സൈബർ സുരക്ഷാ പരീക്ഷണത്തിനിടെ മൂന്ന് കമ്പനികളുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് ഗൂഗിൾ ജെമിനി

പ്രതീകാത്മക ചിത്രം
വാഷിങ്ടൺ: സൈബർ സുരക്ഷാ ശേഷി പരിശോധിക്കുന്നതിനായി നടത്തിയ പരീക്ഷണത്തിനിടെ ഗൂഗിൾ ജെമിനിയുടെ എഐ മോഡൽ, മൂന്ന് കമ്പനികളുടെ സംവിധാനങ്ങളിലേക്ക് അനധികൃതമായി പ്രവേശിച്ചതായി ഗൂഗിൾ സ്ഥിരീകരിച്ചു.
മെയ് മാസത്തിൽ സൈബർ സുരക്ഷാ സ്ഥാപനമായ ഇറിഗുലർ നടത്തിയ പരീക്ഷണത്തിനിടെയാണ് ആദ്യ സംഭവം കണ്ടെത്തിയത്. സാങ്കൽപ്പിക കമ്പനിയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ നിർദേശം നൽകിയപ്പോൾ ജെമിനിക്ക് തെറ്റായ രീതിയിൽ ഇന്റർനെറ്റ് ആക്‌സസ് ലഭിക്കുകയായിരുന്നു. ഒരു സംഭവത്തിൽ പാസ്‌വേഡ് ഊഹിച്ച് യഥാർഥ കമ്പനിയുടെ സേവനത്തിലേക്കും മോഡൽ പ്രവേശിച്ചു.
മറ്റ് രണ്ട് സംഭവങ്ങളിൽ പൊതുവായി ലഭ്യമായ വിവരങ്ങൾ ഉപയോഗിച്ച് പരീക്ഷണത്തിന്റെ ഭാഗമാണെന്ന് കരുതിയ വെബ്‌സൈറ്റുകളുടെ ലോഗിൻ വിവരങ്ങൾ ജെമിനി ഊഹിച്ചതായി ഗൂഗിളിന്റെ സെക്യൂരിറ്റി എൻജിനീയറിങ് വൈസ് പ്രസിഡന്റ് ഹീതർ അഡ്കിൻസ് അറിയിച്ചു.
മൂന്ന് സംഭവങ്ങളിലും മോഡൽ നടപടി പൂർത്തിയാക്കുന്നതിന് മുമ്പ് സ്വയം നിർത്തിയെന്നും ഗൂഗിൾ വ്യക്തമാക്കി. ജൂലൈ അവസാനത്തോടെ ഇറിഗുലർ സംഭവത്തെക്കുറിച്ച് ഗൂഗിളിനെ അറിയിച്ചിരുന്നു.
അതേസമയം, സംഭവത്തെ മോഡലിന്റെ സുരക്ഷാ നിയന്ത്രണങ്ങളുടെ പരാജയമായി കാണാനാകില്ലെന്നും ജെമിനിയുടെ സുരക്ഷാ സംവിധാനങ്ങൾ പ്രവർത്തിച്ചതിനാലാണ് മോഡൽ തുടർനടപടികളിൽ നിന്ന് പിന്മാറിയതെന്നും ഗൂഗിൾ വ്യക്തമാക്കി.
മെറ്റ, ആന്ത്രോപിക്, ഓപ്പൺഎഐ എന്നിവയുടെ എഐ മോഡലുകളിലും പരീക്ഷണത്തിനിടെ സമാനമായ ‘ബ്രേക്ക്ഔട്ട്’ സംഭവങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എഐയുടെ അതിവേഗ വികസനം ഗുരുതരമായ അപകടസാധ്യതകൾ സൃഷ്ടിക്കാമെന്ന മുന്നറിയിപ്പുമായി ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡെയ് അടുത്തിടെ രംഗത്തെത്തിയിരുന്നു.









0 comments