എഐ സ്വാധീനം, ചെലവുകൾ ഉയർന്നു, ഐടി മേഖലയിൽ പ്രതിസന്ധി: സോഹോയിൽ ശമ്പള വർധന റദ്ദാക്കി

ചെന്നൈ: ഈ വർഷം ജീവനക്കാർക്ക് ശമ്പള വർധനയുണ്ടാകില്ലെന്ന് സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു. ടെക് മേഖല നിലവിൽ പ്രതിസന്ധി ഘട്ടത്തിലാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട ചെലവുകൾ കൂടിവരുന്നു. കമ്പനിയുടെ ചെലവുകൾ നിയന്ത്രിക്കാനാകുന്നില്ല. ഈ സാഹചര്യത്തിൽ ജീവനക്കാർക്ക് ഇത്തവണ നൽകേണ്ടിയിരുന്ന ശമ്പള വർധന റദ്ദാക്കാൻ തീരുമാനിച്ചതായി സോഹോ അറിയിച്ചു.
മാർക്കറ്റിങ് ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ വർധിച്ച ചെലവുകൾ ചുരുക്കാൻ കമ്പനി ശ്രമിച്ചുവരികയാണ്. ശമ്പള വർധന റദ്ദാക്കിയതിൽ സോഹോ സ്ഥാപകൻ ജീവനക്കാരോട് ക്ഷമ ചോദിച്ചു. സോഫ്റ്റ്‌വെയർ വ്യവസായം വളരെ ദുഷ്കരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. കൂട്ടപ്പിരിച്ചുവിടലുകൾ ഒഴിവാക്കൻ സോഹോ പരമാവധി ശ്രമിക്കുന്നു. സോഫ്റ്റ്‌വെയർ മേഖലയിലെ തൊഴിൽസാധ്യതകളുടെ കാര്യത്തിൽ പൊതുവെ ആശങ്കാജനകമായ സാഹചര്യമാണെന്നും ശ്രീധർ വെമ്പു കൂട്ടിച്ചേർത്തു.
കഴിഞ്ഞ 18 മാസമായി സോഹോയിൽ ജീവനക്കാരുടെ ശമ്പള വർധനയുണ്ടായിട്ടില്ല. മൈക്രോസോഫ്റ്റ്, ആമസോൺ, ഒറാക്കിൾ, ടിസിഎസ് എന്നിവയുൾപ്പെടെ സാങ്കേതികവിദ്യാ മേഖലയിലെ നിരവധി കമ്പനികൾ സമീപ മാസങ്ങളിൽ ആയിരക്കണക്കിന് ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. കണക്കുകൾ പ്രകാരം, 2026ൽ മാത്രം 1,31,000ത്തിലധികം ജീവനക്കാർക്കാണ് ഐടി മേഖലയിൽ ജോലി നഷ്ടമായത്.









0 comments