ഗാസയിലെ കുഞ്ഞുങ്ങൾ മുതൽ ഗ്രാമത്തിലെ പൂക്കൾ വരെ

രമേഷ് പെരുമ്പിലാവ്
Published on Nov 28, 2026, 08:09 AM | 2 min read
വ്യക്തിപരമായ ഓർമ, പ്രണയത്തിന്റെ സങ്കീർണത, സാമൂഹ്യ–-രാഷ്‌ട്രീയ യാഥാർഥ്യങ്ങൾ, യുദ്ധത്തിന്റെ ദൂരവ്യാപക മുറിവ് എന്നിവയെല്ലാം അടയാളപ്പെടുത്തുന്ന ഒരുകൂട്ടം കവിതകളാണ് ഉണ്ണിക്കൃഷ്‌ണൻ കൊട്ടാരത്തിലിന്റെ ‘നീയും ഞാനും കടൽ കാണുമ്പോൾ’. ഗാസയിലെ കുഞ്ഞുങ്ങളെമുതൽ സ്വന്തം ഗ്രാമത്തിലെ പൂക്കളെവരെ മനസ്സിനോട് ചേർത്തുപിടിക്കുന്ന കവിതകൾ.
മുറിയിലെ മൗനം കുടിച്ചുവളരുന്ന വെയിലിനോട് യുദ്ധം ചെയ്യുന്ന കവിതകേട്ട് തളിർക്കുന്ന വ്യത്യസ്‌ത ചെടികളെക്കുറിച്ചാണ് എന്റെ മുറിയിലെ ചെടികൾ എന്ന ആദ്യ കവിത. മഴയും മഞ്ഞും അറിയാത്ത മുറിയിലെ ഈ ചെടികളോട് കാടിനെപ്പറ്റിയോ നാടിനെപ്പറ്റിയോ ഒന്നും പറയാറില്ലെന്ന ആഖ്യാതാവിന്റെ നിശ്ശബ്‌ദത പ്രവാസത്തിന്റെ അപരിചിതമായ ആവാസവ്യവസ്ഥയെ സൂചിപ്പിക്കുന്നു. വീട്ടുമാറ്റം എന്ന കവിത വെറുമൊരു വീട് മാറൽ മാത്രമല്ല; അനുഭവങ്ങളുടെയും ഓർമകളുടെയും വേർപിരിയലാണ്.
പ്രവാസജീവിതത്തിന്റെ സ്വാതന്ത്ര്യത്തെയും തടവിനെയുമാണ് കവി ‘പരോൾ' കവിതയിൽ സൂചിപ്പിക്കുന്നത്. മേൽവിലാസത്തിലേക്ക് എത്താതെ വഴിവക്കിൽ അനാഥമായി വീണുപോയ കത്താണ് തെറ്റിപ്പോയ വിലാസത്തിൽ കവിതയുടെ കേന്ദ്രബിന്ദു. പ്രവാസിയുടെ വിഷാദവും കാത്തിരിക്കുന്ന പ്രിയപ്പെട്ടവരുടെ പിറുപിറുക്കലുകളും അച്ഛനമ്മമാരുടെ വേവലാതികളും പേറുന്നതാണ് ഇൗ കവിത.
കർഷക സമരങ്ങളുടെയും പൗരത്വ പ്രശ്‌നങ്ങളുടെയും പശ്ചാത്തലത്തിൽ പിറന്നതാണ് ഒരിന്ത്യൻ കവി എന്ന കവിത. സ്വന്തം ഗ്രാമത്തിൽ പൗരത്വം തെളിയിക്കേണ്ടിവരുന്ന ദുരവസ്ഥയെ കവി വിമർശിക്കുന്നു. കൈവിലങ്ങുകളോടെ നിരോധിക്കപ്പെട്ട വാക്കുകൾ സംസാരിക്കുന്ന വർത്തമാനകാല ഇന്ത്യയെ ഈ കവിതയിലൂടെ അടയാളപ്പെടുത്തുന്നു.
ജെമിനിചിത്രങ്ങൾ കവിതയിൽ, നിർമിതബുദ്ധി വരയ്ക്കുന്ന ചിത്രങ്ങളിലൂടെ ഗാസയിലെ യുദ്ധഭീകരതയെ ആവിഷ്‌കരിക്കുന്നു. കടലെന്നാൽ ചത്തുമലർന്ന കുഞ്ഞുങ്ങളുടെ മുഖമുള്ള മീനുകളും പുഴയെന്നാൽ ചോരക്കൊടിയുടെ വരയും കാലമെന്നാൽ ‘ഗാസ' എന്നുമാണ് എഐ നൽകുന്ന മറുപടി.
(((((രൂപമാറ്റങ്ങളുടെ കോളാഷ്)))) എന്ന കവിതയിലൂടെ പ്രണയികൾ ചുംബിച്ച ഇടവഴിയിൽ ഇരുട്ടിന്റെ കുത്തേറ്റ് ആളുകൾ മരിച്ചുവീഴുന്നതും സമാധാനക്കരാറുകൾ രാത്രി മിസൈലുകൾക്കും പകൽ പട്ടം പറത്താനുമായി മാറ്റിവയ്ക്കപ്പെടുന്നതും ആധുനിക ലോകത്തിന്റെ ക്രൂരമായ അവസ്ഥാന്തരങ്ങളെ കാണിക്കുന്നു.
ഓർമകളെ അടക്കം ചെയ്‌ത സെമിത്തേരിയിൽ രാത്രിയിൽ കേൾക്കുന്ന ചിലമ്പൊലിയെക്കുറിച്ചാണ് ചിലങ്ക കിലുങ്ങുന്നത്. കൊല്ലപ്പെട്ടവരുടെയും പിച്ചിച്ചീന്തപ്പെട്ട കുരുന്നുകളുടെയും ഓർമകൾ കളിക്കോപ്പുകളെ രാകിമിനുക്കി കത്തികളാക്കി മാറ്റുന്ന ദയാഹീനമായ ലോകത്തിന്റെ നേർചിത്രം.
മരിച്ചുപോയവരുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലുകൾ ശ്‌മശാനത്തിലെ അനാഥമായ ഇടവഴികളെ ഓർമിപ്പിക്കുന്നുവെന്ന് മരിച്ചവരുടെ എഫ്ബി പേജ് എന്ന കവിത പറയുന്നു. മേൽക്കൂരയില്ലാത്ത വീടും അതിൽ വളർത്തുമൃഗങ്ങളെപ്പോലെ എത്തുന്ന മേഘങ്ങളും കാറ്റും. ചുമരിലെ സുഷിരത്തിലൂടെ സൂര്യൻ ഇറങ്ങിപ്പോയെങ്കിലും ആകാശവും നക്ഷത്രങ്ങളും തനിക്ക് ചുറ്റും സുരക്ഷിതരാണെന്ന് പറയുന്ന ദാർശനികമായ പ്രതിരോധം കാവൽ എന്ന ശീർഷകത്തിൽ കാണാം.








0 comments