ad
Deshabhimani

ആയുധ പന്തയം ഭ്രമണപഥത്തിലേക്കും, സ്റ്റാർലിങ്ക് ഉപഗ്രങ്ങൾ ആക്രമണ ലക്ഷ്യമാവാമെന്ന് റിപ്പോർട്

star wars
avatar
എൻ എ ബക്കർ

Published on Dec 22, 2025, 02:03 PM | 3 min read

രാജ്യങ്ങൾ തമ്മിലുള്ള ആഗോള ആയുധപന്തയം ഭ്രമണ പഥത്തിലേക്കും വ്യാപിക്കുന്നു. അതി സാങ്കേതിക ആശ്രിതത്വമുള്ള ആയുധങ്ങളെ ബഹിരാകാശത്ത് തന്നെ നിർവ്വീര്യമാക്കാനുള്ള മത്സരമാണ്. എലോൺ മസ്‌കിന്റെ സ്റ്റാർലിങ്ക് ഉപഗ്ര സമൂഹത്തെ ഇത്തരത്തിൽ റഷ്യ ലക്ഷ്യമിട്ടതായി പറയുന്ന റിപ്പോർട് ചോർന്നു.


രണ്ട് നാറ്റോ രാജ്യ രഹസ്യാന്വേഷണ ഏജൻസികളുടെ കണ്ടെത്തലുകൾ അസോസിയേറ്റഡ് പ്രസ്സ് കഴിഞ്ഞ ദിവസം പുറത്തു വിട്ടു.


"സോൺ-ഇഫക്റ്റ്" എന്ന് വിളിക്കപ്പെടുന്ന ആയുധ പ്രയോഗമാണ് ഇവയിൽ ഒന്ന്. ഇതിന് സ്റ്റാർലിങ്ക് ഭ്രമണപഥങ്ങളെ ലക്ഷക്കണക്കിന് ഉയർന്ന സാന്ദ്രതയുള്ള പെല്ലറ്റുകൾ ഉപയോഗിച്ച് നിറയ്ക്കാൻ കഴിയും. ഒന്നിലധികം ഉപഗ്രഹങ്ങളെ ഒരേസമയം പ്രവർത്തനരഹിതമാക്കുകയും ഭ്രമണപഥ സംവിധാനങ്ങൾക്ക് വിനാശകരമായ നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്യമെന്ന് റിപ്പോർട് പറയുന്നു.


കമ്മ്യൂണിക്കേഷൻസ്, പ്രതിരോധം, മറ്റ് സുപ്രധാന ആവശ്യങ്ങൾ എന്നിവയ്ക്കായി ആയിരക്കണക്കിന് കൃത്രിമ ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലുണ്ട്. റഷ്യയും അമേരിക്കയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഇവയെ ലക്ഷ്യമാക്കിയുള്ള ആയുധ പദ്ധതികളുണ്ട് എന്നും പറയുന്നു.


ഇത്തരത്തിൽ ഒരു ആയുധ മത്സരത്തിന് രാജ്യങ്ങൾ തത്കാലം മുതിരില്ലെന്ന് കരുതുന്നവരും ഉണ്ട്. സെക്യുർ വേൾഡ് ഫൗണ്ടേഷനിലെ ബഹിരാകാശ സുരക്ഷാ വിദഗ്ധയായ വിക്ടോറിയ സാംസൺ "സത്യം പറഞ്ഞാൽ, അവർ അങ്ങനെ എന്തെങ്കിലും ചെയ്താൽ ഞാൻ വളരെ ആശ്ചര്യപ്പെടും." എന്നാണ് വാർത്തകളോട് പ്രതികരിച്ചത്. കാരണം അവർക്ക് നഷ്ടപ്പെടാൻ ഒത്തിരിയുണ്ട്. ആയതിനാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ രാജ്യങ്ങൾ ഇങ്ങനെ ഒരു ആയുധ സംവിധാനത്തിന് മുതിരില്ല എന്നാണ് വിലയിരുത്തൽ.


1230


അപ്പോഴും, ബഹിരാകാശ അധിഷ്ഠിത ആണവ ആയുധ സാധ്യത പോലും  തള്ളിക്കളയാനാവില്ലെന്ന് കനേഡിയൻ മിലിട്ടറിയുടെ ബഹിരാകാശ വിഭാഗത്തിന്റെ കമാൻഡർ ബ്രിഗേഡിയർ ജനറൽ ക്രിസ്റ്റഫർ ഹോണർ പറഞ്ഞു.


ആണവ ബഹിരാകാശ ആയുധങ്ങൾ വിന്യസിക്കാൻ റഷ്യയ്ക്ക് ഉദ്ദേശ്യമില്ലെന്ന് പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ നേരത്തെ ലോകത്തിന് മുൻപാകെ വ്യക്തമാക്കിയിരുന്നു. അതേസമയം ഉക്രെയ്‌നിന്റെ സൈന്യത്തിന് സേവനം നൽകുന്ന വാണിജ്യ ഉപഗ്രഹങ്ങൾ നിയമാനുസൃത ലക്ഷ്യങ്ങളാകാമെന്ന് റഷ്യ മുന്നറിയിപ്പ് നൽകുകയും ചെയ്തു.


ആശയവിനിമയത്തിനും ലക്ഷ്യമിടലിനും ഉക്രേനിയൻ സൈന്യം മുൻനിരയിൽ തന്നെ SpaceX-ന്റെ Starlink ഉപഗ്രഹനിരയെ ഉപയോഗിക്കുന്നുണ്ട്.


ആകാശ അതിരിലെ ആയുധ പന്തയം


താഴ്ന്ന ഭ്രമണപഥത്തിലെ ലക്ഷ്യങ്ങളെ ആക്രമിക്കാൻ കഴിവുള്ള ഒരു പുതിയ ഭൂതല മിസൈൽ സംവിധാനമായ S-500 വിന്യസിച്ചതായി റഷ്യ വെളിപ്പെടുത്തിയിരുന്നു. 2021 ൽ ഇത്തരത്തിൽ പ്രവർത്തന രഹിതമായ ഒരു ഉപഗ്രഹത്തെ നശിപ്പിക്കയും ചെയ്തു.


യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് ഇതിനകം തന്നെ ഉപഗ്രഹങ്ങളെ ആക്രമിക്കാനുള്ള കഴിവുണ്ട്. എന്നാൽ 1967 ലെ ബഹിരാകാശ ഉടമ്പടി ബഹിരാകാശത്ത് ആണവായുധങ്ങൾ ഉപയോഗിക്കുന്നത് വ്യക്തമായി നിരോധിച്ചിട്ടുണ്ട്. ഔട്ടർ സ്പേസ് ഉടമ്പടി പ്രാബല്യത്തിൽ വരുന്നതിനും വർഷങ്ങൾക്ക് മുൻപ് "സ്റ്റാർഫിഷ് പ്രൈം" എന്നപേരിലുള്ള ഒരു പരീക്ഷണത്തിൽ അമേരിക്ക പസഫിക് സമുദ്രത്തിന് മുകളിൽ 1.4 മെഗാടൺ ആണവായുധം പരീക്ഷിച്ചിരുന്നു.


ഇത് വലിയ വിമർശനങ്ങൾക്ക് കാരണമാക്കി. സ്ഫോടനം ഇലക്ട്രോണിക്‌സിനെയും ആശയവിനിമയത്തെയും തടസ്സപ്പെടുത്തുന്ന ഒരു ഇലക്ട്രോമാഗ്നറ്റിക് പൾസ് (EMP) സൃഷ്ടിച്ചു. ഏകദേശം 900 മൈൽ അകലെയുള്ള ഹവായിയിലെ തെരുവുവിളക്കുകളെ തകർക്കാൻ വരെ തക്ക ശക്തിയുള്ളതായിരുന്നു ഇത്. മാത്രമല്ല ഇത് സൃഷ്ടിച്ച കൃത്രിമ വികിരണ മണ്ഡലം തുടർന്നുള്ള ദിവസങ്ങളിലും താഴ്ന്ന ഭൂ ഭ്രമണപഥത്തിലെ നിരവധി ഉപഗ്രഹങ്ങളുടെ പ്രവർത്തനത്തെ താറുമാറാക്കി.


ചോർന്നത് പഴയ വിവരങ്ങളോ


റഷ്യ ഒരു ബഹിരാകാശ അധിഷ്ഠിത ആണവ റിയാക്ടർ വികസിപ്പിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട് പറയുന്നു. സൈദ്ധാന്തികമായി ഇത് ഭ്രമണപഥത്തിലെ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് ഊർജ്ജം പകരാൻ ഉപയോഗിക്കാം.


അതേസമയം ബഹിരാകാശ അധിഷ്ഠിത ഇലക്ട്രോണിക് യുദ്ധത്തിനായും ഇത് ഉപയോഗിക്കാമെന്ന അനുമാനമുണ്ട്. ഉപഗ്രഹങ്ങളെ പ്രവർത്തനരഹിതമാക്കുന്ന ഏതെങ്കിലും തരത്തിലുള്ള ജാമിംഗ് ഉപകരണമോ മറ്റ് ആയുധമോ പവർ ചെയ്യാൻ റിയാക്ടർ ഉപയോഗിക്കാം.


യുഎസ് സൈന്യം സമീപ വർഷങ്ങളിൽ ബഹിരാകാശ അധിഷ്ഠിത ആണവോർജ്ജത്തിലും നിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ട്. ജോയിന്റ് എമർജന്റ് ടെക്നോളജി സപ്ലൈയിംഗ് ഓൺ-ഓർബിറ്റ് ന്യൂക്ലിയർ പവർ (ജെറ്റ്സൺ) ഹൈ പവർ പ്രോഗ്രാം എന്നാണിത് വിളിക്കപ്പെടുന്നത്.


ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ഭാവി യാത്രകൾക്കായി ആണവോർജ്ജ സ്രോതസ്സുകൾ വികസിപ്പിക്കുന്നതിനാണ് ഇത് ഉപയോഗിക്കുന്നത് എന്നാണ് വിശദീകരണം. ആഴത്തിലുള്ള ബഹിരാകാശ പര്യവേഷണത്തിനായി ഒരു ആണവ പവർ റോക്കറ്റ് വികസിപ്പിക്കുന്നതിന് ഡിഫൻസ് അഡ്വാൻസ്ഡ് റിസർച്ച് പ്രോജക്ട്സ് ഏജൻസിയും നാസയുമായി സഹകരിച്ച് പദ്ധതി തയാറാക്കിയിരുന്നു.


വാർത്താ ഏജൻസിക്ക് കണ്ടെത്തലുകളിലെ നിഗമനങ്ങൾ സ്വതന്ത്രമായി പരിശോധിക്കാൻ കഴിയില്ലെന്ന് വ്യവസ്ഥ ചെയ്താണ് ഇന്റലിജൻസ് വിവരങ്ങൾ എപി പുറത്ത് വിട്ടിട്ടുള്ളത്. ഇവ നാറ്റോ രാജ്യങ്ങളിലെ ഏജൻസികളാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home