റീലുകൾ ഇനി ടിവിയിലും; 'ഇൻസ്റ്റാഗ്രാം ഫോർ ടിവി' ഉടൻ ഇന്ത്യയിലെത്തും, എങ്ങനെ കാണാം?

ന്യൂഡൽഹി: ഇൻസ്റ്റാഗ്രാമിലെ റീലുകളും സ്റ്റോറികളും മറ്റ് വീഡിയോകളും ഇനി വലിയ സ്ക്രീനിൽ ആസ്വദിക്കാം. 'ഇൻസ്റ്റാഗ്രാം ഫോർ ടിവി' ആപ്പ് ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് മാതൃകമ്പനിയായ മെറ്റ പ്രഖ്യാപിച്ചു. മുംബൈയിൽ നടന്ന മെറ്റയുടെ വാർഷിക ക്രിയേറ്റർ സംഗമമായ 'ഹൗസ് ഓഫ് ഇൻസ്റ്റാഗ്രാമിൽ' വെച്ചായിരുന്നു പ്രഖ്യാപനം.
മൊബൈൽ ഫോണുകളിൽ ഒറ്റയ്ക്ക് വീഡിയോകൾ കാണുന്നതിനേക്കാൾ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ഇരുന്ന് ടിവിയിൽ കാണുന്നത് കൂടുതൽ രസകരമാണെന്ന ഉപയോക്താക്കളുടെ അഭിപ്രായം കണക്കിലെടുത്താണ് പുതിയ നീക്കമെന്ന് മെറ്റ വ്യക്തമാക്കി. ആപ്പിൾ ടിവി , ആമസോൺ ഫയർ ടിവി , ഗൂഗിൾ ടിവി എന്നിവയിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഈ ആപ്പ് ലഭ്യമാകും.
ഇന്ത്യയിൽ റീലുകൾക്കും സ്റ്റോറികൾക്കുമായിരിക്കും ടിവി ആപ്പിൽ പ്രധാന പരിഗണന. വൈഡ് സ്ക്രീൻ ഫോർമാറ്റിൽ കാണാൻ കഴിയുന്ന ഹൊറിസോണ്ടൽ റീലുകളും ഇതിൽ ആസ്വദിക്കാം. കൂടാതെ പ്രൊഫൈലുകളിലെ ഫോട്ടോകളും കറൗസൽ പോസ്റ്റുകളും കാണാൻ സാധിക്കും. മൊബൈലിൽ ഓരോ വീഡിയോയും വിരൽ കൊണ്ട് സ്ക്രോൾ ചെയ്ത് മാറ്റുന്നതിന് പകരം ടിവിയിൽ റീലുകൾ സ്വയം പ്ലേ ആകും. ടിവി റിമോട്ട് ഉപയോഗിച്ച് ഇവ നിയന്ത്രിക്കാൻ സാധിക്കും.
ഒരു ടിവി ആപ്പിൽ തന്നെ അഞ്ച് വ്യത്യസ്ത അക്കൗണ്ടുകൾ വരെ ലോഗിൻ ചെയ്യാം. ഇതിലൂടെ വീട്ടിലെ ഓരോ അംഗത്തിനും അവരവരുടെ താല്പര്യങ്ങൾക്കനുസരിച്ചുള്ള വീഡിയോകൾ കാണാൻ സാധിക്കും. ആപ്പിൾ ടിവി, ഫയർ ടിവി, അല്ലെങ്കിൽ ഗൂഗിൾ ടിവി ഉപകരണങ്ങളിൽ ഇൻസ്റ്റാഗ്രാം ആപ്പ് ഡൗൺലോഡ് ചെയ്ത് നിലവിലുള്ള അക്കൗണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്യാവുന്നതാണ്. കൂടാതെ, മൊബൈലിലെ ഇൻസ്റ്റാഗ്രാം ആപ്പിലുള്ള സെറ്റിംഗ്സ് മെനു വഴിയും നേരിട്ട് ടിവി പതിപ്പ് തുറക്കാൻ സാധിക്കും.








0 comments