ജോക്കോവിച്ചിന് 100–ാം കിരീടമില്ല; മയാമി ഓപ്പണിൽ യാക്കൂബ് മെൻഷിക്ക്

PHOTO: Instagram/Jakub Menšík
മയാമി: നൂറാം കിരീടം ലക്ഷ്യമിട്ട് മയാമി ഓപ്പണിന്റെ ഫൈനലിനിറങ്ങിയ നൊവാക് ജോക്കോവിച്ചിന് നിരാശ. ഫൈനലിൽ 19കാരനായ ചെക്ക് താരം യാക്കൂബ് മെൻഷിക്ക് സിംഗിൾസിൽ 100 കിരീടമെന്ന ജോക്കോവിച്ചിന്റെ സ്വപ്‌നം തകർത്തു. 7-6 (7-4), 7-6 (7-4) എന്ന സ്‌കോറിനാണ് യാക്കൂബിന്റെ വിജയം. 54–ാം റാങ്കുകാരനാണ് മെൻഷിക്.
പരിക്ക് കാരണം ആദ്യ മത്സരത്തിന് മുന്നേ ടൂർണമെന്റിൽ നിന്ന് പിന്മാറാൻ യാക്കൂബ് തീരുമാനിച്ചതായിരുന്നു. എന്നാൽ തീരുമാനം മാച്ച് റഫറിയെ അറിയിക്കാൻ പോയ മെൻഷികിന് റഫറിയെ കാണാൻ സാധിച്ചില്ല. ആ സമയം റഫറി ഭക്ഷണം കഴിക്കാൻ പോയതായിരുന്നു കാരണം. തുടർന്ന് പുറത്തെത്തിയ യാക്കൂബ് പരിക്ക് വലിയ പ്രശ്‌നമല്ലാത്തത് കൊണ്ട് ടൂർണമെന്റിൽ തുടർന്നു. ആ തീരുമാനമാണ് മെൻഷിക്കിനെ ടൂർണമെന്റിലെ ജേതാവാക്കിയത്.
യാക്കൂബിന്റെ കരിയറിലെ ആദ്യ എടിപി കിരീടമാണിത്. കൂട്ടിക്കാലത്തെ തന്റെ ഇഷ്ടതാരമായ ജോക്കോവിച്ചിനെ തോൽപ്പിച്ചാണ് കിരീടനേട്ടം എന്നുള്ളത് യാക്കൂബിന് ഇരട്ടി മധുരം നൽകുന്നു. ‘ഞാൻ ടെന്നീസ് കളിക്കാൻ തുടങ്ങിയതിന് കാരണം തന്നെ നിങ്ങളാണ്. ഒരു ടൂർണമെന്റിന്റെ ഫൈനലിൽ താങ്കളെ പരാജയപ്പെടുത്തുക എന്നുള്ളത് ഏതൊരു കളിക്കാരനും വെല്ലുവിളിയാണ്’– മത്സരശേഷം കിരീടമേറ്റുവാങ്ങവേ ജോക്കോവിച്ചിനോടായി മെൻഷിക് പറഞ്ഞു.
ഓപ്പൺ എറയിൽ 100 എടിപി കിരീടങ്ങൾ നേടുന്ന മൂന്നാമത്തെ താരമാകാനാണ് നൊവാക് ജോക്കോവിച്ച് ഫൈനലിനെത്തിയത്. എന്നാൽ യാക്കൂബ് മെൻഷിക്കിന്റെ പോരാട്ടവീര്യത്തിന് മുന്നിൽ 24 ഗ്രാൻഡ്‌സ്ലാമുകളുടെ പകിട്ടുള്ള ജോക്കോവിച്ചിന് അടിപതറി. ജിമ്മി കോണേസ് (109), റോജർ ഫെഡറർ (103) എന്നിവരാണ് 100 കിരീടങ്ങൾ നേടിയ മറ്റ് താരങ്ങൾ.









0 comments