ജില്ലയില്‍ പരക്കെ മഴ
വെള്ളക്കെട്ടും ഗതാഗതതടസ്സവും

എറണാകുളം നഗരത്തിൽ വെള്ളി പകൽ പെയ്ത മഴയിൽ സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം വിവേകാനന്ദ റോഡിലുണ്ടായ വെള്ളക്കെട്ട്

സ്വന്തം ലേഖകൻ
Published on Jun 06, 2026, 02:29 AM | 2 min read
കൊച്ചി
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ. തദ്ദേശസ്ഥാപനങ്ങള്‍ പലതും മഴക്കാലപൂര്‍വ ശുചീകരണം കൃത്യമായി നടത്താത്തതില്‍ പ്രധാന റോഡുകളിലടക്കം വെള്ളക്കെട്ടുണ്ടായി. റോഡുകളില്‍ വെള്ളം കയറി ചിലയിടത്ത് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
പറവൂരില്‍ വെള്ളക്കെട്ട്
ശക്തമായ മഴയിൽ പറവൂർ താലൂക്കിലെ വിവിധ മേഖലകളിൽ വെള്ളക്കെട്ട് രൂക്ഷമായി. പുത്തൻവേലിക്കര, ചിറ്റാറ്റുകര, എഴിക്കര, കോട്ടുവള്ളി, വടക്കേക്കര, ചേന്ദമംഗലം, പറവൂർ നഗരസഭ എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ടുണ്ടായത് ജനജീവിതം ദുസ്സഹമാക്കി. പലയിടത്തും തോടുകൾ കരകവിഞ്ഞൊഴുകുന്നത് വീടുകളിലേക്കും റോഡുകളിലേക്കും വെള്ളം കയറാനിടയാക്കി. വടക്കേക്കര പഞ്ചായത്തിലെ അണ്ടിപ്പിള്ളിക്കാവ്–വേളാങ്കണ്ണിമാത റോഡിൽ തോട്ടിൽനിന്ന് വെള്ളം കയറി.
ദേശീയപാത നിർമാണം നടക്കുന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലായി. നിര്‍മാണത്തിനായി ഇറക്കിയ മണ്‍കൂനകള്‍ റോഡിലേക്ക് ഒഴുകിയിറങ്ങിയതോടെ പാത ചെളിക്കുളമായി. സ്ഥിതി വിലയിരുത്താൻ കലക്ടർ ജി പ്രിയങ്കയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. വെള്ളക്കെട്ട് ഒഴിവാക്കാനും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും നിർദേശിച്ചു. ഓട ശുചീകരണം കൃത്യസമയത്ത് പൂർത്തിയാക്കാത്തതാണ് വെള്ളക്കെട്ടിന് പ്രധാന കാരണം. വടക്കേക്കര പഞ്ചായത്തിൽ മഴക്കാല മുന്നൊരുക്കവും പ്രവർത്തനങ്ങളും നടത്താൻ കഴിഞ്ഞതായി പഞ്ചായത്ത് പ്രസിഡന്റ് കെ എസ് സനീഷ് പറഞ്ഞു.
ആലുവയില്‍ മതിലിടിഞ്ഞു
മഴയിൽ കുട്ടമശേരി കീഴ്മാട് സർക്കുലർ റോഡിലുള്ള ടിസിഎസ് അയോൺ ഡിജിറ്റൽ സോൺ ഓൺലൈൻ പരീക്ഷാ കേന്ദ്രത്തിന്റെ മതിലിന്റെ കരിങ്കൽക്കെട്ട് തകര്‍ന്ന് റോഡിലേക്ക് ഇടിഞ്ഞുവീണു. ട്രാൻസ്ഫോർമർ ഇരിക്കുന്ന ഭാഗത്തെ കരിങ്കൽ ഭിത്തിയാണ് വീണത്. നിരവധി ഉദ്യോഗാർഥികൾ പരീക്ഷക്കെത്തുന്ന കേന്ദ്രമാണിത്.
കാലടിയില്‍ ഗതാഗതതടസ്സം
കാലടി ശ്രീശങ്കരപാലത്തിൽ വീണ്ടും കുഴികൾ രൂപപ്പെട്ടു. റോഡ് തകര്‍ന്നതോടെ പാലത്തിലും പട്ടണത്തിലും ഗതാഗതക്കുരുക്ക് രൂക്ഷമായി. ശരിയായ രീതിയിയിൽ ടാറിങ് നടത്താത്തതാണ് കുഴിയുണ്ടാകാൻ കാരണം. 1.12 കോടിരൂപ എൽഡിഎഫ് സർക്കാർ ജനുവരിയിൽ അനുവദിച്ചെങ്കിലും അങ്കമാലി എംഎൽഎയും യുഡിഎഫും ചേര്‍ന്ന് ടാറിങ് തടഞ്ഞതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഗതാഗതക്കുരുക്കില്‍പ്പെട്ടതോടെ വിദ്യാർഥികളുള്‍പ്പെടെയുള്ള യാത്രക്കാര്‍ വഴിയില്‍ കുടുങ്ങി.
അങ്കമാലി സ്റ്റാന്‍ഡ് ചെളിമയം
മഴക്കാലത്തിന്റെ ആരംഭത്തില്‍തന്നെ അങ്കമാലി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ലക്ഷങ്ങൾ മുടക്കി പൂര്‍ത്തിയാക്കിയ നവീകരണം ഫലം കണ്ടില്ല. ഓടകളില്‍നിന്ന് സ്റ്റാന്‍ഡിലേക്ക് വെള്ളം കയറി. ചെളിവെള്ളത്തിലൂടെയാണ് യാത്രക്കാർ ബസുകളിൽ കയറിയിറങ്ങുന്നത്.
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് മുൻപിലെ 740–ാം പില്ലറിന് ചുവട്ടിലെ തുറന്നുകിടക്കുന്ന കാനയിൽ കൂടിക്കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യം
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് മുൻപിലെ 740–ാം പില്ലറിന് ചുവട്ടിലെ തുറന്നുകിടക്കുന്ന കാനയിൽ കൂടിക്കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യം
എറണാകുളത്ത് വെള്ളക്കെട്ടും മാലിന്യവും
എറണാകുളം നഗരത്തിൽ ചിലയിടങ്ങളില്‍ വെള്ളക്കെട്ടുണ്ടായി. പലയിടത്തും കനാലുകളിലും തോടുകളിലും മാലിന്യം കെട്ടിക്കിടക്കുന്നതാണ് വെള്ളക്കെട്ടുണ്ടാക്കുന്നത്. സൗത്തിലെ വെയർഹൗസ് റോഡ്, വിവേകാനന്ദ റോഡ്, ഇടപ്പള്ളി ലുലുമാളിനു മുന്‍വശം, എളമക്കരയിലെ വിവിധ റോഡുകള്‍ എന്നിവിടങ്ങളില്‍ വെള്ളക്കെട്ടുണ്ടായി. നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാത്തത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പ്രവർത്തകർ സമരവും സംഘടിപ്പിച്ചു.
വെള്ളിയാഴ്ച പുലർച്ചെമുതൽ പെയ്ത കനത്ത മഴയിൽ തൃപ്പൂണിത്തുറയിൽ കണ്ണൻകുളങ്ങര പാണ്ടിപ്പറമ്പ് ഭാഗത്ത് വീടുകളിൽ വെള്ളം കയറി. പാലസ് ഓവൽ ഗ്രൗണ്ടിന് പിൻഭാഗത്തായുള്ള താഴ്‌ന്ന പ്രദേശമായ ഇവിടെ മുട്ടോളം ഉയരത്തിലാണ് വെള്ളം പൊങ്ങിയത്. ഒട്ടേറെ വീടുകളുടെ അകത്തും വെള്ളം കയറി. ഈ ഭാഗത്തേയ്ക്കുള്ള ഇടറോഡുകളും വെള്ളത്തിൽ മുങ്ങിയ നിലയിലായി. തോട്ടിലേയ്ക്ക് വെള്ളമൊഴുകിക്കൊണ്ടിരുന്ന കുഴൽ കോൺക്രീറ്റ് ഇട്ട് അടച്ചതാണ് വെള്ളക്കെട്ടിന് കാരണമായതെന്ന് പ്രദേശവാസികൾ പറഞ്ഞു. മഴയിൽ പള്ളിപ്പറമ്പ്കാവ് കോൺവന്റ് റോഡ് പുഴയായി മാറി. ഇവിടെ കാന തിരിച്ചറിയാൻ കഴിയാത്ത വിധമാണ് റോഡ് നിറഞ്ഞ് വെള്ളമുയർന്നത്. പുറത്തേയ്ക്കിറങ്ങാൻ കഴിയാത്തതിനാൽ വിദ്യാർഥികള്‍ക്ക് സ്കൂളില്‍ പോകാനായില്ല.
മഴയിൽ കോട്ടവാതിൽ വടക്കേക്കോട്ട റോഡിലും വെള്ളം പൊങ്ങി. എരൂർ മാത്തൂരിൽനിന്ന് വൈറ്റില ഹബ്ബിലേയ്ക്കുള്ള കണിയാമ്പുഴ റോഡിൽ വെള്ളക്കെട്ട് രൂക്ഷമായിരുന്നു.









0 comments