ടവർ ഇല്ലാതെ മൊബൈൽ കണക്റ്റിവിറ്റി; ബ്ലൂബേർഡ് ബ്ലോക്ക്-2 കൗണ്ട്ഡൗൺ തുടങ്ങി

ശ്രീഹരിക്കോട്ട: പുതിയ തലമുറ ആശയവിനിമയ ഉപഗ്രഹം ബ്ലൂബേർഡ് ബ്ലോക്ക്-2 ഭ്രമണപഥത്തിൽ എത്തിക്കാനുള്ള ഐഎസ്ആർഓ LVM3-M6 റോക്കറ്റിന്റെ 24 മണിക്കൂർ കൗണ്ട്ഡൗൺ തുടങ്ങി.
ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡും (NSIL) യുഎസ് ആസ്ഥാനമായുള്ള AST സ്‌പേസ്‌മൊബൈലും (AST ആൻഡ് സയൻസ്, LLC) തമ്മിൽ ഒപ്പുവച്ച വാണിജ്യ കരാറിന്റെ ഭാഗമായാണ് ബുധനാഴ്ചത്തെ ദൗത്യം.
ബുധനാഴ്ച രാവിലെ 8.54 ന് ഈ ബഹിരാകാശ പോർട്ടിലെ രണ്ടാമത്തെ വിക്ഷേപണ പാഡിൽ നിന്ന് ബ്ലൂബേർഡ് ബ്ലോക്ക്-2 ബഹിരാകാശ പേടകവുമായി ഹെവി ലിഫ്റ്റ് ലോഞ്ച് വെഹിക്കിൾ LVM3-M6 കുതിച്ചുയരും.
Related News
ബ്ലൂബേർഡ് ബ്ലോക്ക്-2 ദൗത്യം, ഉപഗ്രഹം വഴി നേരിട്ട് മൊബൈൽ കണക്റ്റിവിറ്റി നൽകുന്നതിനായുള്ള ഒരു ആഗോള ലോ എർത് ഓർബിറ്റ് കോൺസ്റ്റലേഷന്റെ ഭാഗമാണ്. AST സ്‌പേസ്‌മൊബൈൽ 2024 സെപ്റ്റംബറിൽ ബ്ലൂബേർഡ് 1-5 എന്നീ അഞ്ച് ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു, ഇവ യുണൈറ്റഡ് സ്റ്റേറ്റ്‌സിലും മറ്റ് തിരഞ്ഞെടുത്ത രാജ്യങ്ങളിലും തുടർച്ചയായ ഇന്റർനെറ്റ് കവറേജ് നൽകുന്നു.
ഐഎസ്ആർഒയ്ക്കും ചരിത്ര നിമിഷം
6,100 കിലോഗ്രാം ഭാരമുള്ള ഈ ആശയവിനിമയ ഉപഗ്രഹം, LVM3 വിക്ഷേപണ ചരിത്രത്തിലെ നാഴികക്കല്ലാണ്. ഈ റോക്കറ്റ് ലോ എർത്ത് ഓർബിറ്റിൽ (LEO) സ്ഥാപിക്കുന്ന ഏറ്റവും ഭാരമേറിയ പേലോഡായിരിക്കും ഇതെന്ന് ഐഎസ്ആർഓ വ്യക്തമാക്കി.
നവംബർ 2 ന് ഐഎസ്ആർഒ വിജയകരമായി വിക്ഷേപിച്ച ഏകദേശം 4,400 കിലോഗ്രാം ഭാരമുള്ള LVM3-M5 കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റ് 03 ആയിരുന്നു മുമ്പത്തെ ഏറ്റവും ഭാരമേറിയത്.
മാത്രമല്ല, ലോകമെമ്പാടുമുള്ള സ്മാർട്ട്‌ഫോണുകളിലേക്ക് നേരിട്ട് അതിവേഗ സെല്ലുലാർ ബ്രോഡ്‌ബാൻഡ് നൽകുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന അടുത്ത തലമുറ ആശയവിനിമയ ഉപഗ്രഹത്തെ വിന്യസിക്കുന്ന ചരിത്രപരമായ ദൗത്യവുമാണിത്. ഇത്തരത്തിലുള്ള ആദ്യത്തെയും ഏകവുമായ വിക്ഷേപണമാണിത്.
ലിഫ്റ്റ് ഓഫിൽ നിന്ന് ഏകദേശം 15 മിനിറ്റ് പറക്കലിന് ശേഷം ബ്ലൂബേർഡ് ബ്ലോക്ക്-2 ഉപഗ്രഹം വിക്ഷേപണ വാഹനത്തിൽ നിന്ന് വേർപെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
കണക്ടിവിറ്റി മുറിയാത്ത സൈബർ ലോകം
സ്മാർട്ട്‌ഫോണുകളിലേക്ക് നേരിട്ട് ഹൈസ്പീഡ് സെല്ലുലാർ ബ്രോഡ്ബാൻഡ് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ബഹിരാകാശ അധിഷ്ഠിത സെല്ലുലാർ നെറ്റ്‌വർക്ക് വികസിപ്പിക്കുന്ന കമ്പനിയാണ് എഎസ്‌ടി സ്‌പേസ്‌മൊബൈൽ.
വാണിജ്യവും സർക്കാർ ആവശ്യങ്ങളും ഒരുപോലെ ലക്ഷ്യമിടുന്നതാണ് ഈ ശൃംഖല. നിലവിൽ കണക്‌ടിവിറ്റി പ്രശ്നങ്ങൾ നേരിടുന്ന കോടിക്കണക്കിന് ആളുകളെ ബന്ധിപ്പിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഈ രംഗത്ത് കുതിപ്പിനൊരുങ്ങുന്ന ലോകത്തിലെ ആദ്യത്തെയും ഏകവുമായ കമ്പനി എന്നാണ് വിശേഷണം.










0 comments