ad
Deshabhimani

മാഡ്രിഡ് ഓപ്പൺ; സബലെങ്കയെ പുറത്താക്കി ബാപ്റ്റിസ്റ്റ് സെമിയിൽ

hailey-baptiste

ഹെയ്ലി ബാപ്റ്റിസ്റ്റ് (Image Credit: AFP)

വെബ് ഡെസ്ക്

Published on Apr 29, 2026, 06:36 PM | 1 min read

മാഡ്രിഡ് : ലോക ഒന്നാം നമ്പർ താരം അരിന സബലെങ്കയെ അട്ടിമറിയിലൂടെ പുറത്താക്കി അമേരിക്കൻ താരം ഹെയ്ലി ബാപ്റ്റിസ്റ്റ് മാഡ്രിഡ് ഓപ്പൺ ടെന്നീസ് ടൂർണമെന്റിന്റെ സെമി ഫൈനലിൽ പ്രവേശിച്ചു. നിലവിലെ ചാമ്പ്യൻ കൂടിയായ സബലെങ്കയെ ആറ് മാച്ച് പോയിന്റുകൾ പ്രതിരോധിച്ചാണ് മുപ്പതാം സീഡുകാരിയായ ബാപ്റ്റിസ്റ്റ് സെമിയിലെത്തിയത്. സ്കോർ: 2-6, 6-2, 7-6 (8-6).


രണ്ടര മണിക്കൂറിലധികം നീണ്ടുനിന്ന ആവേശകരമായ പോരാട്ടത്തിനൊടുവിലായിരുന്നു ബാപ്റ്റിസ്റ്റിന്റെ അവിശ്വസനീയ ജയം. ഇതോടെ സബലെങ്കയുടെ തുടർച്ചയായ 15 വിജയങ്ങളുടെ കുതിപ്പിനാണ് വിരാമമായത്. ഈ സീസണിൽ സബലെങ്കയെ പരാജയപ്പെടുത്തുന്ന രണ്ടാമത്തെ താരമാണ് ബാപ്റ്റിസ്റ്റ്. ആദ്യ താരം ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ വിജയിച്ച എലേന റൈബാക്കിനയാണ്.


ആദ്യ സെറ്റ് അനായാസം സ്വന്തമാക്കിയ സബലെങ്കയെ രണ്ടാം സെറ്റിൽ മികച്ച ബ്രേക്ക് പോയിന്റുകളിലൂടെ ബാപ്റ്റിസ്റ്റ് സമ്മർദ്ദത്തിലാക്കി. നിർണായകമായ മൂന്നാം സെറ്റിൽ അഞ്ച് മാച്ച് പോയിന്റുകളാണ് താരം അതിജീവിച്ചത്. തുടർന്ന് നടന്ന ടൈബ്രേക്കറിലും സബലെങ്കയുടെ ആറാം മാച്ച് പോയിന്റ് പ്രതിരോധിച്ച ബാപ്റ്റിസ്റ്റ് തുടർച്ചയായി മൂന്ന് പോയിന്റുകൾ നേടി കരിയറിലെ ഏറ്റവും മികച്ച വിജയം സ്വന്തമാക്കി.


കരിയറിൽ ആദ്യമായാണ് ബാപ്റ്റിസ്റ്റ് ലോക റാങ്കിങ്ങിൽ ആദ്യ അഞ്ചിലുള്ള ഒരു താരത്തെ പരാജയപ്പെടുത്തുന്നത്. സബലെങ്കക്കെതിരെ എങ്ങനെ കളിക്കണമെന്ന് തനിക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നുവെന്നും ആത്മവിശ്വാസത്തോടെ പോരാടിയതാണ് വിജയത്തിന് പിന്നിലെന്നും മത്സരശേഷം താരം പ്രതികരിച്ചു. സെമി ഫൈനലിൽ റഷ്യയുടെ മിറ ആൻഡ്രീവയാണ് ബാപ്റ്റിസ്റ്റിന്റെ എതിരാളി. ലെയ്ല ഫെർണാണ്ടസിനെ പരാജയപ്പെടുത്തിയാണ് ആൻഡ്രീവ സെമിയിലെത്തിയത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home