ജോലി തേടാനും ഇനി ഗൂഗിള്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 29, 2017, 01:43 PM | 0 min read

ഇന്റനെറ്റില്‍ ജോലി തപ്പാന്‍ ഇന്ന് നാം മോണ്‍സ്റ്റര്‍, ലിങ്ക്ഡിന്‍, ഗ്ളാസ്ഡോര്‍ മുതലായ സേവനങ്ങളെയും, കമ്പനിക വെബ്സൈറ്റുകളെയും ഒക്കെ ആശ്രയിക്കുന്നു. ഇതെല്ലാം ഒരുസ്ഥലത്തുതന്നെ ആയിരുന്നെങ്കില്‍ എന്തെളുപ്പമായേനെ എന്ന് നമ്മളില്‍ പലരും ആലോചിച്ചുകാണും. ഗൂഗിളും ഇതുപോലെയൊക്കെത്തന്നെ ആലോചിച്ചു.

ഗൂഗിള്‍ തെരയലില്‍തന്നെ ജോലി തെരയാനുള്ള സൌകര്യം ഒരുക്കുകയാണ് ഗൂഗിള്‍. jobsnear me എന്ന് തപ്പിയാല്‍ നിരവധി വെബ്സൈറ്റുകളിലെ വിവരങ്ങളില്‍നിന്ന് നിങ്ങളുടെ അടുത്തുള്ള ജോലികളുടെ വിവരങ്ങള്‍ നിങ്ങളുടെ മുന്നിലെത്തും. നിരവധി വെബ്സൈറ്റുകളില്‍നിന്ന് സംഘടിപ്പിക്കുന്ന വിവരങ്ങളില്‍നിന്ന് നിങ്ങള്‍ക്ക് വേണ്ടതുമാത്രം കാണാന്‍ ഈ തെരയലിലെ ഫില്‍റ്റര്‍ ഉപയോഗിക്കാവുന്നതാണ്.

തപ്പിയതരത്തിലുള്ള ജോലികള്‍ ഇനിയും പോസ്റ്റ്ചെയ്യപ്പെട്ടാല്‍ വേണമെങ്കില്‍ മെയില്‍വഴി നിങ്ങളെ അറിയിക്കാനും ഗൂഗിള്‍ റെഡി. ചില ജോലികളുടെ നേരെ നിങ്ങള്‍ക്ക് അവിടേക്ക് യാത്ര ചെയ്ത് എത്താനുള്ള സമയംപോലും ഗൂഗിള്‍ പറഞ്ഞുതരും. നിങ്ങള്‍ എവിടെയാണെന്നും, ഗൂഗിള്‍ ലിസ്റ്റ്ചെയ്ത് കാണിക്കുന്ന ജോലി എവിടെയാണെന്നും, ഈ ദൂരം സഞ്ചരിക്കാന്‍ എത്ര സമയം വേണമെന്നും അറിയുന്ന ഗൂഗിളിന് ഈ വിവരം ലഭ്യമാക്കാനാണോ ബുദ്ധിമുട്ട്.

ഗൂഗിളിന്റെ ഈ പുതിയ സേവനം ഇന്‍ഡീസ് ഡോട്ട്കോം പോലെയുള്ള സേവനത്തിന്റെ നടുവൊടിക്കും എന്നതില്‍ സംശയമില്ല. പക്ഷെ എത്രത്തോളം പ്രസക്തമായ ജോലികളാകും ഗൂഗിള്‍ കാണിക്കുക എന്നത് സംശയിക്കേണ്ടിയിരിക്കുന്നു. ഉദാഹരണത്തിന് നിങ്ങളുടെ ജോലിസംബന്ധമായ വിവരങ്ങള്‍ ലിങ്ക്ഡിന് അറിയുന്നതുപോലെ എന്തുകൊണ്ടും ഗൂഗിളിന് അറിയില്ല. അപ്പോള്‍ കാണിക്കുന്ന ജോലികള്‍ നിങ്ങള്‍ തെരയുന്ന വാക്കുകള്‍പോലെ ഇരിക്കും. വിവരം ശേഖരിക്കാനും അപഗ്രഥിക്കാനും ഒരുപക്ഷെ ലോകത്തിലെതന്നെ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന ഗൂഗിളിന് നിങ്ങളുടെ പ്രൊഫഷണല്‍ വശം മനസ്സിലാക്കിയെടുക്കാനും ബുദ്ധിമുട്ടുണ്ടാവില്ല. അതുകൊണ്ട് ഗൂഗിളിന് പണി പാളുമെന്നു കരുതാനും വയ്യ.

ഗൂഗിളിന്റെ ലക്ഷ്യം വളരെ സ്പഷ്ടമാണ്. നിങ്ങള്‍ എന്തുതരം തെരയലും ഗൂഗിളില്‍തന്നെ ചെയ്യണം. പരമാവധി സമയം ഗൂഗിളിലോ അവരുടെ മറ്റ് ഉല്‍പ്പന്നങ്ങളിലോ ചെലവഴിക്കണം. ഇതിലൂടെ നിങ്ങളെ കൂടുതല്‍ മനസ്സിലാക്കാന്‍ ഗൂഗിളിന് വഴിയൊരുക്കണം. എന്നാല്‍ മാത്രമേ നിങ്ങള്‍ക്ക് താല്‍പ്പര്യമുള്ള സേവനങ്ങളുടെയും, ഉല്‍പ്പന്നങ്ങളുടെയും പരസ്യങ്ങള്‍ നിങ്ങളുടെ മുന്നിലെത്തിക്കാന്‍ സാധിക്കൂ. പരസ്യങ്ങളില്‍ നിങ്ങള്‍ ഇടപഴകുന്നതുവഴി ബ്രാന്‍ഡുകള്‍ നല്‍കുന്ന വരുമാനമാണ് ഗൂഗിളിന്റെ നെടുംതൂണ്‍. സൌജന്യ സേവനം ആയതുകൊണ്ട് നമുക്കും സന്തോഷം, വിവരങ്ങള്‍ ഉപയോഗിച്ച് പണംകൊയ്യുന്നതുകൊണ്ട് ഗൂഗിളിനും സന്തോഷം.



deshabhimani section

Related News

View More
0 comments
Sort by

Home