ad
Deshabhimani

പുരുഷ നൂറിൽ ജമൈക്കയുടെ ഒബ്ലിക്‌ സെവിൽ വനിതകളിൽ അമേരിക്കയുടെ ജെഫേഴ്‌സൺ വുഡെൻ

സെവിൽ വുഡെൻ ; ട്രാക്കിൽ തീ

athletics

മെലീസ്‌ ജെഫേഴ്‌സൺ വുഡെൻ / ഒബ്ലിക്‌ സെവിൽ

വെബ് ഡെസ്ക്

Published on Sep 15, 2025, 12:04 AM | 2 min read

ടോക്യോ

ലോകത്തെ അതിവേഗക്കാരിൽ രണ്ട്‌ പുതിയ ചാമ്പ്യൻമാർ. പുരുഷന്മാരിൽ ജമൈക്കയുടെ സ്‌പ്രിന്റ്‌ ചരിത്രത്തിന്‌ തിളക്കം നൽകി ഒബ്ലിക്‌ സെവിൽ എന്ന ഇരുപത്തിനാലുകാരൻ വേഗവര പിന്നിട്ടു. വനിതകളുടെ 100 മീറ്ററിൽ അമേരിക്കയുടെ മെലീസ്‌ ജെഫേഴ്‌സൺ വുഡെനാണ്‌ അതിവേഗക്കാരി. ചരിത്രത്തിലെ മികച്ച നാലാമത്തെ സമയമാണ്‌ ഇരുപത്തിനാലുകാരി ടോക്യോയിലെ നാഷണൽ സ്‌റ്റേഡിയത്തിൽ കുറിച്ചത്‌.


ഇതിഹാസ താരം യുസൈൻ ബോൾട്ടിനെ സാക്ഷിയാക്കിയായിരുന്നു സെവിൽ മിന്നലായത്‌. ബോൾട്ടിനുശേഷം നൂറിൽ ലോക ചാമ്പ്യനാകുന്ന ആദ്യ ജമൈക്കക്കാരനാണ്‌ സെവിൽ. 9.77 സെക്കൻഡിലായിരുന്നു നേട്ടം. ഒരുപതിറ്റാണ്ടിനുശേഷമാണ്‌ ജമൈക്കയുടെ നേട്ടം. വെള്ളിയും കരീബിയൻ രാജ്യത്തിനാണ്‌. 9.82 സെക്കൻഡിൽ കിഷാനെ തോംപ്‌സൺ രണ്ടാമതെത്തി. നിലവിലെ ചാമ്പ്യനായ അമേരിക്കയുടെ നോഹ ലെയ്‌ൽസ്‌ 9.89 സെക്കൻഡിൽ വെങ്കലം നേടി. 200 മീറ്റർ ഒളിമ്പിക്‌സ്‌ ബോട്‌സ്വാനിയയുടെ ലെറ്റ്‌സിൽ ടെബോഗോ‍ ഫ‍ൗൾ സ്‌റ്റാർട്ടിൽ പുറത്താകുകയായിരുന്നു.


സെമിയിൽതന്നെ സെവിൽ നയം വ്യക്തമാക്കിയിരുന്നു. മൂന്നാം ഹീറ്റ്‌സിൽ 9.86 സെക്കൻഡിൽ ഒന്നാമത്‌. രണ്ടാം ഹീറ്റ്‌സിൽ 9.85 സെക്കൻഡിൽ ഓടിയ അമേരിക്കയുടെ കെന്നെത്‌ ബെദ്‌നാറെകും തോംപ്‌സണുമായിരുന്നു സെമിയിൽ മികച്ച സമയം കുറിച്ചത്‌.

ഫൈനലിൽ ഏഴാം ട്രാക്കിലായിരുന്നു സെവിൽ. അവസാന മുപ്പത് മീറ്ററിൽ ലെയ്‌ൽസും തോംപ്‌സണും ബെദ്‌നാറെകും ഉൾപ്പെടെ നാലുപേരെ പിന്നിലാക്കി കുതിക്കുകയായിരുന്നു.

തന്റെ പിൻഗാമിയെന്ന്‌ സാക്ഷാൽ ബോൾട്ടുതന്നെ വാഴ്‌ത്തിയ സെവില്ലിന്‌ പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാൻ പലപ്പോഴും കഴിഞ്ഞിരുന്നില്ല. ഇ‍ൗ വർഷം ലെയ്‌ൽസിനെ രണ്ടുതവണ കീഴടക്കിയാണ്‌ പ്രതീക്ഷ പകർന്നത്‌. ആഗസ്‌തിൽ ലോസെനിൽ നടന്ന ഡയമണ്ട്‌ അത്‌ലറ്റിസിമയിലായിരുന്നു മിന്നുന്ന പ്രകടനം. കനത്ത മഴയെ അവഗണിച്ച്‌ ഓടിയ ജമൈക്കക്കാരൻ ലെയ്‌ൽസിനെ പിന്നിലാക്കി 9.87 സെക്കൻഡിലാണ്‌ ചാമ്പ്യനായത്‌. 9.58 സെക്കൻഡിലാണ്‌ ബോൾട്ടിന്റെ ലോക റെക്കോഡ്‌.


വനിതകളിൽ അസാമാന്യ കുതിപ്പായിരുന്നു വുഡെന്റേത്‌. ഒളിമ്പിക്‌സ്‌ വെങ്കല മെഡൽ ജേതാവായ വുഡെൻ ഇ‍ൗ വർഷത്തെ ഏറ്റവും മികച്ച സമയം കുറിച്ചാണ്‌ ടോക്യോയിൽ എത്തിയത്‌. ജമൈക്കയുടെ ടി ക്ലെയ്‌റ്റണെയും ഒളിമ്പിക്‌ ചാമ്പ്യൻ സെന്റ്‌ ലൂസിയയുടെ ജൂലിയൻ ആൽ-ഫ്രെ-ഡിനെയും പിന്നിലാക്കിയാണ്‌ സ്വർണം. 10.61 സെക്കൻഡിലാണ്‌ നേട്ടം. ചാമ്പ്യൻഷിപ്‌ റെക്കോഡിനൊപ്പമെത്തി. ക്ലെയ്‌റ്റൺ 10.76 സെക്കൻഡിൽ വെള്ളി നേടിയപ്പോൾ ആൽഫ്രെഡ്‌ 10.84 സെക്കൻഡിൽ വെങ്കലവും നേടി. സ്‌പ്രിന്റിലെ ഇതിഹാസതാരം ജമൈക്കയുടെ ഷെല്ലി ആൻഫ്രേസർ പ്രൈസി 11.03 സെക്കൻഡിൽ ആറാം സ്ഥാനത്ത്‌ പൂർത്തിയാക്കി.


അമേരിക്ക കുതിക്കുന്നു

ടോക്യോ

ലോക അത്‌ലറ്റിക്‌സിന്റെ രണ്ടാംദിനവും അമേരിക്കയ്‌ക്ക്‌ മുന്നേറ്റം. അഞ്ച്‌ സ്വർണവും ഒരു വെള്ളിയും. രണ്ട്‌ സ്വർണവുമായി കെനിയയാണ്‌ രണ്ടാമത്‌. ഒരു സ്വർണവും രണ്ട്‌ വെള്ളിയുമായി ജമൈക്ക മൂന്നാമതുണ്ട്‌.

രണ്ടാംദിനം വനിതകളുടെ ലോങ്‌ ജന്പിൽ താര ഡേവിസ്‌ വുഡ്‌ഹാൾ അമേരിക്കയ്‌ക്കായി സ്വർണം നേടി (7.13 മീറ്റർ). വനിതാ മാരത്തണിൽ കെനിയയുടെ പെറെസ്‌ ജെപ്‌ചിർചിർ (2:24:43) ആണ്‌ ചാമ്പ്യൻ. വനിതാ ഡിസ്‌കസ്‌ ത്രോയിൽ വലേറി ഓൾമാനും (69.48) സ്വർണം നേടി.

പുരുഷ പതിനായിരത്തിൽ ഫ്രാൻസിന്റെ ജിമ്മി ഗ്രെസിയെർ ഒന്നാമതെത്തി (28:55.77). അതേസമയം, മുൻ ലോക ചാമ്പ്യൻ നോർവെയുടെ യാക്കോബ്‌ ഇൻഗെർബ്രൈറ്റ്‌സെൺ പുരുഷ 1500 മീറ്ററിന്റെ ഹീറ്റ്‌സിൽ പുറത്തായി.

ഇന്ന്‌ അഞ്ച്‌ ഫൈനൽ നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home