ഒറ്റലാപ്പിൽ മിന്നൽ ; വനിതകളുടെ 400ൽ ചരിത്രത്തിലെ മികച്ച രണ്ടാമത്തെ സമയം

വനിതകളുടെ 400 മീറ്ററിൽ അമേരിക്കയുടെ സിഡ്‌നി മക്‌ലോഫ്‌ലിൽ ലെവ്‌റോൺ മീറ്റ് റെക്കോഡോടെ സ്വർണം നേടുന്നു

Sports Desk
Published on Sep 19, 2025, 03:41 AM | 1 min read
ടോക്യോ
ഒറ്റലാപ്പിൽ ചരിത്രത്തിലെ മികച്ച രണ്ടാമത്തെ സമയവുമായി അമേരിക്കയുടെ സിഡ്‌നി മക്‌ലോഫ്‌ലിൽ ലെവ്‌റോൺ. വനിതകളുടെ 400 മീറ്ററിൽ 47.78 സെക്കൻഡിലാണ് സിഡ്‌നി ലോക ചാമ്പ്യനായത്. നാല് വർഷം മുമ്പ് 400 മീറ്റർ ഹർഡിസിൽ റെക്കോഡിട്ട ഇരുപത്താറുകാരി 400 മീറ്റർ ഓട്ടത്തിലും തകർപ്പൻ പ്രകടനമാണ് നടത്തിയത്.
ഒളിമ്പിക് ചാമ്പ്യൻ ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ മേരിലെയ്‌ദി പൗളീന്യോയും 2019ലെ ലോക ചാമ്പ്യൻ സൽവ ഇൗദ് നാസെറുമായിരുന്നു നാനൂറിൽ സിഡ്‌നിക്കൊപ്പം ഫൈനലിന് വീര്യം പകർന്നത്. മത്സരം വാശിയേറിയതായി. അവസാന 100 മീറ്ററിലായിരുന്നു അമേരിക്കക്കാരിയുടെ കുതിപ്പ്. വെറും 0.41 സെക്കൻഡാണ് മൂന്ന് മെഡൽ ജേതാക്കളെയും വേർതിരിച്ചത്. പൗളീന്യോ 47.98ൽ വെള്ളിയും സൽവ 48.19 സെക്കൻഡിൽ വെങ്കലവും സ്വന്തമാക്കി. ചരിത്രത്തിൽ ആദ്യമായാണ് ആദ്യ രണ്ട് സ്ഥാനക്കാർ 48 സെക്കൻഡിൽ താഴെ ഓടുന്നത്.
1985ൽ പശ്‌ചിമ ജർമനിയുടെ മറീറ്റ കോച്ച് കുറിച്ച 47.60 സെക്കൻഡാണ് റെക്കോഡ്. നാല് പതിറ്റാണ്ടിനുശേഷമാണ് 48 സെക്കൻഡിൽ താഴെ പ്രകടനമുണ്ടാകുന്നതും. പുരുഷ നാനൂറിൽ ബോട്‌സ്വാനയുടെ ബുസാങ് കോളെങ് കെബിനാത്‌ഷിപി 43.53 സെക്കൻഡിൽ ചാമ്പ്യനായി.
വനിതകളുടെ ട്രിപ്പിൾ ജമ്പിൽ ക്യൂബയുടെ ലെയണിസ് പെരെസ് ഹെർണാണ്ടസ് 14.94 മീറ്റർ ചാടി സ്വർണം നേടി. പുരുഷ 200 മീറ്ററിൽ ഇന്ത്യയുടെ അനിമേഷ് കുജുർ ഹീറ്റ്‌സിൽ അവസാന സ്ഥാനത്തായി. ഇന്ന് അഞ്ച് ഇനങ്ങളിൽ ഫൈനൽ നടക്കും.










0 comments