ad
Deshabhimani

ജാവലിൻ ത്രോയിൽ നീരജ് ചോപ്ര ഇന്നിറങ്ങും

ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ് : ആറിൽ മിന്നി സർവേഷ്

World Athletics Championships 2025
വെബ് ഡെസ്ക്

Published on Sep 17, 2025, 12:05 AM | 1 min read


ടോക്യോ

ലോക വേദിയിൽ ആറാമനായി തിളങ്ങി ഇന്ത്യയുടെ സർവേഷ്‌ കുഷാരെ. പുരുഷന്മാരുടെ ഹൈജമ്പിൽ 2.28 മീറ്ററാണ്‌ മുപ്പതുകാരൻ താണ്ടിയത്‌. മെഡലിലെത്താൻ ഇ‍ൗ ഉയരം മതിയായില്ല. ലോക അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ് ഹൈജമ്പിൽ ഫൈനലിലെത്തിയ ആദ്യ ഇന്ത്യക്കാരനാണ്‌. മെഡൽപ്പോരിൽ മറികടന്ന ഉയരം മഹാരാഷ്‌ട്രക്കാരന്റെ മികച്ചതാണ്‌.


13 അത്‌ലീറ്റുകൾ അണിനിരന്ന മത്സരത്തിൽ കുഷാരെ ആദ്യം മറികടന്നത്‌ 2.20 മീറ്റർ. തുടർന്ന്‌ 2.24 മീറ്ററും 2.28 മീറ്ററും താണ്ടി. 2.31 മീറ്റർ ശ്രമിച്ചെങ്കിലും സാധ്യമായില്ല. ന്യൂസിലൻഡിന്റെ ഹമീഷ്‌ കെർ 2.36 മീറ്റർ ചാടി സ്വർണം കരസ്ഥമാക്കി. ദക്ഷിണകൊറിയയുടെ സംഗ്‌യോക്‌ വൂ 2.34 മീറ്ററുമായി രണ്ടാമതായി. ചെക്ക്‌ താരം യാൻ സ്‌റ്റെഫലയുടെ വെങ്കല ഉയരം 2.31 മീറ്ററാണ്‌. ഇ‍ൗ ഉയരം ചാടാൻ കുഷാരെ മൂന്ന്‌ തവണ ശ്രമിച്ചെങ്കിലും സാധിച്ചില്ല.


ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ നീരജ്‌ ചോപ്ര ഇന്ന്‌ ജാവലിൻ ത്രോയിൽ ഫൈനൽ ലക്ഷ്യമിട്ട്‌ മത്സരിക്കുന്നു. പകൽ 3.40ന്‌ മത്സരം തത്സമയം കാണാം. നിലവിലെ ചാമ്പ്യനായ നീരജിനൊപ്പം സച്ചിൻ യാദവ്‌, രോഹിത്‌ യാദവ്‌, യാഷ്‌വീർ സിങ് എന്നിവരുണ്ട്‌. നാല്‌ ഇന്ത്യക്കാർ ജാവലിൻ ത്രോയിൽ മത്സരിക്കുന്നത്‌ ആദ്യമാണ്‌. 37 ഏറുകാരെ രണ്ട്‌ ഗ്രൂപ്പായി തിരിച്ചാണ്‌ മത്സരം. 84.50 മീറ്ററാണ്‌ ഫൈനലിലെത്താനുള്ള ദൂരം. നീരജ്‌ 18 പേരുള്ള എ ഗ്രൂപ്പിലാണ്‌. ജൂലിയൻ വെബർ (ജർമനി), കെഷോൺ വാൽക്കോട്ട്‌ (ട്രിനിഡാഡ്‌), യാകൂബ്‌ വാദ്‌ലെ (ചെക്ക്‌) എന്നീ പ്രമുഖരും ഇ‍ൗ ഗ്രൂപ്പിലുണ്ട്‌. ഒളിമ്പിക്‌ ചാമ്പ്യൻ പാകിസ്ഥാന്റെ അർഷാദ്‌ നദീം 18 പേരുള്ള എ ഗ്രൂപ്പിലാണ്‌. 12 പേർക്ക്‌ അവസരമുള്ള ഫൈനൽ നാളെ പകൽ 3.50ന്‌.


പുരുഷന്മാരുടെ ട്രിപ്പിൾജമ്പിൽ മലയാളിയായ അബ്ദുള്ള അബൂബക്കറും പ്രവീൺ ചിത്രവേലും ഇന്ന്‌ യോഗ്യതാ മത്സരത്തിനിറങ്ങും. പകൽ 3.35നാണ്‌ മത്സരം. 18 പേരുള്ള ഗ്രൂപ്പ്‌ എയിലാണ്‌ കോഴിക്കോട്‌ നാദാപുരം സ്വദേശിയായ അബ്ദുള്ള. ഫൈനലിലെത്താൻ 17.10 മീറ്റർ ചാടണം. അബ്ദുള്ളയുടെ മികച്ച ദൂരം 17.19 മീറ്റർ. പ്രവീൺ ബി ഗ്രൂപ്പിലാണ്‌. മികച്ച ദൂരം 17.37 മീറ്റർ. ഫൈനൽ നാളെയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home