'ഇൻസ്റ്റഗ്രാം മെസേജുകൾ ഇനി സുരക്ഷിതമല്ല'; എൻക്രിപ്ഷൻ ഫീച്ചർ പിൻവലിച്ച് മെറ്റ

പ്രതീകാത്മക എഐ ചിത്രം
തിരുവനന്തപുരം : ഇൻസ്റ്റഗ്രാം ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് സുരക്ഷയൊരുക്കുന്ന 'എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ' ഫീച്ചർ മെറ്റ ആഗോളതലത്തിൽ പിൻവലിക്കുന്നു. അയക്കുന്നവർക്കും സ്വീകരിക്കുന്നവർക്കും അല്ലാതെ മറ്റാർക്കും മെസേജുകൾ വായിക്കാൻ കഴിയില്ലെന്ന് ഉറപ്പുനൽകുന്ന ഈ സാങ്കേതിക വിദ്യ പിൻവലിക്കാനുള്ള തീരുമാനം വലിയ വിവാദങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട്. ഉപഭോക്താക്കളുടെ മെസേജുകൾ കമ്പനിക്ക് വേണമെങ്കിൽ പരിശോധിക്കാൻ സാധിക്കുന്ന 'സ്റ്റാൻഡേർഡ് എൻക്രിപ്ഷൻ' രീതിയിലേക്ക് ഇൻസ്റ്റഗ്രാം മാറുകയാണ്.
പുതിയ മാറ്റത്തോടെ ഇൻസ്റ്റഗ്രാം വഴി കൈമാറുന്ന ചിത്രങ്ങൾ, വീഡിയോകൾ, വോയ്‌സ് നോട്ടുകൾ എന്നിവ പരിശോധിക്കാൻ മെറ്റയ്ക്ക് സാധിക്കും. ജിമെയിൽ പോലുള്ള പ്ലാറ്റ്‌ഫോമുകൾ പിന്തുടരുന്ന അതേ രീതിയാണിത്. അതീവ സുരക്ഷാ സംവിധാനമായ എൻക്രിപ്ഷൻ ഫീച്ചർ പിൻവലിക്കാനുള്ള മെറ്റയുടെ തീരുമാനം ഇന്ന് (മെയ് 8) മുതൽ നിലവിൽ വന്നു. ഇതോടെ നിലവിലുള്ള എൻക്രിപ്റ്റഡ് ചാറ്റുകൾ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാനുള്ള അവസാന തീയതിയും ഇന്ന് അവസാനിക്കും.
2019ൽ ഭാവി സ്വകാര്യതയുടേതാണ് (The future is private) എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഫേസ്ബുക്ക് മെസഞ്ചറിലും ഇൻസ്റ്റഗ്രാമിലും എൻക്രിപ്ഷൻ ഡിഫോൾട്ട് ആക്കുമെന്ന് മെറ്റ ഉറപ്പുനൽകിയിരുന്നു. മെസഞ്ചറിൽ ഈ സുരക്ഷാ സംവിധാനം വലിയ തോതിൽ നടപ്പിലാക്കിയെങ്കിലും, ഇൻസ്റ്റാഗ്രാമിൽ ഇത് പൂർണ്ണമായി നടപ്പിലാക്കുന്നതിൽ നിന്നും മെറ്റ ഇപ്പോൾ പിന്നോട്ട് പോയിരിക്കുകയാണ്. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനും നിയമവിരുദ്ധമായ കാര്യങ്ങൾ നിരീക്ഷിക്കുന്നതിനും എൻക്രിപ്ഷൻ തടസ്സമാകുന്നു എന്ന ശിശുക്ഷേമ സംഘടനകളുടെയും അധികൃതരുടെയും പരാതിയെത്തുടർന്നാണ് ഈ പിന്മാറ്റമെന്നാണ് സൂചന.
ശിശുക്ഷേമ സംഘടനകൾ ഈ തീരുമാനത്തെ സ്വാഗതം ചെയ്‌തെങ്കിലും, സർക്കാരിന്റെ സമ്മർദത്തിന് വഴങ്ങിയുള്ള ഈ നീക്കം വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും ഇത് ഭാവിയിൽ ദോഷകരമായി ബാധിക്കുമെന്നുമാണ് പൊതുവെയുള്ള വിലയിരുത്തൽ.











0 comments