പൊട്ടോസി ബൊളീവിയയിലെ ഏറ്റവും ദരിദ്രമായ പ്രദേശങ്ങളിലൊന്നായാണ്‌ കണക്കാക്കപ്പെടുന്നത്‌.

pottosi


മനുഷ്യരെ തിന്നുന്ന പർവതങ്ങൾ


1545-ൽ ഡീഗോ ഗ്വാൾപ എന്ന തദ്ദേശീയനായ ആൻഡിയൻ പര്യവേക്ഷകനാണ് സെറോ റിക്കോയിലെ സമ്പന്നമായ വെള്ളി ശേഖരം ആദ്യമായി കണ്ടെത്തിയതെന്നാണ്‌ കരുതുന്നത്‌. എന്നാൽ പിന്നീട്‌ ഈ പ്രദേശത്തേക്കെത്തിയ സ്പാനിഷുകാർ താമസിയാതെ വെള്ളിയുടെ ഈ ശേഖരത്തെക്കുറിച്ച്‌ അറിയുകയും പർവതത്തിന്റെ വെള്ളി സമ്പത്ത് പ്രയോജനപ്പെടുത്താൻ തുടങ്ങുകയും ചെയ്തു.


പതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ലോകത്തിലെ നാലാമത്തെ വലിയ നഗരമായി പൊട്ടോസി വളർന്നു. 200,000-ത്തിലധികം ആളുകൾ താമസിക്കുന്ന ഈ നഗരത്തിൽ നിന്നായിരുന്നു ലോകത്തിലെ വെള്ളിയുടെ 60 ശതമാനവും നൽകിയിരുന്നത്‌. എന്നാൽ അമിതമായ ഖനനം വെള്ളി ശേഖരത്തെ ശുഷ്‌കമാക്കി തുടങ്ങി. 1825-ൽ ബൊളീവിയ സ്വാതന്ത്ര്യം പ്രഖ്യാപിക്കുമ്പോൾ പൊട്ടോസിയുടെ പ്രതാപമെല്ലാം നശിച്ചിരുന്നു.


ഇരയായി മനുഷ്യരും പ്രകൃതിയും

ഇന്ന്‌ പൊട്ടോസിയിൽ നിന്ന്‌ സിങ്ക്, ടിൻ പോലുള്ള വിലകുറഞ്ഞ ധാതുക്കളാണ്‌ ലഭിക്കുന്നത്‌. അമിത ഖനനം മൂലം പർവതം ദുർബലമായി. ഖനികൾ അപകടം പതിഞ്ഞിരിക്കുന്ന ഇടങ്ങളായും മാറി. വളരെകുറവ്‌ ആയുർദൈർഘ്യമുള്ളവരാണ്‌ ബൊളീവിയൻ ഖനിത്തൊഴിലാളികൾ. ഖനികളിലെ പതിവ് അപകടങ്ങൾ ഇവരുടെ ജീവനെടുക്കുന്നു. മാത്രമല്ല നിരന്തരം വലിയ തോതിൽ സിലിക്ക ശ്വസിക്കുന്നത് മൂലമുണ്ടാകുന്ന വിട്ടുമാറാത്ത ശ്വാസകോശ രോഗമായ സിലിക്കോസിസും ഇവരെ മരണത്തിലേക്ക് നയിക്കുന്നു. തദ്ദേശീയർക്ക് ജീവിത മാർ​​ഗം ഒരുക്കുമ്പോഴും അതോടൊപ്പം മരണം വിതയ്ക്കുന്ന മനുഷ്യരെ തിന്നുന്ന പർവത നിരകൾ കൂടിയാണ് ഇവ.








deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home