അരികുവൽക്കരിക്കപ്പെട്ടവരുടെ ‘നിഴലാട്ടങ്ങൾ’

ഷംല ജഹ്ഫർ
Published on Nov 28, 2026, 07:55 AM | 2 min read
നാടിന്റെ ഗ്രാമീണ ഓർമകളും പശ്ചാത്തലവും ഇഴചേർത്ത്, ഖത്തറിലെ പരിമിതമായ സാഹചര്യങ്ങളിൽ നിർമിച്ച ഹ്രസ്വചിത്രമാണ് ‘നിഴലാട്ടങ്ങൾ'. ചെറുപ്പം മുതലേ കഥകളിയോട് അടങ്ങാത്ത അനുരാഗവും ഭ്രമവും കൊണ്ടുനടക്കുന്ന മാണിക്യനെന്ന സാധാരണക്കാരന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. തമ്പ്രാന്റെ പാടത്ത് വേല ചെയ്യുന്ന മാതാപിതാക്കളുടെ മകനായ മാണിക്യന് കഥകളി വെറുമൊരു കൗതുകമല്ല, സ്വന്തം ശ്വാസമാണ്. എന്നാൽ, ജാതിയുടെയും നിറത്തിന്റെയും സാമൂഹിക പദവിയുടെയും പേരിൽ മാറ്റിനിർത്തപ്പെടുന്ന മാണിക്യന് അണിയറയിലെ ചായക്കൂട്ടുകൾക്കിടയിലും ചൂട്ടുപിടിക്കുന്ന വഴികളിലും മാത്രം ഒതുങ്ങിപ്പോകേണ്ടിവരുന്നു. ആയുസ്സ് മുഴുവൻ കൊതിച്ചിട്ടും അരങ്ങിൽ ചെറിയ വേഷംപോലും നിഷേധിക്കപ്പെടുന്ന കലാകാരന്റെ നീറുന്ന യാഥാർഥ്യത്തിലേക്കാണ് ചിത്രം വിരൽചൂണ്ടുന്നത്.
പ്രമേയപരമായി നോക്കിയാൽ, മലയാള സിനിമയിലും സാഹിത്യത്തിലും പതിറ്റാണ്ടുകളായി കണ്ടുപരിചയിച്ച പരമ്പരാഗത ചേരുവകളുടെ തുടർച്ചതന്നെയാണ് ചിത്രം. കഥയുടെ അടുത്ത വഴികൾ എന്തായിരിക്കുമെന്ന് പ്രേക്ഷകന് എളുപ്പത്തിൽ ഊഹിച്ചെടുക്കാനുമാകും. എന്നാൽ, പരിചിതമായ കഥാതന്തുവിനെ വൈകാരികമായ ആഴത്തോടെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സാധിച്ചുവെന്നതാണ് ചിത്രത്തിന്റെ വിജയം.
കഥാതന്തുവിന് ദൃശ്യപരമായ ഗാംഭീര്യവും വൈകാരികതയും നൽകിയത് പി പി എം ഫിറോസിന്റെ സംവിധാനമികവും ഛായാഗ്രഹണവുമാണ്. നാടിന്റെ പച്ചപ്പും കഥകളി കളരികളുടെ പ്രൗഢിയും ഒരുപോലെ കാമറയിൽ ഒപ്പിയെടുക്കാൻ കഴിഞ്ഞു. അണിയറയിലെ എണ്ണവിളക്കിന്റെ മഞ്ഞവെളിച്ചവും മുഖത്ത് ചായം തേച്ചുപിടിപ്പിക്കുന്ന രംഗങ്ങളിലെ പ്രകാശവിന്യാസവും കഥാപാത്രങ്ങളുടെ ആന്തരിക സംഘർഷങ്ങളെ സ്വാഭാവികമായി പ്രതിഫലിപ്പിക്കുന്നു.
മാണിക്യനെ അവതരിപ്പിച്ച നടന്റെ അഭിനയമാണ് ചിത്രത്തിന്റെ വലിയ കരുത്ത്. കഥകളിയോടുള്ള അടങ്ങാത്ത ആവേശവും അവസരം നിഷേധിക്കപ്പെടുമ്പോൾ ഉള്ളിൽ കനലായി എരിയുന്ന നിരാശയും നിശ്ശബ്ദമായ കണ്ണുകളിലൂടെയും ശരീരഭാഷയിലൂടെയും അദ്ദേഹം മനോഹരമായി ആവിഷ്കരിക്കുന്നു. കലാമണ്ഡലം മുരളിയാശാനായി എത്തിയ കഥാപാത്രത്തിന്റെ കാർക്കശ്യവും രാമേട്ടൻ, മാണിക്യന്റെ ഭാര്യ, മകൻ തുടങ്ങിയ കഥാപാത്രങ്ങളുടെ സ്വാഭാവികമായ ഇടപെടലുകളും ചിത്രത്തിന്റെ ആസ്വാദനത്തിന് കരുത്തേകുന്നു.
കഥകളി പശ്ചാത്തലമാകുന്ന ചിത്രത്തിൽ സംഗീതത്തിന്റെ പങ്കും അത്യന്താപേക്ഷിതമാണ്. പരമ്പരാഗത കഥകളി സംഗീതത്തിന്റെ താളവും മാണിക്യന്റെ ജീവിതത്തിലെ ശൂന്യതയെ അടയാളപ്പെടുത്തുന്ന പശ്ചാത്തലസംഗീതവും രംഗങ്ങളോട് ചേർന്നുനിൽക്കുന്നു. "ചുട്ടികുത്തണ കണ്ടു നിൽക്കാൻ...’ എന്ന വരികൾ കഥയുടെ അന്തരീക്ഷത്തെ കൂടുതൽ ആർദ്രമാക്കുന്നു. കഥകളി അണിയറയുടെ തനിമ ചോരാതെ പകർത്തിയ കലാസംവിധാന വിഭാഗത്തിന്റെ പ്രവർത്തനവും പ്രത്യേകം പ്രശംസ അർഹിക്കുന്നു.
ഖത്തറിലെ കലാകാരന്മാരുടെ കൂട്ടായ്മയിൽ ഒരുങ്ങിയ ‘നിഴലാട്ടങ്ങൾ' കലയിലെ വരേണ്യതയ്ക്കെതിരെയും അരികുവൽക്കരിക്കപ്പെട്ട മനുഷ്യരുടെ കലാപരമായ അവകാശങ്ങൾക്കുവേണ്ടിയും സംസാരിക്കുന്ന നല്ലൊരു പ്രവാസി ദൃശ്യാനുഭവമാണ്. അരങ്ങിൽ വെളിച്ചം വീഴുമ്പോഴും അരികിൽ നിഴലായി ശേഷിച്ചുപോകുന്ന മനുഷ്യരുടെ ജീവിതത്തിലേക്കാണ് ചിത്രം നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്.








0 comments