ad
Deshabhimani

ധിക്കാല: രാംഗംഗയിലെ ഗജസാമ്രാജ്യം

SAJOHN ELEPHANT Dhikala.jpg

ഫോട്ടോ: സജോൺ എം പി

വെബ് ഡെസ്ക്

Published on May 30, 2026, 01:24 PM | 3 min read

രാംഗംഗ നദീതീരത്തെ വിശാലമായ പുൽമേടുകളും സമൃദ്ധമായ സാൽമരങ്ങളും ചേർന്ന അതിസുന്ദര വനലോകമാണ് ധിക്കാല. ജിം കോർബറ്റ് നാഷണൽ പാർക്കിന്റെ ഭാഗമായ ഈ പ്രദേശം ആനക്കൂട്ടങ്ങളാൽ സമൃദ്ധമാണ്. വേനലിൽ മറ്റു ജലസ്രോതസ്സുകൾ കുറയുമ്പോൾ കോർബറ്റ് ടൈഗർ റിസർവിന്റെ വടക്കു കിഴക്കൻ വനപ്രദേശത്തുനിന്നും നദീതീരത്തെ പുല്ലും വെള്ളവും തേടി ആനക്കൂട്ടങ്ങൾ എത്തുന്നത്. ആനകളെ കാണാനും ചിത്രം പകർത്താനുമാണ് വേനലിൽ സഞ്ചാരികൾ ഇവിടെ എത്തുന്നത്.


SAJOHN ELEPHANT Dhikala 1.jpgഫോട്ടോ: സജോൺ എം പി


മഞ്ഞിൽ നിറയുന്ന നിഴൽ മെല്ലെ മെല്ലെ വലിയ കൂട്ടങ്ങളായി കൺമുന്നിൽ തെളിയുന്ന കാഴ്ച. അതിൽ കുഞ്ഞാനകളെ സുരക്ഷിതമാക്കി നീങ്ങുന്ന അമ്മയാനകൾ. അതിനു കാവലായി സഞ്ചരിക്കുന്ന വലിയ കൊമ്പൻ, ഒറ്റയ്ക്കും കൂട്ടായും പലതായും ഒത്തുചേരുന്നതാണ് ധിക്കാലയുടെ ദൃശ്യഭാഷ.


RAJESH KANNAMBALLI ELEPHANT Dhikala 3.jpgഫോട്ടോ: രാജേഷ് കണ്ണമ്പള്ളി


ആനകൾ ഒരിടത്ത് മാത്രം താമസിക്കുന്ന ജീവികളെല്ല. ജലലഭ്യത, ഭക്ഷണം, സുരക്ഷ എന്നിവ അനുസരിച്ച് വലിയ ദൂരങ്ങൾ അവ സഞ്ചരിക്കുന്നു. നൂറ്റാണ്ടുകൾക്കപ്പുറത്തെ സഞ്ചാര പാതകൾ വരെ അവയുടെ ഓർമ്മയിൽ ഉണ്ടാകും. ധിക്കാലയിലെ ആനകളുടെ എണ്ണം വർധിക്കുന്നത് രാംഗംഗാനദി തീരത്തെ സമൃദ്ധി കൊണ്ടു മാത്രമല്ല, ആവാസവ്യവസ്ഥയുടെ വിഘടനം കൂടി കാരണമാണ്.


SAJITH KUMAR ELEPHANT Dhikala 10.jpgഫോട്ടോ: സജിത്ത് കുമാർ കെ ബി


ആനകളുടെ നടപ്പാതകളെ കീറിമുറിച്ച് നിർമിച്ച പുതിയ ഹൈവേകൾ നിർമാണ പ്രവർത്തനങ്ങൾ എന്നിവ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കുള്ള ആനകളുടെ സുഗമസഞ്ചാരത്തിന് തടസ്സമായിട്ടുണ്ട്. പണ്ട് വിശാല ഭൂമികയിൽ വിഹരിച്ചിരുന്ന ആനകൾ വലിയഭാഗം ഇന്ന് പുറത്തു പോകാൻ കഴിയാതെ കോർബറ്റ്- രാംനഗർ പരിധിയിൽ മാത്രം 'തളക്കപ്പെടുക'യും ചെയ്തിരിക്കുന്നു. ധിക്കാലയിലെ ആനസാന്ദ്രതയുടെ കാരണം ഈ തടവിലാക്കൽ കൂടിയാണ്.


SAJOHN  Dhikala 9.jpgഫോട്ടോ: സജോൺ എം പി


വിശാലമായ തേരായി ആർക്ക് ലാൻഡ്സ്കേപ്പിലൂടെ പടിഞ്ഞാറ് രാജാജി നാഷണൽ പാർക്കിലേക്കും കിഴക്ക് നേപ്പാൾ അതിർത്തികളെ ബർദിയ നാഷണൽ പാർക്കിലേക്കും യാതൊരു തടസ്സവും ഇല്ലാതെ ആനകൾ സഞ്ചരിച്ചിരുന്നു. നദിയുടെ ഇരുവശങ്ങളിലുമുള്ള ചില മൊട്ടിചൂർ വനങ്ങളും രാംനഗർ വന ഡിവിഷനിലെ കോസി നദി ഇടനാഴികളും ആനകളുടെ സ്വതന്ത്ര ജനിതക കൈമാറ്റത്തിന് വഴിതുറന്നിരുന്നു.


SAJOHN ELEPHANT Dhikala 2.jpgഫോട്ടോ: സജോൺ എം പി


ഇന്ന് നമ്മൾ കാണുന്ന കോർബറ്റിലെ വലിയ ആനക്കൂട്ടങ്ങൾ കേവലം പ്രകൃതിഭംഗിയുടെ അടയാളമല്ല, മറിച്ച് വരാൻ പോകുന്ന വലിയൊരു പാരിസ്ഥിതിക ദുരന്തത്തിന്റെ മുന്നറിയിപ്പ് കൂടിയാണ്. മൈഗ്രേഷൻ പാതകൾ പൂർണ്ണമായി അടയുന്നതും, ഉള്ളിലുള്ള പുൽമേടുകൾ കഞ്ചാവ് പോലുള്ള അധിനിവേശ സസ്യങ്ങൾ കൈയടക്കുന്നതും വനത്തിന്റെ ഉൾക്കൊള്ളൽ ശേഷിയെ ഗുരുതരമായി ബാധിക്കും.


SAJOHN ELEPHANT Dhikala 9.jpgഫോട്ടോ: സജോൺ എം പി


മറ്റൊരു പ്രധാന വെല്ലുവിളി മറ്റ് കാടുകളിലെ ആനക്കൂട്ടങ്ങളുമായി ജനിതക കൈമാറ്റം നടക്കാതെ വരുമ്പോൾ, ഒരേ വംശാവലിയിൽ പെട്ടവർ തമ്മിലുള്ള പ്രജനനം വഴി ജനിക്കുന്ന കുട്ടിയാനകൾക്ക് രോഗപ്രതിരോധ ശേഷി കുറയുകയും വംശനാശസാധ്യത കൂടുകയും ചെയ്യും. ഇതിനെല്ലാ പുറമെ, തങ്ങളുടെ സ്വാഭാവിക ഇടനാഴികളും ഭക്ഷണവും നഷ്ടപ്പെടുന്ന ആനകൾ മനുഷ്യവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് വഴി 'മനുഷ്യ- മൃഗ സംഘർഷങ്ങൾക്കും സാധ്യതയുണ്ട്.


RAJESH KANNAMBALLI Dhikala 4.jpgഫോട്ടോ: രാജേഷ് കണ്ണമ്പള്ളി


ആനയെ കൂടാതെ കടുവ, പുള്ളിപ്പുലി, മ്ലാവ്, കേഴമാൻ, കാട്ടുപന്നി, ഹനുമാൻ കുരങ്ങ്, റിസസ് കുരങ്ങ് തുടങ്ങിയവയും ഇവിടെയുണ്ട്. ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ പക്ഷി വൈവിധ്യമുള്ള വനമേഖല കൂടിയാണ് ഇവിടം. കോർബറ്റിലേക്ക് പോകുന്ന ഒരാൾ കടുവയെ മാത്രം അന്വേഷിക്കരുത് എന്നാണ് പറയാറ്. ചിലപ്പോൾ അതിനെ കണ്ടെന്ന് വരില്ല. എല്ലായിപ്പോഴും കടുവയെ കാണാൻ ആവില്ലെങ്കിലും ഏതുനിമിഷവും അത് മുന്നിൽപ്പെടാവുന്ന ഒരു നിശബ്ദ ശക്തിയായി നിലനിൽക്കുന്നു. കടുവ വനത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്തുകയും സസ്യ ബുക്കുകളുടെ എണ്ണത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു.


SAJOHN tiger Dhikala 5.jpgഫോട്ടോ: സജോൺ എം പി


കടുവയെ കണ്ടില്ലെങ്കിൽ കാട്ടിൽ ഒന്നുമില്ലെന്ന് യാത്രികൻ കരുതരുത്. കടുവ സ്വയം വെളിപ്പെടുത്താൻ ഇഷ്ടപ്പെടുന്ന ജീവിയല്ല. മരത്തണലിലോ കുറ്റിക്കാടുകളിലോ ഒളിച്ചിരിക്കുകയായാവാം. വനപാതയിലെ മണ്ണിൽ അതിന്റെ കാലടികൾ കാണാം. മാനുകൾ നൽകുന്ന മുന്നറിയിപ്പ് ശബ്ദമോ കുരങ്ങുകൾ മരമുകളിൽ കയറി ഒരേ ദിശയിലേക്ക് നോക്കുമ്പോഴോ കാട്ടിൽ പെട്ടെന്നൊരു നിശബ്ദത പടരുന്നുവെങ്കിലോ അവിടെ കടുവയുടെ സാന്നിധ്യം ഉണ്ടാകുന്നു. കടുവയെ കാണാതെതിരുന്നാലും, അതിന്റെ സാന്നിധ്യം അനുഭവിക്കുക എന്നത് മികച്ച വനാനുഭവമാണ്.


SAJOHN tiger Dhikala 6.jpgഫോട്ടോ: സജോൺ എം പി


എല്ലാ വന്യജീവി ഫോട്ടോഗ്രാഫർമാരുടെയും പ്രധാന ലക്ഷ്യമാണ് കോർബെറ്റിലെ ധിക്കാല. നദീതീര ദൃശ്യങ്ങൾ, പക്ഷി നിരീക്ഷണം, ആനക്കൂട്ടങ്ങൾ, കടുവാ ദർശനം, സഫാരി ഇവയെല്ലാം പ്രകൃതി സ്നേഹികളെയും ഫോട്ടോഗ്രാഫർമാരെയും ധിക്കാലയിലേക്ക് ആകർഷിക്കുന്നു. ഇവിടെയുള്ള പ്രവേശനതിന് മുൻകൂട്ടിയുള്ള ഓൺലൈൻ ബുക്കിങ് നിർബന്ധമാണ്. സഫാരി, പ്രവേശന പെർമിറ്റ് എന്നിവയും ഒരുമിച്ചാണ് ഓൺലൈൻ ബുക്കിങ്. ഓൺലൈൻ പ്രവേശന അനുമതി സാധ്യത വളരെ കുറവായതിനാൽ രാംനഗറിലെ ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്ററിലെ അപേക്ഷപ്രകാരവും പ്രവേശനം അനുവദിക്കുന്നുണ്ട്.


SAJOHN  Dhikala 7.jpgഫോട്ടോ: സജോൺ എം പി


രാംനഗറിലെ പ്രവേശന കവാടത്തിൽ നിന്നും 31 കിലോമീറ്റർ ഉൾക്കാട്ടിലൂടെ സഞ്ചരിച്ചാൽ താമസസ്ഥലത്ത് എത്തിച്ചേരാം. ഏപ്രിൽ മെയ് മാസങ്ങളിൽ രാവിലെ 5.30 മുതൽ 9.30 വരെയും വൈകിട്ട് മൂന്ന് മണി മുതൽ ഏഴ് മണി വരെയുമാണ് കാട്ടിലേക്കുള്ള അനുമതി. ക്യാമ്പസിനകത്തേക്ക് മൃഗങ്ങൾ പ്രവേശിക്കാനാവാതെ ഇലക്ട്രിക് വേലി സുരക്ഷ ഒരുക്കിയിട്ടുണ്ട്.


SAJOHN  Dhikala 8.jpgഫോട്ടോ: സജോൺ എം പി


സുപ്രീംകോടതി ഉത്തരവുള്ളതിനാൽ മൊബൈൽ ഫോൺ ഫോട്ടോഗ്രാഫി അനുവദിക്കുന്നില്ല. കാടിന്റെ നിയമങ്ങൾ പാലിച്ചു പ്രകൃതിയോടണങ്ങിയ മനുഷ്യർക്ക് ഈ വനാനുഭൂതി ഒരിക്കൽ കണ്ടാൽ ജീവിതം മുഴുവൻ നിലനിൽക്കുന്ന ചിത്രം പോലെ മനസ്സിൽ മായാതെ നിൽക്കും. വനത്തെ ഇഷ്ടപ്പെടുന്നവർ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്വപ്നഭൂമിയാണ് ഇവിടം.


എഴുത്തും ചിത്രങ്ങളും: രാജേഷ് കണ്ണമ്പള്ളി, സജിത്ത് കുമാർ കെ ബി, സജോൺ എം പി



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home