കൊല്ലപ്പെട്ട തെരുവുനായയുടെ ജഡം പോസ്റ്റ്‌മോർട്ടത്തിനായി ഫ്രീസറിൽ സൂക്ഷിക്കണമെന്ന് ഹൈക്കോടതി

കൊച്ചി : കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയ തെരുവുനായയുടെ ജഡം പോസ്റ്റ്‌മോർട്ടത്തിനായി ഫ്രീസറിൽ സൂക്ഷിക്കാൻ ഹൈക്കോടതിയുടെ ഉത്തരവ്. തെരുവുനായകൾക്ക് ഭക്ഷണം നൽകുന്ന കെയർടേക്കറായ നെട്ടൂർ സ്വദേശി ജേക്കബ് തോമസിന്റെ ഹർജിയിലാണ് ജസ്റ്റിസ് സി ജയചന്ദ്രന്റെ നിർദേശം. എറണാകുളം ജില്ലാ വെറ്ററിനറി ഓഫീസർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഉത്തരവിട്ടു.
നായയുടെ മരണത്തിൽ പരാതി നൽകിയിട്ടും പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ലെന്ന് ഹർജിയിൽ പറയുന്നു. സുപ്രീംകോടതി വിധി തെറ്റായി വ്യാഖ്യാനിച്ച് തെരുവുനായകളെ കൊല്ലാൻ അനുമതിയുണ്ടെന്ന ധാരണയിലാണ് നടപടിയെടുക്കാത്തതെന്ന് ഹർജിക്കാരനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എസ് വിനോദ് ഭട്ട് വാദിച്ചു.
ജേക്കബ് തോമസിന്റെ വീട്ടുവളപ്പിലാണ് നായയുടെ ജഡമുള്ളത്. സർക്കാർ സംവിധാനത്തിൽ സൗകര്യമില്ലെങ്കിൽ സ്വകാര്യ ഫ്രീസറിൽ സൂക്ഷിക്കാം. ഹർജി മൃഗങ്ങൾക്കെതിരായ അതിക്രമങ്ങൾ പരിഗണിക്കുന്ന പ്രത്യേക ബെഞ്ചിന് കൈമാറാനും രജിസ്ട്രിക്ക് നിർദേശം നൽകി. മൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നതിനായി അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള കെയർടേക്കറാണ് ഹർജിക്കാരൻ.








0 comments