print edition ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പ്; വെങ്കലത്തൂവൽ

ഡൽഹി ഇന്ദിരാ ഗാന്ധി ഇൻഡോർ സ്--റ്റേഡിയത്തിൽ നടക്കുന്ന ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ് വനിതാ ഡബിൾസ് സെമി മത്സരത്തിനിടയിൽ ഇന്ത്യയുടെ മലയാളി താരം ട്രീസ ജോളിയും (മുന്നിൽ) ഗായത്രി ഗോപിചന്ദും
ന്യൂഡൽഹി: ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വെങ്കലം. വനിതാ ഡബിൾസിൽ മലയാളി താരം ട്രീസ ജോളി–ഗായത്രി ഗോപിചന്ദ് സഖ്യമാണ് മെഡൽ നേടിയത്. ഇരുവരും സെമിയിൽ ചൈനീസ് സഖ്യവും ലോക ചാമ്പ്യൻമാരുമായ ലിയു ഷെങ് ഷു–ടാൻ നിങ് കൂട്ടുകെട്ടിനോട് കീഴടങ്ങി. സ്‌കോർ: 21–18, 13–21, 8–21. ആവേശകരമായ പോരാട്ടത്തിൽ ആദ്യ ഗെയിം സ്വന്തമാക്കിയശേഷമാണ് ഇന്ത്യയുടെ തോൽവി. ചൈന തിരിച്ചുവന്ന രണ്ടാം ഗെയിമിൽ പിടിച്ചുനിന്നെങ്കിലും നിർണായകമായ മൂന്നാം ഗെയിമിൽ നിഷ്‌പ്രഭമായി.
പതിനഞ്ച് വർഷത്തെ ഇടവേളക്കുശേഷമാണ് വനിതാ ഡബിൾസിലെ മെഡൽ നേട്ടം. 2011ൽ ജ്വാല ഗുട്ട– അശ്വനി പൊന്നപ്പ സഖ്യത്തിന് വെങ്കലമുണ്ട്. കണ്ണൂരുകാരിയായ ട്രീസയുടെ മെഡൽ കേരളത്തിന് അഭിമാനമായി. ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ മലയാളി വനിതയാണ്. 2023ൽ പുരുഷ സിംഗിൾസിൽ എച്ച് എസ് പ്രണോയ്‌ക്ക് വെങ്കലമുണ്ടായിരുന്നു. ഗായത്രി തെലങ്കാന സ്വദേശിയും ഇന്ത്യൻ കോച്ച് പുല്ലേല ഗോപിചന്ദിന്റെ മകളുമാണ്.
നിറഞ്ഞുകവിഞ്ഞ ഇന്ദിരാഗാന്ധി സ്‌റ്റേഡിയത്തിൽ കാണികളുടെ വൻ പിന്തുണയോടെയായിരുന്നു ഇന്ത്യയുടെ മുന്നേറ്റം. ആവേശം ഏറ്റെടുത്ത് ട്രീസയും ഗായത്രിയും മുന്നേറി. ചൈനീസ് താരങ്ങളായ ലിയുവും ടാനും വിട്ടുകൊടുത്തില്ല. സ്‌കോർ 12–12, 16–16, 18–18 എന്നിങ്ങനെ പുരോഗമിച്ചു. അതിനിടെ മികച്ച ഷോട്ടിലൂടെ ട്രീസ ഇന്ത്യക്ക് ലീഡ് നൽകി. 19–18ന്റെ ലീഡ് 21–18ലേക്ക് കുതിച്ചു. 24 മിനിറ്റിൽ ഗെയിം നേടി. രണ്ടാം ഗെയിമിൽ ഒപ്പത്തിനൊപ്പം തുടങ്ങിയെങ്കിലും ചൈനക്കാരുടെ വേഗത്തിനൊപ്പം എത്താനായില്ല. അവസാന ഗെയിമിൽ പൊരുതാൻ പോലുമാകാതെയാണ് കീഴടങ്ങൽ.










0 comments