'സോഷ്യൽ മീഡിയ അടിമയാക്കി' മെറ്റയും യുട്യൂബും ചേര്‍ന്ന് 27 കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധി

കോടതിക്ക് മുൻപിൽ നഷ്ടപ്പെട്ട മക്കളുടെ പേരുമായി രക്ഷിതാക്കളുടെ പ്രതിഷേധം
ലോസ് ഏഞ്ചൽസ്: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ബോധപൂർവ്വം കുട്ടികളെ അടിമകളാക്കുന്ന രീതിയിൽ രൂപകൽപ്പന ചെയ്തതിനും കൗമാരക്കാരുടെ മാനസികാരോഗ്യത്തെ തകർത്തതിനും മെറ്റയെയും യൂട്യൂബിനെയും കുറ്റക്കാരായി വിധിച്ചു. ഫേസ്‌ബുക്ക്, ഇൻസ്റ്റാഗ്രാം ഉടമകൾ ഉൾപ്പെടെ കേസിൽ ഉത്തരവാദികളാണ്. കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസ് സുപ്പീരിയർ കോടതിയുടെതാണ് വിധി.
കഴിഞ്ഞയാഴ്ച പുറത്തു വന്ന വിധി സോഷ്യൽ മീഡിയ രംഗത്ത് വലിയ ചര്‍ച്ചകൾക്കും മാറ്റങ്ങൾക്കും തുടക്കമിടുന്നതാണ്. സോഷ്യൽ മീഡിയയിലെ കണ്ടന്റുകളെയും അവയോടുള്ള കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ വിധേയത്വത്തെയും കുറ്റം പറഞ്ഞ് മീഡിയ കമ്പനികളെ സംരക്ഷിച്ചിരുന്നിടത്തു നിന്നും കേസ് മാറുകയാണ്. അടിമകളായി മാറുന്നവരും കണ്ടന്റ് സൃഷ്ടിക്കുന്നവരുമല്ല. ഇവയുടെ സംവിധാനം തന്നെ അടിമത്തം സൃഷ്ടിക്കുന്നതാണെന്നാണ് കോടതിയുടെ കണ്ടെത്തൽ.
പരാതിക്കാരിയായ യുവതിക്ക് 3 ദശലക്ഷം ഡോളർ (ഏകദേശം 25 കോടി രൂപ) നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. ഇതിന്റെ 70% മെറ്റയും 30% യൂട്യൂബും വഹിക്കണം. കൂടാതെ, 3 ദശലക്ഷം ഡോളർ ശിക്ഷാപരമായ പിഴയായും (Punitive damages) കോടതി വിധിച്ചു.
കെയ്ലി എന്ന ഇരുപതുകാരിയുടെ അനുഭവം
20 വയസ്സുകാരിയായ 'കെയ്ലി' ആണ് ഈ കേസ് നൽകിയത്. ആറാം വയസ്സിൽ യൂട്യൂബും ഒമ്പതാം വയസ്സിൽ ഇൻസ്റ്റാഗ്രാമും ഉപയോഗിച്ചു തുടങ്ങിയ താൻ, ഈ ആപ്പുകളുടെ 'ഡിസൈൻ' കാരണം മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് ഇരയായെന്ന് കെയ്ലി കോടതിയിൽ മൊഴി നൽകി.
തളച്ചിടൽ വേണ്ട
ഇൻഫിനിറ്റ് സ്ക്രോളിംഗ് (Infinite Scroll), ഓട്ടോപ്ലേ (Autoplay), അൽഗോരിതം അടിസ്ഥാനമാക്കിയുള്ള നോട്ടിഫിക്കേഷനുകൾ എന്നിവ കുട്ടികളെ മണിക്കൂറുകളോളം ആപ്പിൽ തളച്ചിടാൻ വേണ്ടി മാത്രം നിർമ്മിച്ചതാണെന്ന് ജൂറി കണ്ടെത്തി. പ്ലാറ്റ്‌ഫോമിലെ ഉള്ളടക്കത്തേക്കാൾ (Content), ആപ്പുകൾ നിർമ്മിച്ചിരിക്കുന്ന രീതിയാണ് ഉപയോക്താക്കളെ ദോഷകരമായി ബാധിച്ചതെന്ന് കോടതി നിരീക്ഷിച്ചു.
ഇൻസ്റ്റാഗ്രാം കൗമാരക്കാരായ പെൺകുട്ടികളുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് കമ്പനിക്ക് നേരത്തെ അറിയാമായിരുന്നുവെന്ന് തെളിയിക്കുന്ന 'ഫേസ്ബുക്ക് ഫയലുകൾ' കോടതിയിൽ ഹാജരാക്കി. ഫ്രാൻസസ് ഹൗഗൻ എന്ന മുൻ ജീവനക്കാരി നൽകിയ മൊഴികളും പ്ലാറ്റ്‌ഫോം ഡിസൈനും Compulsive Use-ഉം തമ്മിലുള്ള ബന്ധം ശരിവെക്കുന്നതായി കോടതി കണ്ടെത്തി.
സോഷ്യൽ മീഡിയ അഡിക്ഷൻ മൂലം നഷ്ടമായ മക്കളുടെ ചിത്രങ്ങളുമായി രക്ഷിതാക്കൾ
ചരിത്രപരമായ മാറ്റം
സാധാരണയായി സോഷ്യൽ മീഡിയ കമ്പനികൾ നിയമപരമായ പരിരക്ഷ ഉപയോഗിച്ച് ഇത്തരം കേസുകളിൽ നിന്ന് രക്ഷപ്പെടാറാണ് പതിവ്. എന്നാൽ ഈ വിധി അമേരിക്കയിൽ നിലനിൽക്കുന്ന നിയമപരിരക്ഷയെ മറികടന്ന്, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെ ഒരു 'തകരാറുള്ള ഉൽപ്പന്നം' (Defective product) എന്ന നിലയിൽ കണക്കാക്കി. ഇത് ലോകമെമ്പാടുമുള്ള സമാനമായ 1,600-ഓളം കേസുകളിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തും.
മെറ്റയും യൂട്യൂബും ഈ വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. എങ്കിലും, ടെക് കമ്പനികൾക്ക് തങ്ങളുടെ പ്ലാറ്റ്‌ഫോമുകളുടെ രൂപകൽപ്പനയിൽ വരുത്തേണ്ടി വരുന്ന വലിയ മാറ്റങ്ങളുടെ തുടക്കമായാണ് നിയമവിദഗ്ധർ ഈ വിധിയെ കാണുന്നത്.
ഇന്ത്യയിൽ എന്ത് സംഭവിക്കും
ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ സോഷ്യൽ മീഡിയയിലെ കണ്ടന്റിന്റെ പേരിലാണ് ഏറ്റവും അധികം വിമര്‍ശനങ്ങളും നിയമ നീക്കങ്ങളും നടന്നിട്ടുള്ളത്. കണ്ടന്റ് സൃഷ്ടിക്കുന്നവരും അവ കാണുന്നവരും പ്രതികളായി വരുന്ന രീതിയിൽ ചര്‍ച്ചകൾ മാറി. നിയമ നിര്‍മ്മാണം പലപ്പോഴും കേന്ദ്ര സര്‍ക്കാരിന്റെ സ്വയം പ്രതിരോധവും രാഷ്ട്രീയ പ്രചരണവും ലക്ഷ്യമാക്കി ചുരുങ്ങി.
ലോകം ഇതിനെ ഇപ്പോൾ പുതിയ രീതിയിൽ ചര്‍ച്ച ചെയ്യുകയാണ്. നിര്‍മ്മിത ബുദ്ധി സംവിധാനങ്ങൾ വ്യാപകമാവുന്നതോടെ മനുഷ്യര്‍ക്ക് മുന്നിൽ ഉയര്‍ന്നു വരാവുന്ന നൈതികതയുടെയും മാനുഷികതയുടെയും പ്രശ്നങ്ങളിൽ തന്നെയാണ് കോടതി മാര്‍ഗ്ഗ നിര്‍ദ്ദേശത്തിന് തുടക്കമിട്ടിരിക്കുന്നത്.
ലോസ് ഏഞ്ചൽസ് കൗണ്ടി സുപ്പീരിയർ കോർട്ട് (Los Angeles County Superior Court) ജഡ്ജി കരോലിൻ ബി. കൂൾ (Hon. Carolyn B. Kuhl) ആണ് വിധി പുറപ്പെടുവിച്ചത്. മെറ്റയും ഗൂഗിളും ഈ വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. അപ്പീൽ പോകുമ്പോൾ ഈ വിധി ശരിവെക്കപ്പെടുകയാണെങ്കിൽ വലിയ മാറ്റങ്ങൾ വരും. സോഷ്യൽ മീഡിയ ആപ്പുകളുടെ രൂപകൽപ്പന വെറും കാര്യക്ഷമതയുടെ മാത്രം അടിസ്ഥാനത്തിലല്ല മറിച്ച് അത് സമൂഹത്തിലും മാനസികാരോഗ്യത്തിലും ഉണ്ടാക്കുന്ന ആഘാതം കൂടി പരിഗണിച്ചായിരിക്കണം എന്ന് വരും. സോഷ്യൽ മീഡിയ ഭീമൻമാരുടെ തന്നിഷ്ട സമീപനങ്ങൾ ലോകം ശ്രദ്ധിച്ചു തുടങ്ങും.
അൽഗോരിതങ്ങളിലെ സുതാര്യത
അൽഗോരിതങ്ങളിൽ സുതാര്യത കൊണ്ടുവരാനും, കുട്ടികളെ ആകർഷിക്കുന്ന തരം ഡിസൈനുകൾ ഒഴിവാക്കാനും കമ്പനികൾ നിർബന്ധിതരാകും. ഒരു ഉത്പന്നം കേടുപാടുള്ളതാണെങ്കിൽ (Defective product) നിർമ്മാതാവ് ഉത്തരവാദിയാകുന്നതുപോലെ ഇവിടെയും കമ്പനികൾ ഉത്തരവാദികളാണെന്ന് കോടതി ഈ കേസിൽ നിരീക്ഷിച്ചിട്ടുണ്ട്.
ഓസ്‌ട്രേലിയ, യു.കെ തുടങ്ങിയ രാജ്യങ്ങൾ ഇതിനകം തന്നെ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിയന്ത്രിക്കാനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു. അമേരിക്കയിലെ കാലിഫോർണിയയിലും കർശനമായ നിയമങ്ങൾ ആലോചനയിലാണ്.










0 comments