Deshabhimani

ബൊറാപ്പു

Borappu Story

ഫാറൂഖ് അഹമ്മദിന്റെ ആവശ്യപ്രകാരം ഡോ. റജുലാൽ റഫീഖ് വരച്ച ബൊറാപ്പു (സൽമ അക്തർ)വിന്റെ ചിത്രം

avatar
ഡോ. റജുലാൽ റഫീഖ്

Published on Nov 28, 2026, 07:48 AM | 3 min read

കഴിഞ്ഞ വെള്ളിയാഴ്‌ച ഫറൂക്ക് അഹമ്മദ് തന്റെ നാട്ടിലേക്ക് തിരിച്ചുപോയി. ഗൾഫിലേക്കെത്തിയിട്ട് നീണ്ട 16 വർഷം. ഇവിടെ ഒറ്റ നിൽപ്പ് നിന്നുകളഞ്ഞു! ഇപ്പൊ മടക്കം. ഇനി വരില്ല. ഫറൂക്കിനിപ്പോ 36 വയസ്സായിരിക്കുന്നു. ബംഗ്ലാദേശിലെ ചിറ്റഗോംഗിനടുത്തുള്ള രംഗാമതിയാണ് ഫറൂക്കിന്റെ നാട്. മലയോരം. കാട്ടിലെ ചെറിയ പണികൾ ചെയ്‌താണ് ഫറൂക്കിന്റെ അച്ഛനമ്മമാർ പുലർന്നത്. അവർക്ക്‌ എട്ട് മക്കളായിരുന്നു. ഫറൂക്കാണ് ഏറ്റവുമിളയത്. സഹോദരങ്ങളിൽ ഫറൂക്കിനേറെയിഷ്‌ടം തന്നേക്കാൾ 13 വയസ്സ്‌ കൂടുതലുള്ള ഏറ്റവും മുതിർന്ന സൽമ അക്തറിനെയായിരുന്നു. ഫറൂക്കവളെ ‘ബൊറാപ്പു’ (മൂത്ത ചേച്ചി) എന്ന്‌ വിളിച്ചു. സൽമയവനെ ‘ഷോനെ’ (സ്വർണം)യെന്നും.

കുട്ടിക്കാലത്തെക്കുറിച്ചുള്ള ഫറൂക്കിന്റെ മുഴുവനോർമകളും ബൊറാപ്പുവിനെ ചുറ്റിപ്പറ്റിയുള്ളതാണ്. അവനെ കുളിപ്പിക്കുന്നതും കളിപ്പിക്കുന്നതും കഴിപ്പിക്കുന്നതുമെല്ലാം ബൊറാപ്പുവായിരുന്നു. ഫറൂക്കിനെ പ്രസവിച്ചതോടുകൂടി അവരുടെ ഉമ്മയുടെ ആരോഗ്യം പൂർണമായും ക്ഷയിച്ചു.

ഫറൂക്കിന് തെളിഞ്ഞയോർമകളുണ്ട്. പൂത്തുനിന്ന ചെടികളെ വകഞ്ഞ് പാടവരമ്പിലൂടെ ബൊറാപ്പുവിന്റെ കൈപിടിച്ച് നടക്കുന്നത്. സൂര്യൻ മറയുംവരെ കടലോരത്ത് അസ്‌തമയം കണ്ടുനിന്നത്. വർഷപാതങ്ങളിൽ ടിൻകൊണ്ടുള്ള മേൽക്കൂരയിൽ പതിക്കുന്ന മഴത്തുള്ളികളുടെ വലിയ ശബ്‌ദത്താൽ ഞെട്ടിയെണീറ്റ് കരയുന്നയവനെ വീണ്ടുമുറങ്ങുവോളം തോളിലേറ്റി ഉലാത്തുന്നത്‌...

​

അങ്ങനെ അവനെന്നോട് പറഞ്ഞ്‌ പറഞ്ഞ്‌ നേരം വൈകിയല്ലോയെന്ന് ഞെട്ടി.

‘ബാക്കി മറ്റൊരിക്കൽ പറയാം സർ...’

അവൻ തന്റെ സൈക്കിളിലേറി മറഞ്ഞു. ശുചീകരണ ജോലികൾ ചെയ്‌ത്‌ പുലരുന്ന ഒരുപാട് പേരിൽനിന്ന് വളരെ വ്യത്യസ്‌തനായിരുന്നു ഫറൂക്ക്. നല്ല വൃത്തി. ഏറെ വൃത്തിയുള്ള വസ്‌ത്രധാരണം. കൃത്യനിഷ്‌ഠ. ഒതുക്കമുള്ള പെരുമാറ്റം. അവനെ ആർക്കുമിഷ്‌ടപ്പെടും. മറ്റൊരിക്കൽ ഞാനിതവനോട് പറയുകയും ചെയ്‌തു.

അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു ‘എല്ലാം ബൊറാപ്പുവിൽനിന്ന്‌ കിട്ടിയതാണ് സർ’

‘ഫറൂക്ക്, നിങ്ങളുടെ ബൊറാപ്പു ഇപ്പോൾ എവിടെയാണ്... അവർക്ക് സുഖമല്ലെ?’

എന്റെ ചോദ്യത്തിന്‌ ഫറൂക്കൊന്നും മറുപടി പറഞ്ഞില്ല. വിഷാദഭരിതമായ മുഖവുമായവൻ തന്റെ സൈക്കിളെടുത്ത് മറഞ്ഞു.

ആയിടെ ഞങ്ങൾ ദാർസൈറ്റിൽനിന്ന്‌ ഗോബ്രയിലേക്ക്‌ താമസം മാറ്റി. ഫറൂക്കിനെ പിന്നെ വർഷങ്ങളോളം കണ്ടില്ല. പക്ഷേ, കുറച്ചാഴ്‌ചകൾക്കുമുന്നേ ഫറൂക്ക്‌ അവിചാരിതമായി എന്നെ തേടിപ്പിടിച്ച് ഗോബ്രയിലെ വീട്ടിലെത്തി.

‘സർ, ഞാൻ നാട്ടിലേക്ക് പോകാൻ തീരുമാനിച്ചു...’

‘നന്നായി ഫറൂക്ക്’ തമ്മിൽ വീണ്ടും കണ്ടതിന്റെ സന്തോഷം മറച്ചുവയ്‌ക്കാതെതന്നെ ഞാൻ പറഞ്ഞു.

വൃത്തിയായി വെട്ടിയ അവന്റെ താടിരോമങ്ങളിലും തലമുടിച്ചുരുളുകളിൽ ചിലതിലും നര കയറിയിരിക്കുന്നു. ഇത്തിരി തടിച്ചതുപോലെയും തോന്നിച്ചു.

അവൻ പെട്ടെന്ന് പറഞ്ഞു ‘സർ, എനിക്കൊരു ചിത്രം വരച്ചുതരണം. എന്റെ ബൊറാപ്പുവിന്റെ. അതെനിക്ക് നാട്ടിൽ കൊണ്ടുപോകണം.’

ഞാനെന്തെങ്കിലും പറയുംമുമ്പവൻ പേഴ്‌സ് തുറന്ന് പഴയ പാസ്‌പോർട്ട് സൈസ് ഫോട്ടോയെടുത്ത് നീട്ടി. ഞാനത് വാങ്ങി. കാലപ്പഴക്കത്തിലും അവന്റെ ബൊറാപ്പുവിന്റെ കണ്ണുകൾ മങ്ങിയ ഫോട്ടോയിൽ തിളങ്ങി. സുന്ദരി.

‘രണ്ടാഴ്‌ചകൂടി കഴിയുമ്പോൾ ഞാനീ നാടുവിട്ടുപോകും. സാർ വരയ്‌ക്കുന്ന എന്റെ ബൊറാപ്പുവിന്റെ ചിത്രവുമായി വേണം എനിക്ക് നാട്ടിലേക്ക് പോകാൻ’ അവൻ പ്രതീക്ഷയോടെ പറഞ്ഞു.

‘നിന്റെ ബൊറാപ്പുവിനിപ്പൊയെന്ത് പ്രായമുണ്ട്’ ഞാൻ ചോദിച്ചു.

‘49’ ഏതോ കണക്കുകൂട്ടിയവൻ പറഞ്ഞു.

‘അവരിപ്പോഴെവിടെയുണ്ട്...’ ഞാനാ പഴയ ചോദ്യം ആവർത്തിച്ചു.

അവൻ തല കുനിച്ച് പതുക്കെ പറഞ്ഞു. ‘അറിയില്ല’

​

ബൊറാപ്പുവിനെക്കുറിച്ചുള്ള അവന്റെ ഒടുവിലത്തെ ഓർമ അവർ വേഷമിട്ട അമേച്വർ നാടകമാണ്. അവരുടെ നാട്ടിലെ ഏറ്റവും വലിയ ആഘോഷവേളയിൽ സ്ത്രീകൾ മാത്രമായുള്ള നാടകം. ബൊറാപ്പു പഴയ, തുറന്നിട്ട മരജാലകത്തിന്നരികെ ആരെയോ കാത്തുനിൽക്കുന്ന രംഗം മാത്രമാണ് അവന്റെയോർമ. കഥയോർമയില്ല. സുന്ദരിയായ അവന്റെ ബൊറാപ്പു ഓരോ തവണ വേദിയിലെത്തുമ്പോഴും അഭിമാനത്താൽ തുടികൊട്ടും ഹൃദയവുമായി ആരാധനയോടെനിന്ന പത്തുവയസ്സുകാരന്റെ ഓർമ.

​

പിന്നെയെല്ലാ പ്രഭാതങ്ങളിലുമവൻ വിളിക്കും. ക്ഷേമാന്വേഷണം നടത്തും. ഒരുദിവസം വിളിച്ചപ്പോൾ പറഞ്ഞു.

‘സർ, നാളെ ഞാൻ പോകും. ഇൻഷ അള്ള. ഇനി തമ്മിൽക്കാണുമോയെന്നറിയില്ല.’ അവൻ ഫോൺ വച്ചു.

എനിക്കൊരുതരം ആത്മനിന്ദ തോന്നി. ആയിടെ ഞാൻ ഓഫീസിലെ തിരക്കുകളിൽ വല്ലാതെ പെട്ടുപോയിരുന്നു. ചിത്രത്തിന്റെ കാര്യം എന്നെ അസ്വസ്ഥനാക്കി. അന്ന് രാത്രി തീരെ ഉറക്കം വരുന്നുണ്ടായിരുന്നില്ല. ഭാഗ്യം. അവൻ തന്ന ഫോട്ടോ നഷ്‌ടപ്പെട്ടിരുന്നില്ല. ഏതോ ആവേഗത്തിലെന്നതുപോലെ ഞാൻ വരച്ചുതുടങ്ങി.

ഫറൂക്കിന്റെ വാക്കുകൾ വീണ്ടും മനസ്സിലൂടെ കടന്നുപോയി. അന്നത്തെയാ നാടകത്തിന് രണ്ടുദിവസത്തിനുശേഷം അവന്റെ ബൊറാപ്പുവിനെ കാണാതായി. നാട്ടിലാകെ പുകിലായി. നാട്ടുകാരും പൊലീസുമൊക്കെ തിരയാവുന്നിടത്തെല്ലാം തിരഞ്ഞു. കിട്ടിയില്ല. പല കഥകളും പരന്നു. ആഴ്‌ചകളോളം കരഞ്ഞുനടന്ന ഫറൂക്കിനൊന്നും മനസ്സിലായില്ല; ബൊറാപ്പു വീട്ടിലില്ലെന്നതൊഴിച്ചാൽ.

​

അടുത്ത ദിവസം ബൊറാപ്പുവിന്റെ ചിത്രവുമായി ഞാൻ, അവൻ താമസിക്കുന്ന റൂമിലെത്തി. എന്നെക്കണ്ടവൻ ഓടിയെത്തി. സലാം പറഞ്ഞു. ഞാനാ ചിത്രം നീട്ടി. ധൃതിയിൽ കവർ തുറന്ന്‌ അവനത് പരിശോധിച്ചു. അവന്റെ മുഖം തുടുത്തു, വിടർന്നു.

‘സർ, ഇതാണെന്റെ ബൊറാപ്പു’ അവനാഹ്ലാദം അടക്കാനായില്ല. അവനാ ചിത്രം നെഞ്ചോടുചേർത്തുപിടിച്ചു. ‘എപ്പോഴെങ്കിലും ബൊറാപ്പുവിനെ കാണുമ്പോൾ എന്റെ സലാം പറയൂ’ എന്റെ ശബ്‌ദം ഞാനറിയാതെ ആർദ്രമായിപ്പോയി.

‘ഇല്ല സർ, എന്റെ ബൊറാപ്പു ജീവിച്ചിരിക്കാൻ സാധ്യതയില്ല.’ അവന്റെ ശബ്‌ദം ഇടറി.

‘കാരണം’ ഞാൻ ചോദിച്ചു.

‘ഈ ഭൂമിയിലെവിടെയെങ്കിലും ഉണ്ടായിരുന്നെങ്കിൽ ബൊറാപ്പുവെന്നെ തിരക്കിയെപ്പോഴേ വന്നേനെ. എന്നെ കാണാതിരിക്കാൻ അവർക്ക് സാധിക്കില്ല’ അവന്റെ ശബ്‌ദം തേങ്ങൽപോലെ നേർത്തു. ആ കണ്ണുകൾ നിറഞ്ഞൊഴുകി.

ഞാനവന്റെ ചുമലിൽ തട്ടി. ഒരുനിമിഷത്തെ നിശ്ശബ്‌ദതയ്‌ക്കുശേഷം കാറിൽ കരുതിയ ചോക്കലേറ്റ് പാക്കറ്റെടുത്ത് അവന് നീട്ടി. കണ്ണ്‌ തുടച്ചവനത് വാങ്ങി.

‘എന്നാൽ, വൈകിക്കേണ്ട. യാത്ര തുടരൂ... മാ സലാം.’ ഞാനിറങ്ങി.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home