ആയുധങ്ങളിൽ എഐ ഉപയോഗിക്കാൻ കൂട്ടുനിന്നില്ല; 'ക്ലോഡ്'ചാറ്റ്ബോട്ടിന് വിലക്ക്

വാഷിങ്ടൺ: യുഎസ് സൈനിക സംവിധാനങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട യു എസ് ഭരണകൂടവും പ്രമുഖ എഐ സ്റ്റാർട്ടപ്പായ ആന്ത്രോപ്പിക്കും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. കമ്പനിയെ 'വിതരണ ശൃംഖലയിലെ ഭീഷണി' (Supply Chain Risk)ആയി യു എസ് പ്രഖ്യാപിച്ചു. ഇതോടെ ക്ലോഡിന്റെ യു എസിലെ സാന്നിധ്യം പരിമിതപ്പെടും.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിഭാവനയിലുള്ള 'ഗോൾഡൻ ഡോം'മിസൈൽ പ്രതിരോധ പദ്ധതിക്കു കീഴിൽ നിര്‍മ്മിത ബുദ്ധി നിയന്ത്രിത ആയുധങ്ങൾ നിര്‍മ്മിക്കാൻ എഐ സംവിധാനങ്ങളെ വിട്ടു നൽകാത്തതാണ് അന്ത്രോപികിനെ വിലക്കുന്നതിലേക്ക് എത്തിച്ചത്. ബഹിരാകാശത്ത് യുഎസ് ആയുധങ്ങൾ വിന്യസിക്കാനും ശത്രുരാജ്യങ്ങളുടെ മിസൈലുകളെ നിമിഷങ്ങൾക്കുള്ളിൽ തകർക്കാനും ലക്ഷ്യമിടുന്നതാണ് ഈ പദ്ധതി. ഒപ്പം വ്യക്തികളുടെ സ്വകാര്യത കവര്‍ന്നു നൽകുന്ന സംവിധാനം ഒരുക്കാനും ആവശ്യപ്പെട്ടു. ആന്ത്രോപിക് രണ്ടും തളളി.
ആദ്യ ഘട്ടമായി കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പടുത്തിയിരുന്നു. വിതരണ ശൃംഖലയിലെ ഭീഷണിയായ പ്രഖ്യാപിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. പൗരന്മാരുടെ കൂട്ട നിരീക്ഷണം, മനുഷ്യ ഇടപെടലില്ലാതെ പ്രവർത്തിക്കുന്ന മാരകമായ ആയുധങ്ങൾ എന്നിവയിൽ തങ്ങളുടെ 'ക്ലോഡ്'എഐ മോഡൽ ഉപയോഗിക്കാൻ അനുമതി നൽകാനാവില്ല എന്ന നിലപാടിൽ കമ്പനി ഉറച്ചു നിന്നു.
Related News
"ചൈനീസ് ഹൈപ്പർസോണിക് മിസൈലുകളെ നേരിടാൻ വെറും 90സെക്കൻഡ് മാത്രം ലഭിക്കുന്ന സാഹചര്യത്തിൽ, മനുഷ്യനേക്കാൾ വേഗത്തിൽ തീരുമാനമെടുക്കാൻ സ്വയം നിയന്ത്രിത എഐ സംവിധാനങ്ങൾ ആവശ്യമാണ്" എന്നാണ് ആന്ത്രോപിക് നിലപാടിനെതിരെ യു എസ് പ്രതിരോധ അണ്ടർ സെക്രട്ടറി എമിൽ മൈക്കൽ വാദിച്ചത്. ആന്ത്രോപ്പിക്കിന്റെ ധാർമ്മിക നിയന്ത്രണങ്ങൾ സൈനിക നീക്കങ്ങൾക്ക് തടസ്സമാണെന്നും ആരോപിച്ചു.
"യുദ്ധക്കളത്തിൽ വിശ്വസിക്കാൻ കൊള്ളാവുന്ന ഒരു പങ്കാളിയെയാണ് ഞങ്ങൾക്ക് ആവശ്യം.നിർണ്ണായക ഘട്ടത്തിൽ പിന്മാറുന്നവരെയല്ല," -എന്ന നിലയിൽ ധാര്‍മ്മികതയുടെ എല്ലാ വശങ്ങളെയും യു എസ് തള്ളി.
തർക്കം മുറുകിയതോടെ, ഫെഡറൽ ഏജൻസികളോട് ക്ലോഡ് ചാറ്റ്ബോട്ട് ഉപയോഗിക്കുന്നത് നിർത്താൻ പ്രസിഡന്റ് ട്രംപ് ഉത്തരവിട്ടു. എന്നാൽ ഇത് എളുപ്പമായിരുന്നില്ല. നിലവിൽ ഇറാൻ യുദ്ധം ഉൾപ്പെടെയുള്ള തന്ത്രപ്രധാന മേഖലകളിൽ ഈ സംവിധാനം ഉപയോഗിക്കുന്നതിനാൽ വെല്ലുവിളിയായി. ഇത് തിരിച്ചറിഞ്ഞതോടെ,ഘട്ടം ഘട്ടമായി ഒഴിവാക്കാൻ ആറുമാസത്തെ സമയം നൽകി.

ഗൂഗിൾ,ഓപ്പൺ എഐ (OpenAI),ഇലോൺ മസ്കിന്റെ xAIതുടങ്ങിയ കമ്പനികൾ സൈന്യത്തിന്റെ എല്ലാ 'നിയമപരമായ ആവശ്യങ്ങൾക്കും' സാങ്കേതികവിദ്യ നൽകാൻ സമ്മതിച്ചതായി മൈക്കൽ വെളിപ്പെടുത്തി.
പെന്റഗണിന്റെ 'റിസ്ക്'പട്ടികയിൽ ഉൾപ്പെട്ടതിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ആന്ത്രോപ്പിക്. തങ്ങൾ സൈനിക തീരുമാനങ്ങളിൽ ഇടപെടാൻ ശ്രമിച്ചിട്ടില്ലെന്നും,പകരം സാങ്കേതികവിദ്യയുടെ ദുരുപയോഗം തടയാൻ മാത്രമാണ് ശ്രമിച്ചതെന്നുമാണ് കമ്പനിയുടെ സിഇഒ ഡാരിയോ അമോഡി പറയുന്നത്. വരും ദിവസങ്ങളിൽ ഈ തർക്കം യുഎസ് കോടതികളുടെ പരിഗണനയിലേക്ക് എത്തും.











0 comments