നിങ്ങളറിയാതെ ഫേസ്‌ബുക്കില്‍ പോസ്റ്റ് വരുന്നുണ്ടോ,...കാരണം തരികിട ആപ്പുകള്‍..പരിഹാരം എങ്ങനെ?

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 11, 2017, 10:43 AM | 0 min read

ഞാന്‍ ഇങ്ങനെ ഒരു ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടിട്ടില്ല. പിന്നെ എങ്ങിനെ ഇതെന്റെ പേരില്‍ ഫേസ്‌ബുക്കില്‍ വന്നു? ഞാന്‍ ഇങ്ങനെ ഒരു മെയില്‍ അയച്ചിട്ടേയില്ല. പിന്നെ എങ്ങിനെ ഞാന്‍ അയച്ച പോലെ ഈ മെയില്‍ നിങ്ങള്‍ക്ക് കിട്ടി. ഉടനെ പാസ്‌വേഡ് മാറ്റുന്നു. എന്നിട്ടും രക്ഷയില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ പെട്ടിട്ടുണ്ടോ?

ഇവിടെ സംഭഭവിക്കുന്നത് ഒരു തരികിട ആപ്പിന് നിങ്ങളുടെ അക്കൌണ്ട് ഉപയോഗിക്കാനുള്ള സമ്മതം നിങ്ങള്‍ കൊടുത്തിരിക്കുന്നതുകൊണ്ടാവാം. പുതിയ പോസ്റ്റ് പ്രസിദ്ധീകരിക്കാനോ, കോണ്‍ടാക്ട്സ് ഒക്കെ വായിക്കാനോ മെയില്‍ അയക്കാനോ ഒക്കെയുള്ള സമ്മതം നിങ്ങള്‍ തന്നെ കൊടുത്തിട്ടുണ്ടാവും. പാസ്‌വേഡ് മാറ്റിയാലും ഇത്തരം ‘സമ്മതം’ നിങ്ങള്‍ നല്‍കിയത് ഇല്ലാതാകുന്നില്ല എന്നത് ശ്രദ്ധിക്കുക.

അപ്പോള്‍ നിങ്ങളുടെ ഗൂഗിള്‍, ഫേസ്ബുക്ക്, ട്വിറ്റര്‍ ഒക്കെ ഇത്തരത്തില്‍ ഏതൊക്കെ ആപ്പുകള്‍ക്ക് ആക്സസ് ചെയ്യാന്‍ സമ്മതം കൊടുത്തു എന്നത് ഇടയ്ക്ക് ഇടയ്ക്ക് നോക്കേണ്ട ഒരു കാര്യമാണ്. പാസ്‌വേഡ് ഒക്കെ ഇടയ്ക്ക് മാറ്റും പോലെ ഇതും ഒന്നു ശ്രദ്ധിക്കുക. പലപ്പോഴും ഇത്തരം സമ്മതങ്ങള്‍ നമ്മള്‍ സ്ക്രീനിലെ സന്ദേശം ശ്രദ്ധിച്ച് വായിക്കാതെ അബദ്ധത്തില്‍ കൊടുക്കുന്നതും ആകാം. സ്ക്രീനില്‍ ഉള്ളത് വായിക്കാതെ നെക്സ്റ്റ് അടിച്ച് ഒകെ അടിക്കുക പതിവാണല്ലോ, അങ്ങനെയാണ് പലപ്പോഴും ഇതില്‍ നമ്മള്‍ തല വയ്ച്ച് കൊടുക്കുന്നത്.

നിങ്ങളുടെ ഗൂഗിള്‍ അക്കൌണ്ട്സ് ആക്സസ് ചെയ്യാന്‍ ആര്‍ക്കൊക്കെ സമ്മതം നല്‍കിയിട്ടുണ്ട് എന്ന്  https://myaccount.google.com/permissions എന്ന ലിങ്കില്‍ ചെന്നാല്‍ കാണാം. സംശയാസ്പദമായ എന്തെങ്കിലും ഉണ്ടോ? ആ വരിയില്‍ ക്ളിക്ക് ചെയ്ത് Remove ചെയ്യുന്നതാണ് ഉത്തമം. ഫേസ്ബുക്ക് ആണെങ്കില്‍ https://www.facebook.com/settings  എന്നവിലാസത്തില്‍ ചെല്ലുക. എന്നിട്ട Apps  എന്ന മെനുവില്‍ ക്ളിക്ക് ചെയ്യുക. നിങ്ങളുടെ അക്കൌണ്ട് ആക്സസ് ചെയ്യാന്‍ നിങ്ങള്‍ സമ്മതം കൊടുത്ത ആപ്പുകളെ ഇവിടെ കാണാം.ഓരോന്നും വേണ്ടതാണോ അല്ലയോ എന്ന നോക്കി നീക്കം ചെയ്യാവുന്നതാണ്. ട്വിറ്ററില്‍ ആണെങ്കില്‍ https://twitter.com/settings/applications എന്നവിലാസത്തില്‍ പോയാല്‍ അപ്പുകളെ നീക്കം ചെയ്യാവുന്നതാണ്. 

ചിലരുടെ ഫേസ്ബുക്കില്‍ അശ്ളീല വീഡിയോകള്‍ ഷെയര്‍ ചെയ്യപ്പെടുകയും, അയ്യോ എന്റെ അക്കൌണ്ട് ഹാക്ക് ചെയ്തു എന്ന് അവരുടെ നിലവിളിയും നമ്മള്‍ കാണാറില്ലേ? ഇത്തരക്കാര്‍ മിക്കപ്പോഴും പാസ്വേഡ് മാറ്റുക മാത്രമാവും പറ്റിയ അബദ്ധത്തിനു മരുന്നായി ചെയ്യുക.  അതുകൊണ്ട് മുകളില്‍ പറഞ്ഞ രീതിയില്‍ ഒരു വെട്ടിനിരത്തല്‍ നടത്തുന്നതാണ് കുറ്റമറ്റതായ നടപടി.



deshabhimani section

Related News

View More
0 comments
Sort by

Home