ഫോണിലേക്ക് 'സന്ദേശമോ, ബീപ്' ശബ്ദമോ ലഭിച്ചോ: പിന്നിൽ 'സെൽ ബ്രോഡ്കാസ്റ്റ് അലേർട്'?

പ്രതീകാത്മക AI ചിത്രം
തിരുവനന്തപുരം : പ്രകൃതിദുരന്തങ്ങളും മറ്റ് അടിയന്തര സാഹചര്യങ്ങളും ഉണ്ടാകുമ്പോൾ പൗരന്മാർക്ക് കൃത്യസമയത്ത് മുന്നറിയിപ്പ് നൽകുന്നതിനായി ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത 'സെൽ ബ്രോഡ്കാസ്റ്റ് അലേർട്' സിസ്റ്റത്തിന്റെ പരീക്ഷണം പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി മെയ് 2ന് വിവിധ പ്രദേശങ്ങളിൽ എൻഡിഎംഎ (ദേശീയ ദുരന്ത നിവാരണ അതോറിറ്റി) പരീക്ഷണ സന്ദേശങ്ങൾ അയക്കും. ഇത്തരത്തിൽ സന്ദേശങ്ങൾ ലഭിക്കുന്നവർ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഇതിന് മറുപടിയായോ അല്ലാതെയോ മറ്റ് നടപടികളൊന്നും സ്വീകരിക്കേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി.
എന്താണ് സെൽ ബ്രോഡ്കാസ്റ്റ് അലേർട്?
സുനാമി, ഭൂചലനം, മിന്നൽ തുടങ്ങിയ പ്രകൃതിദുരന്തങ്ങൾക്കും ഗ്യാസ് ചോർച്ചയോ രാസായുധ ഭീഷണിയോ പോലുള്ള മനുഷ്യനിർമ്മിത അടിയന്തര സാഹചര്യങ്ങൾക്കും മുന്നറിയിപ്പ് നൽകാനാണ് ഈ സംവിധാനം ലക്ഷ്യമിടുന്നത്. പ്രത്യേകമായ അലാറം ശബ്ദത്തോടും മിന്നുന്ന സന്ദേശത്തോടും കൂടിയാണ് ഈ അലേർട് ഫോണുകളിൽ എത്തുക. നെറ്റ്‌വർക്ക് ട്രാഫിക് ഈ സന്ദേശങ്ങളെ ബാധിക്കില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.
സൗകര്യങ്ങൾ ഇങ്ങനെ:
തദ്ദേശീയ സാങ്കേതികവിദ്യ:
സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ടെലിമാറ്റിക്സ് (C-DOT) വികസിപ്പിച്ച 'സാഷെ' (SACHET) എന്ന സംയോജിത മുന്നറിയിപ്പ് സംവിധാനമാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്.
ബഹുഭാഷാ സേവനം:
പരീക്ഷണ ഘട്ടം പൂർത്തിയാകുന്നതോടെ രാജ്യവ്യാപകമായി വിവിധ ഇന്ത്യൻ ഭാഷകളിൽ ഈ സന്ദേശങ്ങൾ ലഭ്യമാകും.
മുന്നൊരുക്കം:
നിലവിൽ ഫോണിലെ 'Test alerts' സൗകര്യം ഓൺ ചെയ്തവർക്കാണ് ഈ പരീക്ഷണ സന്ദേശങ്ങൾ ലഭിക്കുന്നത്. (Settings > Safety and എമർജൻസി
> Wireless emergency alerts വഴി ഇത് നിയന്ത്രിക്കാം).
മൊബൈൽ നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്ചർ എത്രത്തോളം കാര്യക്ഷമമാണെന്ന് വിലയിരുത്താനാണ് ഈ പരീക്ഷണങ്ങൾ നടത്തുന്നത്. യഥാർത്ഥ ദുരന്തസമയത്ത് ടെസ്റ്റ് ചാനൽ ക്രമീകരണങ്ങൾ നോക്കാതെ തന്നെ എല്ലാ ഹാൻഡ്‌സെറ്റുകളിലേക്കും മുന്നറിയിപ്പ് സന്ദേശങ്ങൾ എത്തിക്കാൻ ഈ സംവിധാനത്തിലൂടെ സാധിക്കും.










0 comments