print edition ഒസാകയെ മടക്കി സബലേങ്ക; ലോക ഒന്നാം നമ്പറുകാരി ക്വാർട്ടറിൽ

ഫ്രഞ്ച് ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസിൽ നവോമി ഒസാകയ്--ക്കെതിരെ അരീന സബലേങ്കയുടെ പ്രകടനം | PHOTO:AFP
പാരിസ്: കളിമൺ കോർട്ടിലെ വീറുറ്റ പെൺപോരിൽ അരീന സബലേങ്കയ്‌ക്ക് ജയം. നാലുവട്ടം ഗ്രാൻഡ് സ്ലാം ചാമ്പ്യനായ നവോമി ഒസാകയെ തോൽപ്പിച്ച് ഫ്രഞ്ച് ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസ് ക്വാർട്ടറിലേക്ക് മുന്നേറി. 7–5, 6–3 എന്ന സ്‌കോറിനാണ് ലോക ഒന്നാം നമ്പറുകാരിയുടെ ജയം. ഇന്ന് ക്വാർട്ടറിൽ റഷ്യയുടെ ഡയാന ഷ്‌നൈഡറാണ് എതിരാളി.
ഇതിനിടെ റഷ്യയുടെ പത്തൊമ്പതുകാരി മിറ ആൻഡ്രീവ സെമിയിലെത്തി. റുമാനിയയുടെ സൊറാന സിർസ്‌റ്റിയയെ 6–0, 6–3ന് തകർത്തു. സെമിയിൽ നാളെ ഉക്രയ്‌നിന്റെ മാർത്ത കൊസ്റ്റ്യുക്കാണ് എതിരാളി. കൊസ്റ്റ്യുക്ക് നാട്ടുകാരിയായ എലീന സ്വിറ്റോളിനയെ മറികടന്നു. സ്‌കോർ: 6–3, 2–6, 6–2.
നിലവിലെ റണ്ണറപ്പായ ബെലാറസുകാരി സബലേങ്ക ഒസാകയ്‌ക്കെതിരെ അനായാസം ജയം നേടി. ആദ്യ സെറ്റിൽ ജപ്പാൻകാരിക്കെതിരെ ഒന്ന് വിയർത്തെങ്കിലും പിന്നീട് എളുപ്പമായിരുന്നു കാര്യങ്ങൾ. ആധികാരികമായി തന്നെ ജയിച്ച് അവസാന എട്ടിലിടം നേടി. പുരുഷ–വനിതാ സിംഗിൾസിൽ ഗ്രാൻഡ് സ്ലാം കിരീടമുയർത്തിയ അവശേഷിക്കുന്ന ഏക താരമാണ് സബലേങ്ക. ബാക്കിയുള്ളവരെല്ലാം പുറത്തായി.
ഇന്ന് നടക്കുന്ന രണ്ടാം ക്വാർട്ടറിൽ റഷ്യയുടെ അന്ന കലിൻസ്‌കായ ഓസ്‌ട്രിയയുടെ അനസ്‌താസിയ പൊറ്റപോവെയെ നേരിടും.








0 comments