ad
Deshabhimani

ടോക്യോ ഉദിക്കുന്നു ; ലോക അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിന്‌ ഇന്ന്‌ തുടക്കം

World Athletics Championships 2025 tokyo

ലോക അത്ലറ്റിക്--സ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന ടോക്യോയിലെ നാഷണൽ സ്--റ്റേഡിയത്തിൽ അത്ലീറ്റിന്റെ പരിശീലനം

വെബ് ഡെസ്ക്

Published on Sep 13, 2025, 01:19 AM | 4 min read


ടോക്യോ

ഉദയസൂര്യന്റെ നാട്ടിൽ ലോക അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിന്‌ ഇന്ന്‌ കൊടിയേറ്റ്‌. ഇത്‌ ഇരുപതാം പതിപ്പാണ്‌. ഇനിയുള്ള ഒന്പത്‌ നാൾ ലോക കായിക വേദിയിലെ വന്പൻമാർ ആധിപത്യത്തിനായി പോരടിക്കും. ട്രാക്കിലും ഫീൽഡിലും ഒരുപോലെ ആവേശം നിറയും. 2021ലെ ഒളിമ്പിക്‌സിനുശേഷം മറ്റൊരു കായിക മേളയ്‌ക്കുകൂടി ടോക്യോ വേദിയാകുന്നു. 198 രാജ്യങ്ങളിൽനിന്നായി രണ്ടായിരത്തിൽപ്പരം അത്‌ലീറ്റുകൾ മാറ്റുരയ്‌ക്കും. 49 ഇനങ്ങളിലാണ്‌ മത്സരം. പുരുഷ–വനിതാ വിഭാഗം 35 കിലോ മീറ്റർ നടത്ത മത്സരത്തോടെയാണ്‌ ചാമ്പ്യൻഷിപ്പിന്റെ തുടക്കം. കനത്ത ചൂട്‌ കാരണം മത്സര സമയം അരമണിക്കൂർ നേരത്തെയാക്കി.


അമേരിക്കയുടെ സമഗ്രാധിപത്യത്തിന്റെ വേദിയാണിത്‌. കഴിഞ്ഞ 19 പതിപ്പിൽ 15ലും അമേരിക്കയായിരുന്നു. ജമൈക്കയും കെനിയയും ചൈനയുമാണ്‌ നേരിയ വെല്ലുവിളി ഉയർത്തുക. അവസാന പതിപ്പിൽ അമേരിക്ക 12 സ്വർണവും എട്ട്‌ വെള്ളിയും ഒമ്പത്‌ വെങ്കലവും കരസ്ഥമാക്കി. യുസൈൻ ബോൾട്ടിനും അല്ലിസൺ ഫെലിക്‌സിനും ശേഷം ട്രാക്കിൽ മറ്റൊരു മിന്നൽപ്പിണരിനായി കാത്തിരിക്കുകയാണ്‌ അത്‌ലറ്റിക്‌സ്‌ ലോകം. തന്റെ റെക്കോഡുകൾ ഉടൻ തകർക്കപ്പെടുമെന്നായിരുന്നു ബോൾട്ടിന്റെ പ്രതികരണം.


പതിവുപോലെ സ്‌പ്രിന്റ്‌ ഇനങ്ങളിലാണ്‌ നോട്ടം. നൂറിൽ അമേരിക്കയുടെ നോഹ ലെയ്‌ൽസ്‌, വനിതകളിൽ സെന്റ്‌ ലൂസിയയുടെ ജൂലിയൻ ആൽഫ്രെഡ്‌ എന്നിവരാണ്‌ അതിവേഗ താരങ്ങളുടെ പട്ടികയിൽ മുന്നിൽ. പോൾവോൾട്ടിൽ റെക്കോഡുകൾ തിരുത്തി മുന്നേറുന്ന സ്വീഡിഷ്‌ താരം അർമാൻഡ്‌ ഡുപ്ലെന്റിസ്‌, ദീർഘദൂരത്തിൽ കെനിയയുടെ ഫെയ്‌ത്‌ കിപ്യെഗോൺ, നോർവെയുടെ മധ്യദൂര ഓട്ടക്കാരൻ ജേക്കബ്‌ ഇങ്കെബ്രൈറ്റ്‌സെൺ എന്നിവരാണ്‌ ജപ്പാൻ തലസ്ഥാന നഗരത്തിൽ ആരവമുയർത്താൻ പോകുന്ന പ്രധാനികളിൽ ചിലർ.


മറ്റ്‌ ശ്രദ്ധേയ താരങ്ങളും മീറ്റിലുണ്ട്‌. ലോക അത്‌ലറ്റിക്‌ ചാമ്പ്യൻഷിപ്പിൽ പത്ത്‌ തവണ ചാമ്പ്യനായ ജമൈക്കൻ സ്‌പ്രിന്റർ ഷെല്ലി ആൻഫ്രേസർ പ്രൈസി ഇക്കുറിയും രംഗത്തുണ്ട്‌. വനിതകളുടെ 100 മീറ്ററിലും 4x100 മീറ്റർ റിലേയിലും ആൻഫ്രേസർ ഇറങ്ങും. ഒളിമ്പിക്‌സിലും ലോക മീറ്റിലുമായി നിലവിൽ 23 മെഡലുകളാണ്‌ മുപ്പത്തെട്ടുകാരിക്ക്‌. ഇ‍ൗ ലോക മീറ്റോടെ ട്രാക്കിനോട്‌ വിട പറയാനൊരുങ്ങുകയാണ്‌ ജമൈക്കക്കാരി. ഹെപ്‌റ്റാത്തലണിൽ രണ്ട്‌ തവണ ലോക ചാമ്പ്യനായ ബെൽജിയത്തിന്റെ നാഫി തിയാം, ബ്രിട്ടന്റെ കാതറീന ജോൺസൺ, 400 മീറ്റർ ഹർഡിൽസിൽ അമേരിക്കയുടെ സിഡ്‌നി മക്‌ലോഫ്‌ലിൻ ലെവ്‌റോൺ, ഹൈജമ്പിൽ ഓസ്‌ട്രേലിയക്കാരി നിക്കോള ഒളിസ്ലാഗേഴ്സ് എന്നിവരാണ്‌ മറ്റ്‌ ശ്രദ്ധേയ താരങ്ങൾ.


ആദ്യദിനം അഞ്ച്‌ ദിനം ഫൈനലുകളാണ്‌ അരങ്ങേറുക. 35 കിലോ മീറ്റർ നടത്തത്തിൽ ഇരു വിഭാഗത്തിലും ഇന്നാണ്‌ ഫൈനൽ. പുരുഷ ഷോട്ട്‌പുട്ട്‌, വനിതകളുടെ 10,000 മീറ്റർ, 4x400 മിക്‌സഡ്‌ റിലേ എന്നിവയും ഇന്ന്‌ നടക്കും. പുരുഷ, വനിതാ 100 മീറ്റർ ഫൈനലുകൾ നാളെയാണ്‌ നടക്കുക.


ഇന്ത്യക്ക്‌ 19 അംഗ സംഘം ; പ്രതീക്ഷയുടെ ജാവലിൻ

ജാവലിൻ ത്രോയിലും നീരജ്‌ ചോപ്രയിലുമാണ്‌ ഇന്ത്യൻ പ്രതീക്ഷ. 19 അംഗ ടീമിനെ നയിക്കുന്നതും നിലവിലെ ചാമ്പ്യനായ നീരജാണ്‌. 14 പുരുഷന്മാരും അഞ്ച്‌ വനിതകളുമാണ്‌ ടീമിൽ. ചരിത്രത്തിലാദ്യമായി പുരുഷ ജാവലിനിൽ നാല്‌ ഇന്ത്യൻ താരങ്ങൾ മത്സരിക്കും. സച്ചിൻ യാദവ്‌, യശ്‌വീർ സിങ്‌, രോഹിത്‌ യാദവ്‌ എന്നിവരും ടീമിലുണ്ട്‌.


നീരജ്‌ രണ്ട്‌ തവണ ലോക മെഡൽ നേടിയിട്ടുണ്ട്‌. 2022ൽ അമേരിക്കയിലെ യൂജിനിൽ വെള്ളിയും 2023ല്‍ ഹംഗറിയിലെ ബുഡാപെസ്‌റ്റിൽ സ്വർണവും കരസ്ഥമാക്കി. ഇതിനുമുമ്പ്‌ രണ്ട് താരങ്ങൾമാത്രമാണ്‌ ജാവലിൻ സ്വർണം നിലനിർത്തിയത്‌. നീരജിന്റെ നിലവിലെ കോച്ച്‌ ചെക്ക്‌കാരനായ യാൻ സെലസ്‌നിയും (1993, 1995) ഗ്രനഡയുടെ ആൻഡേഴ്‌സൺ പീറ്റേഴ്‌സും (2019, 2022). അവരുടെ പിൻഗാമിയായി ഹരിയാനക്കാരൻ എത്തുമോയെന്നതാണ്‌ ആകാംക്ഷ. 17ന്‌ യോഗ്യതാ റ‍ൗണ്ടും 18ന്‌ ഫൈനലും നടക്കും.


ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കാകെ മൂന്ന്‌ മെഡലേയുള്ളൂ. സ്വർണവും വെള്ളിയും നീരജ്‌ കൊണ്ടുവന്നപ്പോൾ വെങ്കലം അഞ്‌ജു ബോബി ജോർജിന്റെ സംഭാവനയാണ്‌. 2003ൽ പാരിസിൽ ലോങ്ജമ്പിലാണ്‌ മലയാളി താരത്തിന്റെ നേട്ടം. ഇക്കുറിയും വലിയ പ്രതീക്ഷകളില്ല. 15 ഇനങ്ങളിലാണ്‌ മത്സരിക്കുന്നത്‌. ഗുൽവീർ സിങ്ങും (5000 മീറ്റർ, 10000 മീറ്റർ) പൂജയും (800 മീറ്റർ, 1500 മീറ്റർ) രണ്ട്‌ ഇനങ്ങളിൽ ഇറങ്ങും. ജാവലിൻ ത്രോയിൽ അന്നുറാണി അഞ്ചാമത്തെ ചാമ്പ്യൻഷിപ്പിനാണ്‌ ഇറങ്ങുന്നത്‌. റിലേ ടീമുകൾക്ക്‌ യോഗ്യതയില്ല. ഇന്ന്‌ പുരുഷന്മാരുടെ 35 കിലോമീറ്റർ നടത്തത്തിൽ റാംബാബുവും സന്ദീപ്‌ കുമാറും മത്സരിക്കുന്നു. വനിതകളിൽ പ്രിയങ്ക ഗോസ്വാമിയുണ്ട്‌.


ഇന്ത്യൻ ടീം

പുരുഷന്മാർ: നീരജ്‌ ചോപ്ര, സച്ചിൻ യാദവ്‌, യശ്‌വീർ സിങ്‌, രോഹിത്‌ യാദവ്‌ (ജാവലിൻ), എം ശ്രീശങ്കർ (ലോങ്‌ ജമ്പ്‌), പ്രവീൺ ചിത്രവേൽ, അബ്ദുള്ള അബൂബക്കർ (ട്രിപ്പിൾ ജമ്പ്‌), ഗുൽവീർ സിങ്‌ (5000, 10,000 മീറ്റർ), സർവേഷ്‌ അനിൽ കുഷാരെ (ഹൈജമ്പ്), അനിമേഷ്‌ കുജുർ (200 മീറ്റർ), തേജസ്‌ ഷിർസെ (110 മീറ്റർ ഹർഡിൽസ്‌), സെർവിൻ സെബാസ്‌റ്റ്യൻ (20 കി.മീ നടത്തം), റാം ബാബൂ, സന്ദീപ്‌ കുമാർ (35 കി.മീ നടത്തം).


വനിതകള്‍: പാരുൾ ച‍ൗധരി, അങ്കിത ധ്യാനി (3000 മീറ്റർ സ്‌റ്റീപ്പിൾചേസ്‌), അന്നു റാണി (ജാവലിൻ), പ്രിയങ്ക ഗോസ്വാമി (35 കി.മീ നടത്തം), പൂജ (800, 1500 മീ.).



അഞ്ച്‌ നക്ഷത്രങ്ങൾ


നോഹ ലെയ്‌ൽസ്‌ (അമേരിക്ക) 100, 200 മീറ്റർ

ബുഡാപെസ്‌റ്റ്‌ മീറ്റിൽ മൂന്ന്‌ സ്വർണവുമായാണ്‌ അമേരിക്കക്കാരൻ തിരിച്ചകയറിയത്‌. 100, 200, 4x100 മീറ്റർ റിലേ എന്നിവയിലായിരുന്നു നേട്ടം. നേട്ടം ആവർത്തിക്കാനാണ്‌ ഒരുക്കം. 200ൽ തുടർച്ചയായ നാലാം സ്വർണമാണ്‌ ലക്ഷ്യം. ജമൈക്കൻ ഇതിഹാസം യുസൈൻ ബോൾട്ടിന്‌ മാത്രമാണ്‌ ഇ‍ൗ നേട്ടമുള്ളത്‌. അതേസമയം, 200ൽ ലെയ്‌ൽസിന്‌ വെല്ലുവിളിയായി കെന്നി ബെദ്‌നാറെക്‌, ലെസ്‌റ്റിലെ ടെബോഗോ എന്നിവരുണ്ട്‌. നൂറിൽ കിഷാനെ തോംപ്‌സൺ, ബെദ്‌നാറെക്‌, ഒബ്ലിക്‌ സെവില്ലെ എന്നിവരും ലെയ്‌സൽസിനൊപ്പമുണ്ട്‌.

അർമാൻഡ്‌ ഡുപ്ലന്റിസ്‌ 
(സ്വീഡൻ) പോൾവോൾട്ട്‌

പോൾവോൾട്ടിൽ മറ്റൊരു റെക്കോഡിനാണ്‌ സ്വീഡിഷുകാരൻ അർമാൻഡ്‌ ഡുപ്ലന്റിസ്‌ ലക്ഷ്യമിടുന്നത്‌. ഇതുവരെയായി 13 തവണ ഇരുപത്തഞ്ചുകാരൻ റെക്കോഡിട്ടു. ആഗസ്‌തിൽ ബുഡാപെസ്‌റ്റിൽ 6.29 മീറ്റർ ചാടിയാണ്‌ അവസാനമായി റെക്കോഡിട്ടത്‌.


​ജൂലിയൻ ആൽഫ്രെഡ്‌ 
(സെന്റ്‌ ലൂസിയ) 100 മീറ്റർ

വമ്പൻ താരങ്ങളെ ക‍ീഴടക്കിയാണ്‌ പാരിസ്‌ ഒളിമ്പിക്‌സിൽ സെന്റ്‌ ലൂസിയാക്കാരി ജൂലിയൻ ആൽഫ്രെഡ്‌ ചാമ്പ്യനായത്‌. 200ൽ വെള്ളിയും നേടി. ആദ്യ ലോക മെഡലാണ്‌ ഇരുപത്തിനാലുകാരിയുടെ ലക്ഷ്യം. ടോക്യോയിൽ കടുത്ത പോരാട്ടമായിരിക്കും. അഞ്ച്‌ തവണ ലോക ചാമ്പ്യൻ ഷെല്ലി ആൻഫ്രേസർ, നിലവിലെ ചാമ്പ്യൻ ഷക്കാറി റിച്ചാർഡ്‌സൺ, ഒളിമ്പിക്‌സ്‌ വെങ്കല മെഡൽ ജേതാവ്‌ മെലീസ ജെഫേഴ്‌സൺ വൂഡെൻ എന്നിവരും 100ലുണ്ട്‌.

സിഡ്‌നി മക്‌ലോഫ്‌ലിൻ 
ലെവ്‌റോൺ (അമേരിക്ക) 400 മീറ്റർ ഹർഡിൽസ്‌

ഇ‍ൗ സീസണിൽ മികച്ച സമയം കുറിച്ചാണ്‌ അമേരിക്കക്കാരി സിഡ്‌നി മക്‌ലോഫ്‌ലിൻ ടോക്യോയിൽ എത്തുന്നത്‌. 400 മീറ്റർ ഹർഡിൽസിൽ തുടർച്ചയായ രണ്ട്‌ തവണ ഒളിമ്പിക്‌സ്‌ മെഡൽ നേടിയ ഇരുപത്താറുകാരി യൂജിൻ ലോക മീറ്റിലും ചാമ്പ്യനായി.

നിക്കോള ഒളിസ്ലാഗേഴ്‌സ്‌ 
(ഓസ്‌ട്രേലിയ) ഹൈജമ്പ്‌

ഇ‍ൗ വർഷത്തെ ഡയമണ്ട്‌ ലീഗിൽ തകർപ്പൻ പ്രകടനത്തോടെ ചാമ്പ്യനായാണ്‌ ഓസ്‌ട്രേലിയക്കാരി നിക്കോള ഒളിസ്ലാഗേഴ്‌സ്‌ ടോക്യോയിലെത്തുന്നത്‌. ലോക മീറ്റിൽ ആദ്യ സ്വർണമാണ്‌ ഇരുപത്തെട്ടുകാരിയുടെ ലക്ഷ്യം. കഴിഞ്ഞ തവണ ബുഡാപെസ്‌റ്റിൽ വെങ്കലമായിരുന്നു. കഴിഞ്ഞ രണ്ട്‌ ഒ-ളിമ്പിക്‌സിലും വെള്ളി നേടി.


മലയാളികളായി ശ്രീശങ്കറും അബ്ദുള്ളയും

ലോക അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ അഭിമാനമായി എം ശ്രീശങ്കറും അബ്ദുള്ള അബൂബക്കറും. പരിക്കുമാറി തിരിച്ചുവന്ന പാലക്കാട്‌ സ്വദേശിയായ ശ്രീശങ്കർ തുടർച്ചയായി നാലാംതവണയാണ്‌ ലോക ചാമ്പ്യൻഷിപ്പ്‌ ലോങ്ജമ്പിൽ മത്സരിക്കുന്നത്‌. അബ്ദുള്ള മൂന്നാംതവണയാണ്‌. കോഴിക്കോട്‌ നാദാപുരത്തിനടുത്ത്‌ വളയം സ്വദേശിയായ അബ്ദുള്ള ട്രിപ്പിൾ ജമ്പിലാണ്‌. ഇരുവരും റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലാണ്‌ അർഹത നേടിയത്‌. 15ന്‌ ലോങ്ജമ്പ്‌ യോഗ്യതാ മത്സരം നടക്കും. ഫൈനൽ 17ന്‌. ട്രിപ്പിൾജമ്പ്‌ യോഗ്യതാ റ‍ൗണ്ടും അന്നാണ്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home