ഇനി ദക്ഷിണ കൊറിയയിലും യുപിഐ; ഇന്ത്യൻ സഞ്ചാരികൾക്കും പ്രവാസികൾക്കും ഉപകാരപ്രദമാകും

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി : ഇന്ത്യയുടെ യുപിഐ സേവനം ഇനി ദക്ഷിണ കൊറിയയിലും ലഭ്യമാകും. ഇന്ത്യൻ വിനോദസഞ്ചാരികൾക്കും പ്രവാസികൾക്കും ദക്ഷിണ കൊറിയയിൽ തത്സമയ ഡിജിറ്റൽ ഇടപാടുകൾ സാധ്യമാക്കുന്നതിനായി നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും കൊറിയൻ ഫിനാൻഷ്യൽ ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ക്ലിയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടും തമ്മിൽ ധാരണാപത്രം ഒപ്പിട്ടു.
പുതിയ കരാർ പ്രകാരം ഇന്ത്യൻ യാത്രക്കാർക്ക് തങ്ങളുടെ യുപിഐ ആപ്പുകൾ ഉപയോഗിച്ച് ദക്ഷിണ കൊറിയയിലെ വ്യാപാര സ്ഥാപനങ്ങളിലും മറ്റും പണമടക്കാൻ സാധിക്കും. കറൻസി മാറ്റത്തിലെ ബുദ്ധിമുട്ടുകളില്ലാതെയും, അന്താരാഷ്ട്ര കാർഡുകളെയും ആശ്രയിക്കുന്നത് കുറച്ചും ലളിതമായി ഇടപാടുകൾ നടത്താൻ ഇത് സഹായിക്കും.
പേയ്‌മെന്റ് സംവിധാനങ്ങൾ മാത്രമല്ല, സെമികണ്ടക്ടർ നിർമ്മാണം, എഐ, ടെലികോം തുടങ്ങിയ മേഖലകളിലും ഇരുരാജ്യങ്ങളും സഹകരണം ഉറപ്പാക്കുന്ന 'ഡിജിറ്റൽ ബ്രിഡ്ജ്' എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം.
നിലവിൽ സിംഗപ്പൂർ, യുഎഇ, നേപ്പാൾ, ഭൂട്ടാൻ, ഫ്രാൻസ്, ശ്രീലങ്ക, മൗറീഷ്യസ് എന്നീ രാജ്യങ്ങളിൽ യുപിഐ സേവനം ലഭ്യമാണ്. കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ ദക്ഷിണ കൊറിയയുമായി കൈകോർക്കുന്നത്.
ലോകത്തിലെ റീട്ടെയിൽ ഡിജിറ്റൽ പേയ്‌മെന്റുകളിൽ 49 ശതമാനവും യുപിഐ വഴിയാണ് നടക്കുന്നത്. ദക്ഷിണ കൊറിയയെപ്പോലെ സാങ്കേതികമായി മുന്നിട്ടുനിൽക്കുന്ന ഒരു രാജ്യവുമായി യുപിഐ ബന്ധിപ്പിക്കുന്നത് ആഗോള ഡിജിറ്റൽ സാമ്പത്തിക രംഗത്ത് ഇന്ത്യയുടെ കരുത്ത് വർദ്ധിപ്പിക്കും.
വിനോദസഞ്ചാര മേഖലക്കും ഐടി പ്രൊഫഷണലുകൾക്കും വലിയ ആശ്വാസം നൽകുന്നതാണ് ഈ പുതിയ നടപടി. ഈ സംവിധാനം നിലവിൽ വരുന്നതോടെ ഇന്ത്യൻ സഞ്ചാരികൾക്ക് ദക്ഷിണ കൊറിയയിൽ യുപിഐ ആപ്പുകൾ ഉപയോഗിച്ച് പണമിടപാടുകൾ നടത്താം. വരും മാസങ്ങളിൽ യുപിഐ സേവനം ദക്ഷിണ കൊറിയയിൽ പൂർണതോതിൽ പ്രവർത്തനസജ്ജമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.









0 comments