ad
Deshabhimani

സ്മാർട്ട്‌ഫോണുകളിലേക്ക് സാറ്റലൈറ്റ് വഴി ബ്രോഡ്ബാൻഡ് ഇന്ത്യയിലും, വിക്ഷേപണം ബുധനാഴ്ച

ast
വെബ് ഡെസ്ക്

Published on Dec 21, 2025, 05:03 PM | 3 min read

ലോകമെമ്പാടുമുള്ള സ്മാർട്ട്‌ഫോണുകളിലേക്ക് നേരിട്ട് ഹൈസ്പീഡ് ബ്രോഡ്ബാൻഡ് എത്തിക്കാൻ ഉതകുന്ന വാണിജ്യ ഉപഗ്രഹ വിക്ഷേപണത്തിന് ഒരുങ്ങി ഐഎസ്ആർഒ. അമേരിക്കൻ കമ്പനിയായ എഎസ്‌ടി സ്‌പേസ്‌മൊബൈൽ (AST SpaceMobile) ന് വേണ്ടിയാണ് വിക്ഷേപണം. സ്‌പേസ്‌ മൊബൈൽ എന്ന സ്വപ്നത്തിലേക്കുള്ള ചരിത്ര ദൗത്യമാണ് ഇതുവഴി ഐഎസ്ആർഒ നിർവ്വഹിക്കുന്നത്.


അമേരിക്കൻ കമ്പനിയായ എഎസ്‌ടി സ്‌പേസ്‌മൊബൈൽ (AST SpaceMobile) വികസിപ്പിച്ചെടുത്ത ബ്ലൂബേർഡ് ബ്ലോക്ക്–2 (BlueBird Block-2) എന്ന അത്യാധുനിക ആശയവിനിമയ ഉപഗ്രഹമാണ്  ഭ്രമണപഥത്തിൽ എത്തിച്ച് നൽകുക. ഐഎസ്ആർഓയുടെ ഹെവി ലിഫ്റ്റ് റോക്കറ്റായ എൽവിഎം3 (LVM3 M6) എം6 ഡിസംബർ 24 ബുധനാഴ്ച ഈ ഉപഗ്രഹവുമായി കുതിച്ചുയരും.


കണക്ടിവിറ്റി മുറിയാത്ത സൈബർ ലോകം


സ്മാർട്ട്‌ഫോണുകളിലേക്ക് നേരിട്ട് ഹൈസ്പീഡ് സെല്ലുലാർ ബ്രോഡ്ബാൻഡ് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ബഹിരാകാശ അധിഷ്ഠിത സെല്ലുലാർ നെറ്റ്‌വർക്ക് വികസിപ്പിക്കുന്ന കമ്പനിയാണ് എഎസ്‌ടി സ്‌പേസ്‌മൊബൈൽ.


വാണിജ്യവും സർക്കാർ ആവശ്യങ്ങളും ഒരുപോലെ ലക്ഷ്യമിടുന്നതാണ് ഈ ശൃംഖല. നിലവിൽ കണക്‌ടിവിറ്റി പ്രശ്നങ്ങൾ നേരിടുന്ന കോടിക്കണക്കിന് ആളുകളെ ബന്ധിപ്പിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഈ രംഗത്ത് കുതിപ്പിനൊരുങ്ങുന്ന ലോകത്തിലെ ആദ്യത്തെയും ഏകവുമായ കമ്പനി എന്നാണ് വിശേഷണം.


ബഡായി അല്ല

 

2024 സെപ്റ്റംബറിൽ ബ്ലൂബേർഡ് വൺ മുതൽ ഫൈവ് വരെ അഞ്ചു ഉപഗ്രഹങ്ങൾ എഎസ്‌ടി സ്‌പേസ്‌മൊബൈൽ വിജയകരമായി വിക്ഷേപിച്ചിരുന്നു. ഇതോടെ അമേരിക്കയിലും മറ്റ് ചില രാജ്യങ്ങളിലുമായി തുടർച്ചയായ ഇന്റർനെറ്റ് സേവനം സാധ്യമായി.


ആഗോള ശൃംഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടുതൽ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനാണ് കമ്പനിയുടെ പദ്ധതി. ഇതിനായി ലോകമെമ്പാടുമുള്ള 50-ലേറെ മൊബൈൽ ഓപ്പറേറ്റർമാരുമായി എഎസ്‌ടി സ്‌പേസ്‌മൊബൈൽ പങ്കാളിത്തം സ്ഥാപിച്ചിട്ടുണ്ട്.

 

ഇപ്പോൾ വിക്ഷേപിക്കാനൊരുങ്ങുന്ന ബ്ലൂബേർഡ് ബ്ലോക്ക്–2 ഉപഗ്രഹം, 24 മണിക്കൂറും ലോകമെമ്പാടുമുള്ള സ്മാർട്ട്‌ഫോണുകൾക്ക് നേരിട്ട് 4ജി, 5ജി സേവനങ്ങൾ നൽകുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഉപഗ്രഹത്തിൽ ഏകദേശം 240 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഒരു വിന്യാസ ശ്രേണി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ഒരു ബഹിരാകാശ അധിഷ്ഠിത മൊബൈൽ ടവർ എന്നപോലെ പ്രവർത്തിക്കാൻ അനുവദിക്കും.


isro ast


വോയിസ്, വീഡിയോ കോളുകൾ, ടെക്സ്റ്റ് സന്ദേശങ്ങൾ, സ്ട്രീമിംഗ്, ഡാറ്റ സേവനങ്ങൾ എന്നിവ ഉപഗ്രഹം വഴി നേരിട്ട് ലഭ്യമാക്കാൻ ഈ ലോ എർത്ത് ഓർബിറ്റ് (LEO) കോൺസ്റ്റലേഷൻ സഹായിക്കുമെന്ന് ഐഎസ്ആർഒ അറിയിക്കുന്നു.

 

223 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഫേസ്ഡ് അറേ സജ്ജീകരണമുള്ള ഈ ഉപഗ്രഹം, ലോ എർത്ത് ഓർബിറ്റിൽ വിന്യസിക്കപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ ആശയവിനിമയ ഉപഗ്രഹം എന്ന പ്രത്യേകതയും സ്വന്തമാക്കുന്നു. ഇന്ത്യൻ ബഹിരാകാശ ഏജൻസിയുടെ ചരിത്രത്തിൽ, എൽവിഎം3 റോക്കറ്റ് വഹിക്കുന്ന ഏറ്റവും ഭാരമേറിയ ലോ എർത്ത് ഓർബിറ്റ് പേലോഡും ഇതായിരിക്കും. ഐഎസ്ആർഒയുടെ ആഗോള വാണിജ്യ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിലും ഈ ദൗത്യം ചരിത്രം കുറിക്കും.


ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡ് (NSIL) ഉം എഎസ്‌ടി സ്‌പേസ്‌മൊബൈലും തമ്മിൽ ഒപ്പുവെച്ച കരാറിന്റെ അടിസ്ഥാനത്തിലുള്ള പ്രത്യേക വാണിജ്യ വിക്ഷേപണമാണിത്.


ക്രിസ്മസ് തലേന്ന്  LVM3 M6 ദൗത്യത്തിലെ  ഈ വിക്ഷേപണം പൂത്തിയാമ്പോൾ ഇന്ത്യയുടെ വാണിജ്യ ബഹിരാകാശ ശേഷിക്കും ആഗോള ഡിജിറ്റൽ കണക്‌ടിവിറ്റിക്കും പുതിയ മുഖം തുറക്കുമെന്ന് ഐഎസ്ആർഓ പ്രതീക്ഷിക്കുന്നു.  


അടുത്ത വർഷം 60 ഉപഗ്രങ്ങളുടെ ടവർ നിര


അടുത്ത രണ്ട് വർഷത്തിനുള്ളിൽ, SpaceX, Blue Origin, ISRO എന്നിവയുൾപ്പെടെ ഒന്നിലധികം വിക്ഷേപണ ദാതാക്കളുമായി കരാറുകൾ ഉറപ്പിച്ചുകൊണ്ട് 60 ലധികം BlueBird ഉപഗ്രഹങ്ങൾ വിന്യസിക്കാൻ AST പദ്ധതിയിടുന്നു.


6


ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളോ വ്യാപാര നയത്തിലെ മാറ്റങ്ങളോ നിലവിലുള്ള കരാറുകളെ ബാധിക്കില്ലെന്ന് ആവർത്തിക്കുന്നു. എങ്കിലും ഈ അമേരിക്കൻ കമ്പനിയും ഇന്ത്യൻ ഏജൻസിയും തമ്മിലുള്ള കരാർ എത്രത്തോളം ശക്തമായി തുടരും എന്നതും ചർച്ച ചെയ്യപ്പെടുന്നു.


എന്താണ് BlueBird Block-2


അടുത്ത തലമുറ ലോ എർത്ത് ഓർബിറ്റ് (LEO) ആശയവിനിമയ ഉപഗ്രഹമാണ്. സാധാരണ സ്മാർട്ട്‌ഫോണുകളുമായി നേരിട്ട് ബന്ധപ്പെടാൻ രൂപകൽപ്പന ചെയ്തിരിക്കുന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഉപഗ്രഹ ഫോൺ, പ്രത്യേക റിസീവർ, അല്ലെങ്കിൽ ഗ്രൗണ്ട് ടെർമിനൽ എന്നിവ ഒന്നും ആവശ്യമാവില്ല എന്നാണ് വിശദീകരണം.


പരമ്പരാഗത ഉപഗ്രഹ ഇന്റർനെറ്റ് സംവിധാനങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഈ ഉപഗ്രഹം ബഹിരാകാശത്തിലെ ഒരു സെല്ലുലാർ ടവർ പോലെ പ്രവർത്തിക്കാനാണ് ലക്ഷ്യമിടുന്നത്.


Starlink, OneWeb പോലുള്ള നിലവിലെ ഉപഗ്രഹ ബ്രോഡ്ബാൻഡ് സംവിധാനങ്ങൾ ഉപയോഗിക്കാൻ പ്രത്യേക ഡിഷ് അല്ലെങ്കിൽ ഉപയോക്തൃ ടെർമിനൽ ആവശ്യമാണ്. എന്നാൽ AST SpaceMobile സ്വീകരിക്കുന്ന സമീപനം അടിസ്ഥാനപരമായി വ്യത്യസ്തമാണ്.


പ്രത്യേക ഹാർഡ്‌വെയർ ആവശ്യമില്ലസാധാരണ സ്മാർട്ട്‌ഫോണുകൾക്കൊപ്പം പ്രവർത്തിക്കും. മൊബൈൽ നെറ്റ്‌വർക്ക് ഓപ്പറേറ്റർമാരുമായി പങ്കാളിത്തത്തിലൂടെ നേരിട്ട് സേവനം ലഭിക്കും. നിങ്ങളുടെ ഫോൺ ഒരു സെൽ ടവറുമായി ബന്ധപ്പെടുന്നതുപോലെ തന്നെയാണിത്. ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നതാണ് ഇതിലെ ടവർ എന്നും വിശേഷിപ്പിക്കാം.


ലോകത്തെ മൊബൈൽ “ഡെഡ് സോണുകൾ” ഇല്ലാതാക്കാം. ബന്ധമില്ലാതെ കഴിയുന്ന ബില്യണുകൾക്ക് ബ്രോഡ്ബാൻഡ് ലഭ്യമാക്കാം. ഭൂതല ടെലികോം ഇൻഫ്രാസ്ട്രക്ചറുകൾക്ക് മേലുള്ള ആശ്രയം കുറയ്ക്കാം എന്നിവയെല്ലാം ഇതിന്റെ ഗുണങ്ങളായും വിവരിക്കപ്പെടുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home