കമ്പ്യൂട്ടർ ഉപയോഗവും എഐ ചെയ്യും; പുത്തൻ മോഡലുമായി ഓപ്പൺ എഐ

സാൻ ഫ്രാൻസിസ്കോ: സങ്കീർണ്ണമായ ഓഫീസ് ജോലികൾ സ്വയം ഏറ്റെടുക്കാൻ ശേഷിയുള്ള പുതിയ എഐ മോഡൽ 'ജിപിടി-5.4' പുറത്തിറക്കി ഓപ്പൺ എഐ. സ്പ്രെഡ്ഷീറ്റുകൾ തയ്യാറാക്കുക, പ്രസന്റേഷൻ നിർമ്മിക്കുക, രേഖകൾ വിശകലനം ചെയ്യുക തുടങ്ങിയ പ്രൊഫഷണൽ ജോലികൾ ഈ മോഡൽ ഉപയോഗിച്ച് വേഗത്തിൽ പൂർത്തിയാക്കാം.
ഉപയോക്താവിന് വേണ്ടി കമ്പ്യൂട്ടറിലെ വിവിധ ആപ്ലിക്കേഷനുകൾ നേരിട്ട് പ്രവർത്തിപ്പിക്കാനുള്ള കഴിവും ഈ മോഡലിന്റെ പ്രത്യേകതയാണ്. മനുഷ്യർ കമ്പ്യൂട്ടർ ഉപയോഗിക്കുന്നത് പോലെ തന്നെ കീബോർഡ്, മൗസ് കമാൻഡുകൾ നൽകാനും സ്ക്രീൻഷോട്ടുകൾ നോക്കി സാഹചര്യം മനസ്സിലാക്കി പ്രവർത്തിക്കാനും ജിപിടി-5.4-ന് സാധിക്കും.
ഇതിനുപുറമെ, കൂടുതൽ ചിന്തിച്ച് മറുപടി നൽകുന്ന 'ജിപിടി-5.4 തിങ്കിംഗ്' എന്ന പതിപ്പും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. മുൻ മോഡലുകളെ അപേക്ഷിച്ച് വസ്തുതാപരമായ തെറ്റുകൾ 33 ശതമാനം കുറവാണെന്നും ഓപ്പൺ എഐ അവകാശപ്പെടുന്നു. ചാറ്റ് ജിപിടി പ്ലസ്, ടീം, പ്രോ വരിക്കാർക്ക് പുതിയ സേവനം ഉടൻ ലഭ്യമാകും.
വെബ് പതിപ്പിലും ആൻഡ്രോയിഡ് ആപ്പിലും നിലവിൽ ഈ സേവനം ലഭ്യമാണ്. ഐഒഎസ് പതിപ്പിൽ ഉടൻ പുറത്തിറക്കും. കേവലം ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിൽ നിന്ന് മാറി, ഡിജിറ്റൽ ഏജന്റുകളെപ്പോലെ പ്രവർത്തിക്കുന്ന എഐ സംവിധാനങ്ങളിലേക്കുള്ള വലിയൊരു ചുവടുവെപ്പായാണ് ഇതിനെ സാങ്കേതിക ലോകം വിലയിരുത്തുന്നത്.











0 comments