Deshabhimani

ജീവിതച്ചെലവ് വർധിക്കുന്നു; ഫ്രാൻസിൽ രാജ്യവ്യാപക പ്രതിഷേധം

france protest

photo credit: AFP

വെബ് ഡെസ്ക്

Published on Oct 17, 2026, 07:14 PM | 1 min read

പാരിസ്: ജീവിതച്ചെലവ് വർധിക്കുന്നതിനെതിരെ ഫ്രാൻസിൽ രാജ്യവ്യാപക പ്രതിഷേധം. വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ ഉന്നയിച്ച് മൂന്നാഴ്ചയിലേറെയായി സമരം നടത്തുന്ന ഹൈസ്കൂൾ വിദ്യാർഥികളും പ്രതിഷേധ സമരത്തിന്റെ ഭാഗമായി. സാമൂഹിക അനീതിക്കെതിരെ 2018-ൽ രൂപംകൊണ്ട 'യെല്ലോ വെസ്റ്റ്' (Yellow Vest) പ്രക്ഷോഭം പുനരുജ്ജീവിപ്പിക്കണമെന്ന് സോഷ്യൽ മീഡിയയിൽ ആവശ്യങ്ങളുയർന്നതിനു പിന്നാലെയാണ് ശനിയാഴ്ച പ്രതിഷേധം ആരംഭിച്ചത്.


ഫ്രാൻസിലെ പ്രധാന തൊഴിലാളി യൂണിയനുകളിലൊന്നായ സിജിടി (CGT)-പ്രതിഷേധങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു. ഉയർന്ന വേതനവും പെൻഷനും, അവശ്യ വസ്തുക്കളുടെ വില കുറയ്ക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. അക്രമസംഭവങ്ങൾ ഉണ്ടായേക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ ജനങ്ങൾ ശാന്തത പാലിക്കണമെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. രാജ്യത്തുടനീളം നൂറുകണക്കിന് പ്രതിഷേധ പരിപാടികളും 80-ലധികം മാർച്ചുകളും നടക്കാൻ സാധ്യതയുണ്ടെന്ന് ആഭ്യന്തര മന്ത്രി ലോറന്റ് നുനെസ് വ്യക്തമാക്കി.


സംഘർഷസാധ്യത കണക്കിലെടുത്ത് പാരിസിലെ ചില പ്രതിഷേധ കൂട്ടായ്മകൾക്ക് പൊലീസ് അനുമതി നിഷേധിച്ചു. ഷാംപ്‌സ് എലിസേ, പ്രസിഡന്റിന്റെ കൊട്ടാരം, പാർലമെന്റ്, സർക്കാർ ഓഫീസുകൾ എന്നിവയ്ക്ക് സമീപമുള്ള നിരവധി മെട്രോ സ്റ്റേഷനുകൾ പൊലീസിന്റെ നിർദേശപ്രകാരം അടച്ചു.


സെപ്തംബർ പകുതി മുതൽ തുടരുന്ന വിദ്യാർഥി പ്രക്ഷോഭത്തിൽ ആയിരക്കണക്കിന് പേർ അറസ്റ്റിലാവുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. നിരവധി സ്കൂളുകൾക്ക് തീയിട്ട സംഭവങ്ങളും റിപ്പോർട്ട് ചെയ്തു. പൊലീസ് ​ഗ്രനേഡ് ഉപയോഗിച്ചതിനെ തുടർന്ന് കൗമാരക്കാർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. 15 വയസ്സുകാരന് കൈ നഷ്ടപ്പെട്ട സംഭവത്തിന് പിന്നാലെ സ്റ്റൺ ഗ്രനേഡിന്റെ ഉപയോഗം താൽക്കാലികമായി വിലക്കി. സാമൂഹിക പ്രവർത്തക ഗ്രെറ്റ തുൻബെർഗും ചൊവ്വാഴ്ച പാരിസ് നഗരപ്രാന്തമായ സെന്റ് ഡെനിസിലെ ഹൈസ്കൂളിലെത്തി വിദ്യാർഥി പ്രതിഷേധത്തിൽ പങ്കുചേർന്നിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home