ad
Deshabhimani

ഫ്രഞ്ച് ഓപ്പൺ സമ്മാനത്തുകയിൽ തർക്കം;15 മിനിറ്റിൽ അഭിമുഖങ്ങൾ അവസാനിപ്പിക്കാൻ താരങ്ങളുടെ തീരുമാനം

french open

2025 ഫ്രഞ്ച് ഓപ്പണിലെ പൊതുവായ ഒരു ദൃശ്യം | Photo Credit: AFP

വെബ് ഡെസ്ക്

Published on May 21, 2026, 04:11 PM | 2 min read

പാരീസ്: ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ടൂർണമെന്റിലെ സമ്മാനത്തുകയുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ലോകത്തെ മുൻനിര ടെന്നീസ് താരങ്ങൾ കടുത്ത പ്രതിഷേധത്തിലേക്ക്. മത്സരങ്ങൾക്ക് മുന്നോടിയായി നടക്കാനിരിക്കുന്ന മാധ്യമ അഭിമുഖങ്ങളുടെ സമയം വെറും 15 മിനിറ്റായി പരിമിതപ്പെടുത്താനാണ് താരങ്ങളുടെ തീരുമാനം.


റോളണ്ട് ഗാരോസിൽ ഈ വെള്ളി, ശനി ദിവസങ്ങളിൽ നടക്കുന്ന വാർത്താ സമ്മേളനങ്ങളിൽ നിന്നോ തത്സമയ അഭിമുഖങ്ങളിൽ നിന്നോ 15 മിനിറ്റ് തികയുന്നതോടെ താരങ്ങൾ ഇറങ്ങിപ്പോയേക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗ്രാൻഡ്‌സ്ലാം ടൂർണമെന്റുകൾ അവയുടെ ആകെ വരുമാനത്തിന്റെ വെറും 15 ശതമാനം മാത്രമാണ് സമ്മാനത്തുകയ്ക്കായി മാറ്റിവെക്കുന്നത് എന്നതിനെ സൂചിപ്പിക്കാനാണ് ഈ 15 മിനിറ്റ് സമയപരിധി നിശ്ചയിച്ചിരിക്കുന്നത്.


സിംഗിൾസ് റാങ്കിംഗിലെ ആദ്യ 200 സ്ഥാനങ്ങളിലുള്ള ഭൂരിഭാഗം കളിക്കാരെയും ഈ പ്രതിഷേധ തന്ത്രം അറിയിച്ചിട്ടുണ്ട്. ഗ്രാൻഡ്‌സ്ലാം ടൂർണമെന്റുകളിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ വലിയൊരു പങ്ക് തങ്ങൾക്ക് സമ്മാനത്തുകയായി നൽകണമെന്നാണ് പുരുഷ-വനിതാ വിഭാഗങ്ങളിലെ ആദ്യ 10 റാങ്കിലുള്ള താരങ്ങളുടെ പ്രധാന ആവശ്യം.


ഇതിനുപുറമെ പെൻഷൻ, ആരോഗ്യ സംരക്ഷണം, പ്രസവാവധി ആനുകൂല്യങ്ങൾ എന്നിവയ്ക്കായി ഫണ്ട് മാറ്റിവെക്കണമെന്നും മത്സരക്രമം നിശ്ചയിക്കുന്നതിലടക്കം കളിക്കാർക്ക് കൂടുതൽ പങ്കാളിത്തം നൽകണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. വരാനിരിക്കുന്ന വിംബിൾഡൺ ടൂർണമെന്റിന്റെ സംഘാടകരായ ഓൾ ഇംഗ്ലണ്ട് ക്ലബ്ബിന് മേൽ സമ്മർദ്ദം ചെലുത്തുക എന്ന ലക്ഷ്യം കൂടിയുണ്ട് ഈ പുതിയ നീക്കത്തിന് പിന്നിൽ.


ഈ വർഷത്തെ ഫ്രഞ്ച് ഓപ്പൺ സമ്മാനത്തുകയിൽ 9.5 ശതമാനം വർദ്ധനവ് വരുത്തിയിട്ടുണ്ടെങ്കിലും കളിക്കാർ ഇതിൽ തൃപ്തരല്ല. കഴിഞ്ഞ വർഷത്തെ യുഎസ് ഓപ്പണിൽ 20 ശതമാനവും ജനുവരിയിൽ നടന്ന ഓസ്‌ട്രേലിയൻ ഓപ്പണിൽ ഏകദേശം 16 ശതമാനവുമായിരുന്നു വാർഷിക വർദ്ധനവ്.


2030-ഓടെ ഗ്രാൻഡ്‌സ്ലാം ടൂർണമെന്റുകൾ തങ്ങളുടെ വരുമാനത്തിന്റെ 22 ശതമാനമെങ്കിലും സമ്മാനത്തുകയായി നൽകണമെന്നാണ് കളിക്കാരുടെ പക്ഷം. ഫ്രഞ്ച് ടെന്നീസ് ഫെഡറേഷന്റെ പ്രധാന വാണിജ്യ പങ്കാളികൾക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നതിനായി, ടൂർണമെന്റിന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റിംഗ് പങ്കാളികളായ മാധ്യമങ്ങളുമായാള്ള അഭിമുഖങ്ങളെയാണ് കളിക്കാർ പ്രധാനമായും ലക്ഷ്യമിടുന്നത്. ഞായറാഴ്ച പ്രധാന മത്സരങ്ങൾ ആരംഭിക്കുമ്പോഴും കളിക്കാരുടെ ഈ പ്രതിഷേധം തുടരുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.


പ്രതിഷേധങ്ങൾക്ക് പിന്തുണയുമായി പ്രമുഖ താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. കളിക്കാർ എപ്പോഴെങ്കിലും ഏതെങ്കിലും ഒരു പ്രധാന ടൂർണമെന്റ് ബഹിഷ്‌കരിച്ചേക്കുമെന്ന് ലോക ഒന്നാം നമ്പർ വനിതാ താരം ആര്യന സബലങ്ക മുന്നറിയിപ്പ് നൽകി.


എല്ലാവരും ഒരൊറ്റ മനസ്സോടെ ഒരുമിച്ച് നിൽക്കുകയാണെങ്കിൽ താൻ സമരത്തെ പിന്തുണയ്ക്കുമെന്ന് നിലവിലെ ഫ്രഞ്ച് ഓപ്പൺ ചാമ്പ്യൻ കോക്കോ ഗോഫും, ഗ്രാൻഡ്‌സ്ലാമുകളിൽ സമ്മാനത്തുകയുടെ കാര്യത്തിൽ കളിക്കാർക്ക് അർഹമായ ബഹുമാനം ലഭിക്കുന്നില്ലെന്ന് പുരുഷ വിഭാഗം ലോക ഒന്നാം നമ്പർ താരം യാനിക്ക് സിന്നറും വ്യക്തമാക്കി. മുൻ ഡബ്ല്യുടിഎ ചീഫ് എക്സിക്യൂട്ടീവ് ലാറി സ്കോട്ടിന്റെ നേതൃത്വത്തിലാണ് കളിക്കാരുടെ ഈ നീക്കങ്ങൾ.


അതേസമയം കളിക്കാരുടെ തീരുമാനത്തിൽ ഫ്രഞ്ച് ടെന്നീസ് ഫെഡറേഷൻ ശക്തമായ ഖേദം പ്രകടിപ്പിച്ചു. ഈ തീരുമാനം ടൂർണമെന്റുമായി ബന്ധപ്പെട്ടിരിക്കുന്ന മാധ്യമങ്ങൾ, ബ്രോഡ്കാസ്റ്റർമാർ, എഫ്എഫ്‌ടി, കൂടാതെ ടെന്നീസ് ലോകത്തെ മുഴുവൻ ബാധിക്കുന്ന ഒന്നാണെന്ന് അധികൃതർ വ്യക്തമാക്കി.


ടൂർണമെന്റിന്റെ വിജയത്തിൽ കളിക്കാരുടെ പങ്കിനെ പൂർണ്ണമായി അംഗീകരിക്കുന്നുവെന്നും ഭരണപരമായ കാര്യങ്ങളിൽ നേരിട്ടുള്ളതും ചർച്ചാപരവുമായ സംവാദങ്ങൾക്ക് തങ്ങൾ എപ്പോഴും തയ്യാറാണെന്നും ഫെഡറേഷൻ അറിയിച്ചു. വരും ദിവസങ്ങളിൽ ടൂർണമെന്റ് ഡയറക്ടർ അമേലി മോറെസ്മോയുമായി കളിക്കാരുടെ പ്രതിനിധികൾ ചർച്ച നടത്തും. മെയ് 24 മുതൽ ജൂൺ 7 വരെയാണ് ഫ്രഞ്ച് ഓപ്പൺ മത്സരങ്ങൾ നടക്കുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home