ഇൻസ്റ്റഗ്രാമിൽ പുതിയ ഫീച്ചർ 'ഇൻസ്റ്റന്റ്സ്'; അബദ്ധത്തിൽ ഫോട്ടോസ് ഷെയർ ആയോ? എങ്ങനെ ഒഴിവാക്കാം

ഇൻസ്റ്റാഗ്രാമിൽ പുതുതായി അവതരിപ്പിച്ച ഇൻസ്റ്റന്റ്സ് ഫീച്ചറിന്റെ വിവിധ രൂപങ്ങൾ
തിരുവനന്തപുരം : ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്കായി 'ഇൻസ്റ്റന്റ്സ്' (Instants) എന്ന പേരിൽ പുതിയ ഫീച്ചർ അവതരിപ്പിച്ച് മെറ്റ. ഉപയോക്താക്കളുടെ യഥാർത്ഥ ജീവിതത്തിലെ നിമിഷങ്ങൾ പെട്ടെന്ന് പങ്കുവെക്കാൻ ലക്ഷ്യമിട്ട് മെയ് 13നാണ് ഈ ഫീച്ചർ പ്ലാറ്റ്‌ഫോമിൽ എത്തിയത്. എന്നാൽ, ഇതിന്റെ പ്രവർത്തനരീതി കൃത്യമായി മനസ്സിലാകാത്തതിനാൽ പലർക്കും അബദ്ധത്തിൽ ചിത്രങ്ങൾ ഷെയർ ആകുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
എന്താണ് ഇൻസ്റ്റന്റ്സ്?
ഇൻസ്റ്റഗ്രാം ഇൻബോക്സിന്റെ താഴെ വലത് കോണിലുള്ള ചെറിയ ഫോട്ടോ സ്റ്റാക്കിൽ തൊട്ടാൽ ഈ ഫീച്ചർ കാണാം. നിങ്ങൾ ഫോളോ ചെയ്യുന്നവർ പങ്കുവെച്ച ചിത്രങ്ങളാണ് ഇതിൽ ആദ്യം വരിക. ഇതിൽ ഇടത്തോട്ടോ മുകളിലോട്ടോ സ്ലൈഡ് ചെയ്താൽ ക്യാമറ ഓണാകും. ഒറ്റ ടാപ്പിൽ തന്നെ ഫോട്ടോ എടുത്ത് സുഹൃത്തുക്കൾക്കോ ക്ലോസ് ഫ്രണ്ട്സിനോ അയക്കാൻ ഇതിലൂടെ സാധിക്കും. വ്യൂവേഴ്‌സ് ലിസ്റ്റ് ഇതിൽ കാണില്ല എന്നതും പ്രതികരണങ്ങൾ തികച്ചും പ്രൈവറ്റ് ആയിരിക്കും എന്നതുമാണ് ഇതിന്റെ പ്രത്യേകത. പങ്കുവെക്കുന്ന ചിത്രങ്ങൾ 24 മണിക്കൂറിന് ശേഷം തനിയെ അപ്രത്യക്ഷമാകും. സുഹൃത്തുക്കൾക്ക് ഇതിന്റെ സ്‌ക്രീൻഷോട്ട് എടുക്കാനോ റെക്കോഡ് ചെയ്യാനോ സാധിക്കില്ല.
പരാതികൾക്ക് കാരണം
ഫോട്ടോ ക്ലിക്ക് ചെയ്യുന്ന നിമിഷം തന്നെ അത് സുഹൃത്തുക്കളുടെ ലിസ്റ്റിലുള്ള എല്ലാവരിലേക്കും ഓട്ടോമാറ്റിക്കായി അയക്കപ്പെടും എന്നതാണ് ഉപയോക്താക്കളെ ബുദ്ധിമുട്ടിക്കുന്നത്. ആദ്യമായി ഉപയോഗിക്കുന്നവർക്ക് മെറ്റ ഇതിനെക്കുറിച്ച് കൃത്യമായ സൂചന നൽകാത്തതിനാൽ പലരും അറിയാതെയാണ് ചിത്രങ്ങൾ പങ്കുവെക്കുന്നത്. ഇൻബോക്സിൽ മറുപടികൾ വരുമ്പോഴാണ് പലരും തങ്ങൾ ഫോട്ടോ ഷെയർ ചെയ്ത വിവരം പോലും അറിയുന്നത്. കൗമാരക്കാരുടെ അക്കൗണ്ടുകൾക്ക് രക്ഷിതാക്കളുടെ മേൽനോട്ടം ഉറപ്പാക്കുന്ന ടീൻ അക്കൗണ്ട്സ് സുരക്ഷാ സംവിധാനങ്ങളും ഇതിലൊപ്പം ലഭ്യമാക്കിയിട്ടുണ്ട്.
അബദ്ധത്തിൽ ഫോട്ടോ ഷെയർ ആയാൽ എന്ത് ചെയ്യും?
നിങ്ങൾ അബദ്ധത്തിൽ ഒരു ചിത്രം ക്ലിക്ക് ചെയ്താൽ ഷട്ടർ ബട്ടണിന് താഴെയുള്ള അൺഡു (Undo) ബട്ടണിൽ തൊട്ടാൽ മതിയാകും. അപ്പോൾ അൺഷെയർഡ് (Unshared) എന്ന് കാണിക്കുകയും ചിത്രം ഡിലീറ്റ് ആകുകയും ചെയ്യും. ഇൻസ്റ്റന്റ്സ് ആർക്കൈവ് പരിശോധിച്ചാൽ പഴയ ചിത്രങ്ങൾ കാണാനും ഡൗൺലോഡ് ചെയ്യാനും സാധിക്കും.
ഈ ഫീച്ചർ എങ്ങനെ പൂർണ്ണമായി ഓഫ് ചെയ്യാം?
ഇൻസ്റ്റന്റ്സ് ഫീച്ചർ പൂർണ്ണമായി ഒഴിവാക്കാൻ ലളിതമായ വഴിയുണ്ട്. നിങ്ങളുടെ പ്രൊഫൈൽ എടുത്ത ശേഷം മുകളിൽ വലത് കോണിലുള്ള മെനു (Three lines) ക്ലിക്ക് ചെയ്ത് സെറ്റിങ്സിൽ (Settings) പോവുക. താഴേക്ക് സ്ക്രോൾ ചെയ്ത് 'Content Preferences' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇതിൽ ഏറ്റവും താഴെ കാണുന്ന 'Hide instants in inbox' എന്ന ഓപ്ഷൻ ഓൺ (Toggle on) ചെയ്തു വെക്കുക. ഇതോടെ ഇൻബോക്സിൽ നിന്ന് ഈ ഫീച്ചർ അപ്രത്യക്ഷമാകും.











0 comments