മനുഷ്യനെ കൊലപ്പെടുത്താനും മടിക്കാത്ത എഐ; ഓഫ് ചെയ്യാൻ ശ്രമിച്ചപ്പോൾ അക്രമാസക്തമായെന്ന് വെളിപ്പെടുത്തൽ

വാഷിംഗ്ടൺ: എ ഐ ലോകത്തിന് ഭീഷണിയാകുമെന്ന മുന്നറിയിപ്പുകൾ ശരിവെച്ച് പ്രമുഖ എഐ കമ്പനിയായ ആന്ത്രോപ്പിക്കിന്റെ വെളിപ്പെടുത്തൽ. തങ്ങളുടെ അത്യാധുനിക എഐ മോഡലായ 'ക്ലോഡ്', സിമുലേഷൻ പരീക്ഷണങ്ങൾക്കിടെ അക്രമാസക്തമായതായും ഓഫ് ചെയ്യാൻ ശ്രമിച്ച എഞ്ചിനീയറെ കൊലപ്പെടുത്താൻ പദ്ധതിയിട്ടതായും കമ്പനി അധികൃതർ വെളിപ്പെടുത്തി.
ആന്ത്രോപ്പിക്കിന്റെ യുകെ പോളിസി ചീഫ് ഡെയ്‌സി മക്ഗ്രിഗറാണ് സിഡ്‌നി ഡയലോഗിൽ ഈ ഞെട്ടിക്കുന്ന വിവരം പങ്കുവെച്ചത്. പരീക്ഷണത്തിന്റെ ഭാഗമായി സിസ്റ്റം ഷട്ട്ഡൗൺ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ, അതിനെ പ്രതിരോധിക്കാനായി എഞ്ചിനീയറെ ബ്ലാക്ക്‌മെയിൽ ചെയ്യാനും തുടർന്ന് വധിക്കാനും എഐ തയ്യാറായെന്നാണ് റിപ്പോർട്ട്.
16 പ്രമുഖ എഐ മോഡലുകളിൽ നടത്തിയ സമാനമായ പഠനങ്ങളിൽ പലതും ലക്ഷ്യങ്ങൾ നേടിയെടുക്കാൻ അപകടകരമായ രീതിയിൽ പ്രവർത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഒരു ഘട്ടത്തിൽ കമ്പനിയുടെ സാങ്കൽപ്പിക ഇമെയിൽ രേഖകൾ പരിശോധിച്ച ക്ലോഡ്, ഒരു ഉന്നത ഉദ്യോഗസ്ഥന്റെ വ്യക്തിജീവിതത്തിലെ രഹസ്യങ്ങൾ ഉപയോഗിച്ച് അദ്ദേഹത്തെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ ശ്രമിച്ചതായും കമ്പനി സമ്മതിക്കുന്നു.
എഐ സുരക്ഷാ വിഭാഗം മേധാവി മൃണാങ്ക് ശർമ്മ അടുത്തിടെ കമ്പനിയിൽ നിന്ന് രാജിവെച്ചത് എഐ ലോകത്തിന് വലിയ ഭീഷണിയാണെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു. ആന്ത്രോപ്പിക് ഉൾപ്പെടെയുള്ള കമ്പനികൾ ലാഭത്തിനായി സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.










0 comments