പ്രളയത്തിൽ സായിപ്പിനും തുണയായി മലയാളിയുടെ വെബ‌്സൈറ്റ‌്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 04, 2018, 07:13 PM | 0 min read

ആലപ്പുഴ> പ്രളയകാലത്ത‌് കേരളത്തിലെ ജനങ്ങൾക്ക‌് അഭയമായ ‘ആഫ‌്റ്റർ ഫ്ലഡ‌്’ സൈറ്റ‌്  അമേരിക്കയിലെ വെള്ളപ്പൊക്കത്തിലും തമിഴ‌്നാട്ടിൽ ഗജ ചുഴലിക്കാറ്റിലും പതിനായിരങ്ങൾക്ക‌് തുണയായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ  ഇന്ത്യയിൽ നിന്ന‌് 18 പേർ സൈറ്റ‌് സന്ദർശിച്ചപ്പോൾ 500 അമേരിക്കക്കാരാണ‌് സൈറ്റ‌് സന്ദർശിച്ചത‌്. അമേരിക്കയുടെ  ചില ഭാഗങ്ങളിൽ  രൂക്ഷമായ വെള്ളപ്പൊക്കമുള്ളതാണ‌് കാരണം.

ബംഗളൂരുവിൽ ടെക്കിയായ ബോധിഷ‌് തോമസ‌് കേരളത്തിലെ പ്രളയത്തിന്റെ മൂർധന്യത്തിൽ  രൂപപ്പെടുത്തിയതാണ‌്  ആഫ‌്റ്റർ ഫ്ലഡ‌്  ഡോട്ട‌് ഇൻ. 
ആഗസ‌്തിൽ പ്രളയം ശക്തമായ നാലുദിവസം മാത്രം 1,20‌,000 പേർ സന്ദർശിച്ച സൈറ്റിന്റെ രൂപകൽപ്പനയിലേക്ക‌് നയിച്ചത‌് പ്രളയത്തിൽ ബോധിഷിന്റെ കുടുംബം അനുഭവിച്ച ദുരിതമായിരുന്നു.  ബോധിഷിന്റെ അഛനും കോട്ടയം ഓർത്തഡോക‌്സ‌് സെമിനാരിയിലെ അധ്യാപകനുമായ ഫാ. ഡോ. ജോൺ തോമസ‌് കരിങ്ങാട്ടിലും അമ്മ ഡോ. ജെയ‌്സിയും  സഹോദരി ബോധിഷയും  അടങ്ങുന്ന കുടുംബം  കോട്ടയത്തെ വീട്ടിൽ വെള്ളം കയറിയപ്പോഴാണ‌് പന്തളത്തെ തറവാട്ടുവീട്ടിലേക്കു  പോയത‌്. എന്നാൽ ഒരിക്കലും വെള്ളം കയറാത്ത പന്തളത്തെ ബോധിഷിന്റെ വീടിനുള്ളിൽ ആറടി വെള്ളം കയറി.

ഈ സാഹചര്യത്തിലാണ‌് ഇത്തരം ഒരു സൈറ്റിനെപ്പറ്റിയുള്ള ആശയം ഉണ്ടായത‌്. വെള്ളപ്പൊക്കത്തിനുശേഷം എന്തു ചെയ്യണമെന്ന കാര്യത്തിന‌് ഉത്തരം നൽകുന്ന ഈ സൈറ്റ‌് കനേഡിയൻ ഗവർമെണ്ടിന്റെ സമാനമായ സൈറ്റിന്റെ മാതൃക പിൻപറ്റിയായിരുന്നു.  പ്രളയശേഷം എന്തു ചെയ്യണം, എന്തു ചെയ്യരുത‌് എന്നൊക്കെ വിശദീകരിക്കുന്ന സൈറ്റ‌് സംവാദം നടത്താൻ പറ്റുന്ന തരത്തിലായിരുന്നു.  സിനിമാ താരങ്ങളടക്കം ഷെയർ ചെയ‌്ത‌് ഹിറ്റായ സൈറ്റ‌ിന്റെ ലിങ്ക‌്  സർക്കാർ സൈറ്റായ കേരള റെസ‌്ക്യൂ ഡോട്ട‌് ഇന്നിൽ ഉൾപ്പെടുത്തി.  മാലിന്യ സംസ‌്കരണം, വ്യക്തി ശുചിത്വം, സുരക്ഷാ മാർഗ നിർദേശങ്ങൾ,  വീടിന്റെയും കിണറുകളുടെയും ശുചീകരണം തുടങ്ങിയവയെപ്പറ്റിയുള്ള വിവരങ്ങൾക്കായും അഭിപ്രായങ്ങൾ പങ്കിടുന്നതിനുമായി ആയിരങ്ങൾ ഈ സൈറ്റിനെ ആശ്രയിച്ചു.

ഫ്രിഡ‌്ജ‌് ഉൾപ്പെടെയുള്ള ഇലക‌്ട്രോണിക‌് യന്ത്രങ്ങൾ പ്രളയശേഷം സ്ഥാപിക്കുന്നതെങ്ങനെ, വളർത്തു മൃഗങ്ങളെ സംസ‌്കരിക്കൽ, പ്രളയശേഷം ആളുകൾക്കുണ്ടാകുന്ന മാനസിക സംഘർഷത്തിനുള്ള പ്രതിവിധികൾ തുടങ്ങിയവയെല്ലാം സൈറ്റിലുണ്ട‌്.   ഇതിനു സഹായകമായ വീഡിയോകളുമുണ്ട‌്.

കൂർഗ്ഗിലെ വെള്ളപ്പൊക്കക്കാലത്തും  ഒട്ടേറെ ആളുകൾ സൈറ്റ‌് സന്ദർശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home