ad
Deshabhimani

100 മീറ്റർ 
ഫൈനൽ ഇന്ന്‌

ലോക അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്‌ ; ചെബെറ്റ്‌ മിന്നി, 
റിലേയിൽ അമേരിക്ക

World Athletics Championships 2025

പതിനായിരം മീറ്ററിൽ കെനിയയുടെ ബിയാട്രീസ്‌ ചെബെറ്റ്‌ ഒന്നാമതെത്തുന്നു

വെബ് ഡെസ്ക്

Published on Sep 14, 2025, 03:59 AM | 2 min read


ടോക്യോ

ലോക അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിന്റെ ആദ്യദിനം രണ്ട്‌ സ്വർണവുമായി അമേരിക്ക തുടങ്ങി. 4x400 മിക്‌സഡ്‌ റിലേയിൽ ചാമ്പ്യൻഷിപ്പ്‌ റെക്കോഡോടെ അമേരിക്ക സ്വർണം നേടി. പുരുഷ ഷോട്ട്‌പുട്ടിൽ ലോക റെക്കോഡുകാരൻ റ്യാൻ ക്ര‍ൗസെറിലൂടെ രണ്ടാം സ്വർണവും അമേരിക്ക സ്വന്തമാക്കി.


വനിതകളുടെ പതിനായിരം മീറ്ററിൽ ലോക റെക്കോഡുകാരിയും ഒളിമ്പിക്‌ ചാമ്പ്യനുമായ ബിയാട്രീസ്‌ ചെബെറ്റ്‌ ഒന്നാമതെത്തി. മുപ്പത്‌ മിനിറ്റ്‌ 37.61 സെക്കൻഡ്‌ സമയത്തിലാണ്‌ നേട്ടം. ലോക ചാമ്പ്യൻഷിപ്പിൽ പതിനായിരത്തിലെ അരങ്ങേറ്റമായിരുന്നു കെനിയക്കാരിക്ക്‌. ഇറ്റലിയുടെ നാദിയ ബട്ടോക്ലെറ്റി വെള്ളിയും നിലവിലെ ചാമ്പ്യൻ എത്യോപ്യയുടെ ഗുദാ-ഫ്‌ സെഗായി വെങ്കലവും നേടി.


ഇ‍ൗ വർഷം ആദ്യമായി ഇറങ്ങിയ അമേരിക്കക്കാരൻ ക്ര‍ൗസെർ 22.34 മീറ്റർ എറിഞ്ഞാണ്‌ ഷോട്ട്‌പുട്ട്‌ സ്വർണം നേടിയത്‌. മൂന്നുതവണ ഒളിമ്പിക്‌ ചാമ്പ്യനാണ്‌ ക്ര‍ൗസെർ.

റിലേയിൽ മൂന്ന്‌ മിനിറ്റ്‌ 08.80 സെക്കൻഡിലാണ്‌ അമേരിക്കയുടെ നേട്ടം. നെതർലൻഡ്‌സ്‌ രണ്ടാമതും ബൽജിയം മൂന്നാമതുമെത്തി.


മീറ്റിലെ ആദ്യ സ്വർണം കനഡയുടെ ഇവാൻ ഡുൻഫീക്കാണ്‌. പുരുഷന്മാരുടെ 35 കിലോ മീറ്റർ നടത്തത്തിൽ രണ്ട്‌ മണിക്കൂർ 28 മിനിറ്റ്‌ 22 സെക്കൻഡിൽ ദൂരം പൂർത്തിയാക്കി. ബ്രസീലിന്റെ കയോ ബോൺഫിം വെള്ളി നേടി. ഹയാതോ കറ്റ്‌സുകിയുടെ വെങ്കലത്തിലൂടെ ആതിഥേയരായ ജപ്പാൻ ആദ്യ മെഡൽ സ്വന്തമാക്കി.

വനിതകളിൽ സ്‌പെയ്‌നിന്റെ മരിയ പെരെസ്‌ (2:39:01) ചാമ്പ്യനായി.


100 മീറ്റർ 
ഫൈനൽ ഇന്ന്‌

ലോകത്തിലെ ഏറ്റവും വേഗമേറിയ ഓട്ടക്കാരെ ഇന്നറിയാം. ലോക അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിലെ പുരുഷ, വനിതാ 100 മീറ്റർ ഫൈനലുകൾ ഇന്നാണ്‌. വനിതാ ഫൈനൽ ഇന്ത്യൻ സമയം വൈകിട്ട്‌ 6.43നാണ്‌. പുരുഷ ഫൈനൽ 6.50നും. സെമി മത്സരങ്ങൾ വൈകിട്ട്‌ 4.50നും 5.15നുമാണ്‌.


പുരുഷന്മാരിൽ നിലവിലെ ചാമ്പ്യനായ നോഹ ലെയ്‌ൽസ്‌ 9.95 സെക്കൻഡോടെയാണ്‌ സെമിയിലേക്ക്‌ എത്തിയത്‌. ദക്ഷിണാഫ്രിക്കയുടെ ഗിഫ്‌റ്റ്‌ ലിയോട്‌ലെലയ്‌ക്കാണ്‌ ഹീറ്റ്‌സിൽ മികച്ച സമയം–9.87. വനിതകളിൽ ഒളിമ്പിക്‌സ്‌ ചാമ്പ്യൻ സെന്റ്‌ ലൂസിയയുടെ ജൂലിയൻ ആൽഫ്രെഡിനാണ്‌ ഹീറ്റ്‌സിൽ മികച്ച സമയം–10.93. ജമൈക്കൻ ഇതിഹാസ താരം ഷെല്ലി ആൻഫ്രേസർ പ്രൈസി, ഷെറീക്ക ജാക്‌സൺ, ടിന ക്ലെയ്‌റ്റൺ, അമേരിക്കയുടെ ഷക്കാറി റിച്ചാർഡ്‌സൺ, മെലീസ ജെഫേഴ്‌സൺ വുഡെൻ എന്നിവരും സെമിയിലെത്തി.


ഇന്ത്യക്ക്‌ നിരാശ

ലോക അത്‌ലറ്റിക്‌സിൽ ഇന്ത്യക്ക്‌ നിരാശ. പുരുഷ 35 കിലോമീറ്റർ നടത്തത്തിൽ റാം ബാബൂ അയോഗ്യനായി. സന്ദീപ്‌ കുമാർ 23–ാം സ്ഥാനത്താണ്‌ പൂർത്തിയാക്കിയത്‌. വനിതകളിൽ പ്രിയങ്കാ ഗോസ്വാമി 24–ാമതായി. വനിതകളുടെ 1500 മീറ്റർ ഹീറ്റ്‌സിൽ പൂജ പതിനൊന്നാം സ്ഥാനത്താണ്‌ പൂർത്തിയാക്കിയത്‌. ഇന്ന്‌ ആറ്‌ ഫൈനലുകൾ നടക്കും. പുരുഷ ഹൈജമ്പ്‌ യോഗ്യതാ റ‍ൗണ്ടിൽ സർവേഷ്‌ കുഷാരെയും പുരുഷ 10000 മീറ്ററിൽ ഗുൽവീർ സിങ്ങും ഇന്ത്യക്കായി ഇറങ്ങും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home