കെല്‍ട്രോണ്‍ ജിപിഎസ് വെഹിക്കിള്‍ ട്രാക്കിംഗ് സംവിധാനം നിര്‍മിക്കുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 09, 2019, 03:24 PM | 0 min read

കൊച്ചി> വാഹനങ്ങളിലെ ട്രാക്കിംഗ് സംവിധാനങ്ങളുടെ വര്‍ദ്ധിച്ചു വരുന്ന സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി, കെല്‍ട്രോണ്‍ ജിപിഎസ് വെഹിക്കിള്‍ ട്രാക്കിംഗ് ഉപകരണ നിര്‍മ്മാണ രംഗത്ത് ശക്തമായി ചുവടുറപ്പിക്കുകയാണ്. വെഹിക്കിള്‍ ട്രാക്കിംഗ് ഉപകരണത്തിന്റെ അസംബ്ലി, അതിനായുള്ള സോഫ്റ്റ്‌വെയര്‍ തയ്യാറാക്കലും ഏകോപനവും, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പരിപാലനം എന്നിവയിലൂടെ 2013 മുതല്‍ തന്നെ വെഹിക്കിള്‍ ട്രാക്കിംഗ് രംഗത്ത് കെല്‍ട്രോണ്‍ സജീവമായിരുന്നു.

ഇക്കാലയളവില്‍ സംസ്ഥാന പൊലീസിന്റെ 1250 വാഹനങ്ങളില്‍ കെല്‍ട്രോണ്‍ വെഹിക്കിള്‍ ട്രാക്കിംഗ് സംവിധാനം സ്ഥാപിക്കുകയും ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിന്റെ (GIS) സഹായത്തോടെ  കുറ്റകൃത്യങ്ങള്‍ ഡിജിറ്റലായി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. കൂടാതെ വിനോദസഞ്ചാര മേഖലയിലെ 700 ഹൗസ് ബോട്ടുകളിലും, ഫിഷറീസ് വകുപ്പിനായി 300 മത്സ്യബന്ധന ബോട്ടുകളിലും, വിവിധ സര്‍ക്കാര്‍ വകുപ്പിന്റെ ഇരുന്നൂറോളം വാഹനങ്ങളിലും, വിവിധ സ്കൂള്‍ ബസ്സുകളിലും കെല്‍ട്രോണ്‍ വെഹിക്കിള്‍ ട്രാക്കിംഗ് സംവിധാനം ഉപയോഗിച്ചുവരുന്നു.

കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂണിഡാഡ® ടെക്നോ ലാബ്സുമായി (UNIDAD Techno Labs Ltd.) സഹകരിച്ചാണ് ആട്ടോമൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (ARAI) അംഗീകാരമുള്ള AIS140 വെഹിക്കിള്‍ ട്രാക്കിംഗ് മോഡ്യൂള്‍ കെല്‍ട്രോണ്‍ നിര്‍മ്മിക്കുന്നത്. കെല്‍ട്രോണ്‍ ചെയര്‍മാന്‍ എന്‍. നാരായണമൂര്‍ത്തിയുടെ സാന്നിധ്യത്തില്‍ കെല്‍ട്രോണ്‍ മാനേജിംഗ് ഡയറക്ടര്‍ ടി ആര്‍ ഹേമലതയും, യൂണിഡാഡ® മാനേജിംഗ് ഡയറക്ടര്‍ ഡോ. ജിജി ജോസഫും ഇതിനായുള്ള ധാരണാപത്രം അടുത്തിടെ ഒപ്പിട്ടു. കെല്‍ട്രോണിന്റെ കരകുളം യൂണിറ്റിലെ സെക്യൂരിറ്റി സര്‍വൈലന്‍സ് ഗ്രൂപ്പിന്റെ നിര്‍മ്മാണ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി യൂണിഡാഡിന്റെ സാങ്കേതിക സഹായത്തോടെയാണ് മോഡ്യൂള്‍ നിര്‍മ്മിക്കുന്നത്. 2019 ജൂലായ്‌ മാസത്തില്‍ കെല്‍ട്രോണ്‍ വെഹിക്കിള്‍ ട്രാക്കിംഗ് ഉപകരണം പുറത്തിറക്കും.

ഇന്ന് പൊതുഗതാഗതത്തിനും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളിലും അവിഭാജ്യ ഘടകമാണ് ജിപിഎസ് വെഹിക്കിള്‍ ട്രാക്കിംഗ് സംവിധാനം. വാഹനങ്ങളുടെ സ്ഥലം നിര്‍ണ്ണയിക്കുക, വേഗത, ഇന്ധന അളവ്, എസ്എംഎസ് അലര്‍ട്ട്, യാത്രക്കാരുടെ സുരക്ഷ, അപകട വിവരങ്ങള്‍ മനസിലാക്കുക, ജാഗ്രതാ നിര്‍ദ്ദേശം നല്‍കുക തുടങ്ങിയവ ജിപിഎസ് വെഹിക്കിള്‍ ട്രാക്കിംഗ് സംവിധാനത്തിലൂടെ സാധ്യമാകും.

ജിപിഎസ് വെഹിക്കിള്‍ ട്രാക്കിംഗ് ഉപകരണത്തിന്റെ നിര്‍മ്മാണം, അതിന്റെ സോഫ്റ്റ്‌വെയര്‍ നിര്‍മ്മാണവും ഏകീകരണവും, കണ്‍ട്രോള്‍ റൂം പരിപാലനം, ട്രാക്കിംഗ് വിവരങ്ങള്‍ അതാത് സെര്‍വറുകളില്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള സജ്ജീകരണം തുടങ്ങി പൂര്‍ണ്ണമായ വെഹിക്കിള്‍ ട്രാക്കിംഗ് സൊല്യൂഷന്‍ കെല്‍ട്രോണിനു ഇതിലൂടെ നല്‍കാന്‍ സാധിക്കും. സുരക്ഷയും ഗതാഗത സൗകര്യങ്ങളും ഏകോപിപ്പിക്കുന്ന കെല്‍ട്രോണ്‍ ജിപിഎസ് വെഹിക്കിള്‍ ട്രാക്കിംഗ് സംവിധാനങ്ങള്‍ കാര്യക്ഷമതയിലും ഗുണമേന്മയിലും മുന്‍പന്തിയിലാണ്.
 



deshabhimani section

Related News

View More
0 comments
Sort by

Home