Deshabhimani

അവൻ ‘സംസാരിച്ചു’; ഹൃദയങ്ങള്‍ കേട്ടു

roshan s lenin.jpg
avatar
സഞ്ജയ്‌ സുരേഷ്‌

Published on Nov 28, 2026, 08:17 AM | 1 min read

വഞ്ചിയൂർ (തിരുവനന്തപുരം): വാക്കുകൾ പുറത്തേക്ക്‌ വന്നില്ലെങ്കിലും വാചാലമായിരുന്നു റോഷന്റെ ‘പ്രസംഗം.’ വിദ്യാർഥികളുടെ ഹൃദയങ്ങളിലേക്ക്‌ സ്‌നേഹത്തിന്റെ ഭാഷയായി അത്‌ ഒഴുകി. രക്തഹാരവും ഹർഷാരവുമായി ക്യാന്പസ്‌ ഒന്നാകെ അവന്റെ ശബ്‌ദമായി മാറി. സാരശേഷിയില്ലാത്തതും കേൾവിക്കുറവും കാലുകളുടെ സ്വാധീനക്കുറവും ശരിയുടെ രാഷ്‌ട്രീയം പറയാൻ തടസ്സമല്ലെന്ന്‌ അവൻ തെളിയിച്ചു. തിരുവനന്തപുരം ചാക്ക ഗവ. ഐടിഐയിലെ രണ്ടാംവർഷ എംസിഎഇ വിദ്യാർഥി റോഷൻ എസ് ലെനിൻ. ‘മീറ്റ് ദി കാൻഡിഡേറ്റിൽ' എസ്‌എഫ്‌ഐ സ്ഥാനാർഥിയായി ആംഗ്യഭാഷയിൽ നടത്തിയ പ്രസംഗമാണ് സമൂഹ മാധ്യമങ്ങളിലടക്കം വൻ തരംഗം സൃഷ്‌ടിച്ചത്‌. വെള്ളിയാഴ്‌ച നടന്ന ട്രെയിനീസ് കൗൺസിൽ തെരഞ്ഞെടുപ്പിൽ ‘സെക്രട്ടറി ഓഫ് കൾച്ചറൽ അഫേഴ്സ്' സ്ഥാനത്തേക്ക് കുട്ടികൾ അവനെ തെരഞ്ഞെടുത്തു.


വർഗീയതയെ വേരോടെ വെട്ടണമെന്ന അവന്റെ ആഹ്വാനം ഏറ്റെടുത്ത്‌ മുഴുവൻ സീറ്റിലും എസ്‌എഫ്‌ഐയെ വിജയിപ്പിച്ച്‌ ചാക്ക ഗവ. ഐടിഐ ക്യാന്പസ്‌ മറുപടിനൽകി. കഴിഞ്ഞതവണ ആർട്സ് ക്ലബ് സെക്രട്ടറിയായിരുന്ന റോഷൻ നല്ല ഡാൻസർകൂടിയാണ്‌. തിരുവനന്തപുരം രാജാജി നഗർ സ്വദേശിയായ റോഷൻ 10 വയസ്സുമുതൽ നൃത്തം പഠിക്കാൻ പലയിടത്തും കയറിയിറങ്ങി. കാലിന്റെ വൈകല്യംപറഞ്ഞ്‌ എല്ലാവരും തിരിച്ചയച്ചു. ഒടുവിൽ ഗുരുനാഥനില്ലാതെ പരിശീലനം. കാഴ്‌ചയിലൂടെ നൃത്തം പഠിച്ചു. അതവനെ മിനിസ്‌ക്രീനിലും വെള്ളിത്തിരയിലുമെത്തിച്ചു. പ്രമുഖ ചാനലുകളിലെ ജനപ്രിയ പരിപാടികളിൽ പങ്കെടുത്തു. "തല' എന്ന സിനിമയിലും അഭിനയിച്ചു. അച്ഛൻ: ലെനിൻ, അമ്മ: സന്ധ്യാറാണി, സഹോദരി: റോമ.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home