ഗുകേഷ് താളം വീണ്ടെടുക്കുന്നു; നാലാം ഗെയിം ഇന്ന്


എൻ ആർ അനിൽകുമാർ
Published on Nov 28, 2026, 08:19 AM | 1 min read
ലോക ചെസ് ചാമ്പ്യൻഷിപ് ഫൈനൽ പോരാട്ടത്തിലെ മൂന്ന് കളികൾ പൂർത്തിയായപ്പോൾ നിലവിലെ ലോകചാമ്പ്യൻ ദൊമ്മരാജു ഗുകേഷും ഉസ്ബെക്കിസ്ഥാന്റെ ജാവോഖിർ സിൻഡറോവും പരസ്പരം മേൽക്കൈ നേടാനാകാതെ തുല്യത പാലിക്കുകയാണ്. ഗുകേഷിന്റെ മോശം ഫോമിനെക്കുറിച്ചുള്ള ആശങ്കകൾ സാവകാശം അപ്രത്യക്ഷമാകുന്നുവെന്നത് ആരാധകർക്ക് പ്രത്യാശ നൽകുന്നു. ഒരർഥത്തിൽ ഗുകേഷും ടീമും നടത്തുന്ന മികച്ച സൈദ്ധാന്തിക മുന്നൊരുക്കങ്ങൾ ഉസ്ബെക്ക് ക്യാമ്പിൽ അല്പം ആശങ്ക ഉയർത്തുന്നുണ്ട്.
ഒന്നാം ഗെയിമിലും മൂന്നാം ഗെയിമിലും കറുപ്പ് കരുക്കളെടുത്ത് കളിച്ച ഇന്ത്യൻ താരം റൂയ് ലോപ്പസ് പ്രതിരോധത്തിനെതിരെ വളരെ തൃപ്തികരമായ രീതിയിൽ ബർലിൻ പ്രതിരോധത്തെ ഉപയോഗപ്പെടുത്തി. കളിക്കളത്തിൽ പ്രദർശിപ്പിക്കുന്ന മികവും പോരാട്ടവീര്യവും വാക്കുകളിലും ശരീരഭാഷയിലും സ്ഫുരിക്കുന്ന ആത്മവിശ്വാസവും ഗുകേഷ് വീണ്ടും ഫോമിലേക്ക് തിരിച്ചുവരുന്നു എന്നതിന്റെ സൂചന നൽകുന്നു.
ചാമ്പ്യനും ചലഞ്ചറും പൊതുവെ കുറ്റമറ്റ രീതിയിൽ കരുനീക്കങ്ങൾ നടത്തി കളികളിൽ ഉന്നതനിലവാരം പുലർത്തുന്നു എന്നതും നല്ല പോരാട്ടത്തിന്റെ ദിനങ്ങൾക്ക് പ്രതീക്ഷ നൽകുന്നു. ടൂർണമെന്റ് ജയങ്ങളെപ്പോലെ അനായാസമായി നേടാവുന്ന ഒന്നല്ല ലോകചാമ്പ്യൻഷിപ് മത്സരപ്പോരാട്ടം എന്ന് സിൻഡറോവും ഇതിനകം തിരിച്ചറിഞ്ഞിരിക്കുന്നു.
തങ്ങളുടെ ടീമുകളുടെ പിന്തുണയോടെ പുത്തൻ യുദ്ധതന്ത്രങ്ങൾ മെനയാനും പ്രതിയോഗിക്ക് അത്ര പരിചിതമല്ലാത്ത സൈദ്ധാന്തികമേഖലകളിലേക്ക് കളികളെ തിരിച്ചുവിടാനും ഇരുവരും ശ്രമിക്കും. പഴയകാല ലോക കിരീട പോരാട്ടങ്ങളിൽ നിന്നും വളരെ വ്യത്യസ്തങ്ങളായി സമകാലിക ലോകചാമ്പ്യൻഷിപ് മത്സരങ്ങൾ മാറിയിരിക്കുന്നു. മനഃക്കരുത്തിനും മുന്നൊരുക്കങ്ങൾക്കും പ്രതിഭാവിലാസത്തിനുമൊപ്പം ടീം വർക്കും കമ്പ്യൂട്ടർ മസ്തിഷ്ക്കങ്ങളും അപ്രധാനമല്ലാത്ത ഘടകങ്ങളായി മാറിയിരിക്കുന്നു.








0 comments