ad
Deshabhimani

ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ്

print edition സബലേങ്ക 
തുടങ്ങി, 
വീനസ്‌ വീണു ; ജൊകോവിച്ച്‌ ഇന്നിറങ്ങും

Australian Open sabalenka zverev
വെബ് ഡെസ്ക്

Published on Jan 19, 2026, 01:45 AM | 1 min read

മെൽബൺ

ചരിത്രം കുറിച്ചെങ്കിലും വീനസ്‌ വില്യംസ്‌ പൊരുതിത്തോറ്റു. ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ്‌ വനിതാ സിംഗിൾസിൽ ആദ്യ റ‍ൗണ്ടിൽ സെർബിയയുടെ ഓൾഗ ഡാനിലോവികിനോടാണ്‌ തോൽവി. സ്‌കോർ: 7–6, 3–6, 4–6. എന്നാൽ സിംഗിൾസ്‌ കളിക്കുന്ന പ്രായംകൂടിയ താരമെന്ന ബഹുമതിയുമായാണ്‌ അമേരിക്കൻ താരത്തിന്റെ മടക്കം. 45–ാം വയസ്സിൽ വൈൽഡ്‌കാർഡ്‌ എൻട്രിയായാണ്‌ അവസരം കിട്ടിയത്‌.


വീനസ്‌ ആദ്യ സെറ്റ്‌ നേടിയെങ്കിലും രണ്ടാം സെറ്റ്‌ സ്വന്തമാക്കി ഓൾഗ തിരിച്ചുവന്നു. അവസാന സെറ്റിൽ വീനസ്‌ 4–0ന്‌ ലീഡ്‌ നേടിയശേഷമാണ്‌ കീഴടങ്ങിയത്‌. കളി രണ്ട്‌ മണിക്കൂറും 17 മിനിറ്റും നീണ്ടു. ഇരുപത്തിനാലുകാരിയായ ഓൾഗയുടെ റാങ്ക്‌ 68 ആണ്‌. വീനസിന്റേത്‌ 576.


2023ലും 2024ലും കിരീടം നേടിയ ലോക ഒന്നാം റാങ്കുകാരി അരീന സബലേങ്ക ആദ്യ റ‍ൗണ്ടിൽ അനായാസ ജയം നേടി. ഫ്രഞ്ച്‌ താരം ടിയാന്റ്‌സോയ സാറയെ 6–4, 6–1ന്‌ കീഴടക്കി. ബലാറസ്‌ താരമായ സബലേങ്ക കഴിഞ്ഞവർഷം ഫൈനലിൽ തോറ്റിരുന്നു. എമ്മ റഡുകാന, എലിന സ്വിറ്റോലിന, ജാസ്‌മിൻ പ‍ൗളിനി എന്നിവരും രണ്ടാം റ‍ൗണ്ടിലേക്ക്‌ മുന്നേറി.


പുരുഷ സിംഗിൾസ്‌ കിരീടം പ്രതീക്ഷിക്കുന്ന സ്‌പാനിഷ്‌ താരം കാർലോസ്‌ അൽകാരസ്‌ രണ്ടാം റ‍ൗണ്ടിലെത്തി. ഓസ്‌ട്രേലിയയുടെ ആദം വാൾട്ടനെ 6–3, 7–6, 6–2ന്‌ കീഴടക്കി. കഴിഞ്ഞവർഷത്തെ റണ്ണറപ്പായ ജർമനിയുടെ അലക്‌സാണ്ടർ സ്വരേവും ആദ്യ കളി ജയിച്ചു. കാനഡയുടെ ഗബ്രിയേൽ ഡിയാല്ലോയെ 6–7, 6–1, 6–4, 6–2ന്‌ തോൽപ്പിച്ചു.


25–ാം ഗ്രാൻഡ്‌സ്ലാം കിരീടം ലക്ഷ്യമിടുന്ന സെർബിയയുടെ നൊവാക്‌ ജൊകോവിച്ച്‌ ഇന്ന്‌ ആദ്യ കളിക്കിറങ്ങും. പകൽ 2.30ന്‌ സ്‌പാനിഷ്‌ താരം പെഡ്രോവ മാർടിനസുമായാണ്‌ കളി. നിലവിലെ ചാമ്പ്യൻ ഇറ്റലിയുടെ യാനിക്‌ സിന്നർ നാളെയാണ്‌ ഇറങ്ങുന്നത്‌. ഫ്രാൻസിന്റെ ഹ്യൂഗോ ഗാറ്റ്സണെ നേരിടും.


venus
ഓസ്ട്രേലിയൻ ഓപ്പണിൽനിന്നും 
പുറത്തായി മടങ്ങുന്ന വീനസ് വില്യംസ്





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home